കമ്പളക്കാട്/സ്റ്റാഫ് റിപ്പോർട്ടർ: വയനാട്ടിലെ കമ്പളക്കാട്ട്, കൃത്യമായി പറഞ്ഞാൽ ഒന്നാം മൈൽ പൂളക്കൊല്ലിയിൽ തീരെ ചെറിയൊരു വീടുണ്ട്; ആ വീടിനിപ്പോൾ ഒരേയൊരു സ്വരമേയുള്ളൂ– ഖൽബ് തേങ്ങുന്ന പ്രാർത്ഥനയുടെ സ്വരം! ഫെബ്രുവരി 9 വ്യാഴാഴ്ച കോടതി ഒരിക്കൽ കൂടി യു. എ. പി. എ ആറു മാസത്തേക്ക് ആ വീട്ടിനന്യമാക്കിയ ഹനീഫ് എന്ന ചെറുപ്പക്കാരന്റെ ജാമ്യത്തിനുള്ള അപേക്ഷ പരിഗണിക്കുകയാണ്. മൂന്നു മാസം മുമ്പ് തള്ളപ്പെട്ട അപേക്ഷ ഒരിക്കൽ കൂടി നീതി പാലകരുടെ വാതിലിൽ മുട്ടുമ്പോൾ, നിരപരാധിയുടെ നിലവിളി ഇത്തവണയെങ്കിലും വെറുതെയാകരുതേ എന്ന മനമുരുകിയ തേട്ടവുമായി ഹനീഫിന്റെ ഉമ്മയും ഭാര്യയും സഹോദരങ്ങളും ഇവിടെയുണ്ട്.
ഹനീഫ് മൗലവിയുടെ അറസ്റ്റിന് ആധാരമായ മൊഴി നൽകിയ പടന്നക്കാരൻ മജീദ് തന്റെ മൊഴി അടിസ്ഥാനരഹിതമാണെന്ന് മീഡിയയോട് പിന്നീട് പറഞ്ഞിരുന്നു. കോടതിയിലും മുംബൈ പോലീസിലും മുംബൈയിലെ എൻ. ഐ. എ ആസ്ഥാനത്തും അത് പ്രതിഫലിക്കാനുള്ള കാത്തിരിപ്പ് ഇതുവരെ സഫലമായിട്ടില്ല. ഇന്നെങ്കിലും അത് സംഭവിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ഒരു കുടുംബം.
2016 ഓഗസ്റ് 14ന് രാത്രി രാജ്യം സ്വാതന്ത്യദിനാഘോഷങ്ങൾക്ക് ആർഭാടപൂർവം ഒരുങ്ങുമ്പോഴാണ് ഹനീഫ് എന്ന ഇരുപത്തിയെട്ടുകാരന്റെ സ്വാതന്ത്ര്യത്തിന് ഇനിയുമഴിഞ്ഞിട്ടില്ലാത്ത വിലങ്ങുമായി കണ്ണൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് കേരളാ പോലീസിന്റെ ഒരു പ്രതിനിധി തലശ്ശേരി പെരിങ്ങത്തൂരിനടുത്ത പുല്ലൂക്കരയിലെത്തുന്നത്. അവിടെ പള്ളിയിൽ ജോലി ചെയ്തിരുന്ന ഹനീഫ് മൗലവിയും സഹോദരൻ ദർസ് വിദ്യാർത്ഥിയായ അഹ്മദ് കബീറും എന്തോ ആവശ്യത്തിന് അങ്ങാടിയിൽ പോയ സമയത്ത് പള്ളിയിൽ ഹനീഫിനെ അന്വേഷിച്ച് പൊലീസുകാരൻ എത്തുകയായിരുന്നു. ചില ചോദ്യങ്ങൾ ചോദിക്കാൻ മാത്രമാണെന്നും ഉടൻ മടങ്ങിവരാമെന്നും പറഞ്ഞ അയാളുടെ കൂടെ കണ്ണൂരിലെ സ്റ്റേഷനിലേക്കു പോയ ജ്യേഷ്ഠന്റെ കഥ പറയുമ്പോൾ കബീറിന്റെ കണ്ണ് ഇപ്പോഴും നനയുന്നുണ്ട്. രാത്രി പതിനൊന്നോടുകൂടി പൊലീസുകാരന്റെ കൂടെ പോയ ഹനീഫ് വസ്ത്രങ്ങൾ എടുക്കാനാണെന്ന് പറഞ്ഞ് ഒരിക്കൽ കൂടി പള്ളിയിൽ വന്നിരുന്നു. പിന്നെയും സ്റ്റേഷനിലേക്ക് തന്നെ പോയി. ചോദ്യം ചെയ്യാനാണെന്ന് പറഞ്ഞ് കൊണ്ടുപോയ ആൾ തിരിച്ചെത്താത്തതിനെക്കുറിച്ചന്വേഷിക്കാൻ സ്റ്റേഷനിലെത്തിയ ബന്ധുവാണ് അറസ്റ്റിന്റെ വിവരം അറിയുന്നത്. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും കണ്ണൂർ സ്റ്റേഷനിലും ഇപ്പോൾ ഹനീഫ് ഇല്ലെന്ന വിവരം കിട്ടി.
തുടരന്വേഷണങ്ങൾ ഹനീഫിന്റെ ബന്ധുക്കളെ നയിച്ചത് മുംബൈയിലേക്കാണ്. യു. എ. പി. എ കരിനിയമം ചുമത്തി എൻ. ഐ. എ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും മുംബൈ ജയിലിൽ നിന്ന് മൂന്നു മാസമെങ്കിലും കഴിയാതെ ജാമ്യം പോലും ലഭിക്കില്ലെന്നും മനസ്സിലായപ്പോഴാണ് കുടുംബം ശരിക്കും തകർന്നുപോയത്. ഹനീഫിന്റെ വിവാഹം കഴിഞ്ഞ് ആറു മാസത്തോളം മാത്രമേ ആ സമയത്ത് ആയിട്ടുള്ളൂ. ഭാര്യ ഗർഭിണിയായിരുന്നു. ഇപ്പോൾ അവർ പ്രസവിക്കാനടുത്തിരിക്കുന്നു. മൂന്നു മാസം കഴിഞ്ഞും ജാമ്യം ലഭിച്ചില്ല. ഇപ്പോൾ ആറു മാസമായി. ഇനിയെങ്കിലും നീതി സൂര്യൻ പുലരുമോ എന്നാണ് ദുഃഖം തളം കെട്ടി നിൽക്കുന്ന ഈ കൊച്ചു ഗൃഹത്തിന്റെ ഓരോ ചുമരും ചോദിക്കുന്നത്.
ഹനീഫ് ജയിലിലാണെന്ന വിവരം ഉമ്മയിൽ നിന്ന് ബന്ധുക്കൾ തുടക്കത്തിൽ മറച്ചുവെച്ചു. പിന്നീടവർ അത് ചുറ്റുമുള്ളവരുടെ അടക്കം പറച്ചിലുകളിൽ നിന്ന് മനസ്സിലാക്കി. ‘ഇൻക്ക് ഇപ്പം ഒരു സമാധാനും ഇല്ല കുട്ട്യേ!’, തട്ടം ശരിയാക്കി അവർ പറഞ്ഞൊപ്പിക്കുമ്പോൾ ആശ്വസിപ്പിക്കാനാകാതെ നാം കുഴങ്ങുന്നു. ‘ഇന്നെങ്കിലും ഓനൊന്ന് രക്ഷപ്പെട്ടാൽ മത്യേനി; വേറൊന്നും ഇൻക്ക് മാണ്ട.’ അതെ, ഒരു പെണ്ണിന്റെ ജീവിതാഭിലാഷം മുഴുവൻ ഒരു മകന്റെ മോചനത്തിലേക്ക് ചുരുങ്ങുകയാണ്. നാമെന്താണ് ആ ഉമ്മയോട് പറയുക?
രണ്ടുമൂന്നു തവണ ഹനീഫിന്റെ ഒരു സഹോദരൻ മുംബൈ ജയിലിൽ പോയി അദ്ദേഹത്തെ കാണാൻ ശ്രമിച്ചു. ഒരു ചില്ലിലൂടെ അൽപസമയം നോക്കിനിൽക്കാൻ സമ്മതിച്ചു അധികൃതർ. നേർക്കുനേരെ കാണാനോ സംസാരിക്കാനോ അനുവാദമില്ല. ജയിൽ ഫോണിൽ സന്ദർശകർക്ക് ഏതാനും വാക്കുകൾ കൈമാറാം. രണ്ടു തവണ ജയിലിൽ നിന്ന് ഹനീഫ് വീട്ടിലേക്ക് കത്തയച്ചു. അതിൽ ഒന്ന് വീട്ടിലെത്തി. മറ്റേതിന് എന്തു പറ്റിയെന്നറിയില്ല. ഈ കത്ത് മാത്രമാണ് പള്ളിയിൽ നിന്ന് പൊലീസ് വിളിച്ചുകൊണ്ടുപോയ ശേഷം വീട്ടുകാർക്ക് ലഭിച്ച ഒരേയൊരു സന്ദേശം. ജയിൽ മേൽവിലാസത്തിൽ ഒരു കത്ത് വീട്ടുകാർ ഹനീഫിനും അയച്ചിരുന്നുവെന്ന് അഹ്മദ് കബീർ പറഞ്ഞു.
ഇ. റ്റി. മുഹമ്മദ് ബശീർ എം. പി, ജോലി ചെയ്തിരുന്ന പള്ളിയുടെ ഭാരവാഹികൾ, ബോംബെയിൽ ഹോട്ടൽ നടത്തുന്ന ചില പടന്ന സ്വദേശികൾ- ഇവരാണ് ഹനീഫിന്റെ അന്യായ തടവ് നീക്കാൻ ഇടപെടലുകൾ നടത്തുന്നത്. ജാമ്യത്തുകയും വക്കീൽ ഫീസുമെല്ലാമായി നല്ലൊരു തുക ഇവർ കണ്ടെത്തേണ്ടി വരുന്നുണ്ട്. അടിസ്ഥാനമില്ലാത്തതെന്ന് മൊഴി നൽകിയ ആൾക്ക് പോലും സമ്മതിക്കേണ്ടിവന്ന ഒരു പരാതിയുടെ പേരിൽ ഒരു ചെറുപ്പക്കാരൻ ഭീകരമുദ്രകൾ പേറി പീഡിപ്പിക്കപ്പെടാൻ തുടങ്ങിയിട്ട് ആറു മാസമായിട്ടും കുടുംബത്തിന് ഐക്യദാർഢ്യവുമായി വീട്ടിൽ ചെന്ന് സമാശ്വാസ വാക്കുകൾ പറയാൻ പോലും ഇതുവരെ കാര്യമായി ആരുമുണ്ടായില്ലെന്നത് സത്യം. പ്രാർത്ഥനകൾകൊണ്ടെങ്കിലും ഇവരുടെ കൂടെ നിൽക്കാൻ നമുക്കാകുമോ ? ജാമ്യം എന്ന പരിമിതമായ സ്വാതന്ത്ര്യം സാക്ഷാൽകൃതമാകാനെങ്കിലുമുള്ള പ്രാർത്ഥന!