മാധ്യമം ദിനപത്രം മുപ്പതാം വയസ്സിലേക്ക്

മുസ്‌ലിം ഉടമസ്ഥതയിലുള്ള മലയാളീ വൃത്താന്തപത്രങ്ങളില്‍ കുറഞ്ഞ കാലംകൊണ്ട് പുരോഗതിയുടെ വന്‍ദൂരം താണ്ടിയ ‘മാധ്യമം’ മുപ്പതാം വയസ്സിലേക്ക് പ്രവേശിക്കുന്നു. 1987ല്‍ ആരംഭിച്ച ദിനപത്രത്തിന്റെ മുപ്പതാം വാര്‍ഷികാഘോഷങ്ങള്‍ തിരുവനന്തപുരത്ത് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഒക്‌ടോബര്‍ 27 ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. പത്രത്തിന്റെ ജന്മം മുതല്‍ക്കുതന്നെ അതിന്റെ അണിയറയിലുള്ള ഒ.അബ്ദുര്‍റഹ്മാന്‍, വി.കെ ഹംസ അബ്ബാസ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. സ്വന്തമായി നല്ല പ്രചാരമുള്ള ഒരു സാംസ്‌കാരിക വാരികയും (മാധ്യമം ആഴ്ചപ്പതിപ്പ്) ചാനലും (മീഡിയ വണ്‍) ഇപ്പോള്‍ മാധ്യമം കുടുംബത്തിനുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ തിരുവനന്തപുരത്തുനിന്ന് വക്കം അബ്ദുല്‍ ക്വാദില്‍ മൗലവിയുടെ ഉടമസ്ഥതയില്‍ കെ.രാമകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന ‘സ്വദേശാഭിമാനി’യാണ് കേരളത്തില്‍ മുസ്‌ലിം മൂലധനത്തില്‍ ആരംഭിച്ച വര്‍ത്തമാന പത്രങ്ങളില്‍ ആദ്യമായി ലബ്ദപ്രതിഷ്ഠ നേടിയത്. ഇരുപതുകളില്‍ പുറത്തുവന്ന മുഹമ്മദ് അബ്ദുര്‍റഹ്മാന്റെ ‘അല്‍ അമീന്‍’, ഒരു കാലഘട്ടത്തിന്റെ തീജ്വാലയായിരുന്നു. മുപ്പതുകളില്‍ തലശ്ശേരിയില്‍ നിന്ന് കെ.എം സീതി സാഹിബ് ആരംഭിച്ച ‘ചന്ദ്രിക’യാണ് പിന്നീട് കോഴിക്കോട്ടെത്തുകയും മുസ്‌ലിം ലീഗ് മുഖപത്രമായിത്തീരുകയും ദിനപത്രമായി വളരുകയുമെല്ലാം ചെയ്തത്. കേരളത്തില്‍ നിലനില്‍ക്കുന്ന ഏറ്റവും പഴക്കമുള്ള മുസ്‌ലിം ദിനപത്രം ‘ചന്ദ്രിക’യാണ്. 1984ല്‍ മാധ്യമം ജനിക്കുന്നതിനു മുമ്പാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുമായി ബന്ധപ്പെട്ടവര്‍ ‘സിറാജ്’ ആരംഭിച്ചത്. പത്രം പിന്നീട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നിയന്ത്രണത്തിലായി.

മാനകമലയാളം മുസ്‌ലിംകള്‍ക്ക് അനഭിലഷണീയമാണെന്ന് കരുതിയിരുന്ന യാഥാസ്ഥിതിക വീക്ഷണക്കാരോട് പോരാടുകയും ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയ ആധുനിക രാഷ്ട്രീയ മൂല്യങ്ങളോട് ഇഴചേര്‍ന്നു നില്‍ക്കാന്‍ മുസ്‌ലിംകളെ പ്രേരിപ്പിക്കുകയും ചെയ്ത കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പശ്ചാത്തലമുള്ളവരായിരുന്നു സ്വദേശാഭിമാനിയുടെയും അല്‍ അമീനിന്റെയും ചന്ദ്രികയുടെയും സ്ഥാപകര്‍. യാഥാസ്ഥിതിക പക്ഷത്തിന്റെ ഭാഷാവിമുഖത തള്ളി ശുദ്ധ മലയാളത്തില്‍ ‘പ്രബോധനം’ എന്ന പേരില്‍ വാരികയാരംഭിക്കുകയാണ് പ്രവര്‍ത്തനാരംഭത്തില്‍ തന്നെ കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി ചെയ്തത്. എന്നാല്‍ ഇന്‍ഡ്യന്‍ ജനാധിപത്യത്തോടും മതനിരപേക്ഷതയോടും സഹകരിക്കുന്നതും അവയെ അംഗീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതും പാപമാണെന്ന് സംഘടന വാദിച്ചു. അതുകൊണ്ടു തന്നെ, അല്‍ അമീന്‍ ഒരു കാലത്ത് നിര്‍വഹിച്ച ദൗത്യത്തോടോ ചന്ദ്രിക നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ദൗത്യത്തോടോ 1948ല്‍ ജമാഅത്തിന്റെ കേരളഘടകം രൂപീകരിക്കാന്‍ മുന്‍കയ്യെടുത്ത നേതാക്കള്‍ക്ക് മമതയുണ്ടായിരുന്നില്ല. 1975ല്‍ അടിയന്തിരാവസ്ഥക്കാലത്ത് സംഘടന നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഷ്ട്രീയത്തോടുള്ള അയിത്തം സംഘടന അവസാനിപ്പിക്കണമെന്ന വീക്ഷണം പല നേതാക്കളും മുന്നോട്ടുവെച്ചു. നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നത് നിഷിദ്ധമാണെങ്കിലും പ്രസ്ഥാനത്തിന് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതിന് മതപരമായ തടസ്സങ്ങളില്ലെന്ന പുതിയ നിലപാടിന്റെ അമൂര്‍ത്തമായ ബീജാവാപം നടന്നത് ഈ കാലത്താണ്.

അടിയന്തിരാവസ്ഥയ്ക്ക് തൊട്ടുടനെയുള്ള പതിറ്റാണ്ടുകളില്‍ ഡോ. നജാതുല്ലാ സിദ്ധീക്വിയെ പോലുള്ളവരുടെ ഇവ്വിഷയകമായ പുനരാലോചനകള്‍ സംഘടനാവൃത്തങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ജമാഅത്തിന്റെ ഈ പരിവര്‍ത്തന ഘട്ടത്തിലാണ് അതിന്റെ മുന്‍കയ്യില്‍ ‘മാധ്യമം’ പിറക്കുന്നത്. പ്രൊഫഷണലിസം കൊണ്ടും കഠിനാധ്വാനം   കൊണ്ടും മറ്റ് മുസ്‌ലിം പത്രങ്ങളെ പിറകിലാക്കുന്ന വളര്‍ച്ച മാധ്യമം നേടി. എന്നാല്‍ പത്രമുണ്ടാക്കിയ ഇംപാക്ട് പ്രതിലോമപരമായിരുന്നു എന്ന വിമര്‍ശനം നിരീക്ഷകരില്‍ പലരും പങ്കുവെച്ചിട്ടുണ്ട്. മുസ്‌ലിം സമുദായത്തിന് തണലായി നില്‍ക്കുന്ന എസ്റ്റാബ്ലിഷ്‌മെന്റുകളെക്കുറിച്ച് ചെറുപ്പക്കാരില്‍ അവമതിപ്പ് വളര്‍ത്തും വിധമാണ് വാര്‍ത്തകളും ഫീച്ചറുകളും പലപ്പോഴും ക്രമീകരിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുസ്‌ലിം ലീഗ്, സമസ്ത, മുജാഹിദ് സംഘടനകള്‍ എന്നിവയുടെ സംരംഭങ്ങളും നേതാക്കളും പലപ്പോഴും മാധ്യമത്തിന്റെ ‘ആക്രമണ’ ലക്ഷ്യമായി. അക്ഷരങ്ങള്‍ക്ക് അങ്ങനെ കൈവന്ന ‘എരിവ്’ സര്‍ക്കുലേഷന്‍ വര്‍ദ്ധിക്കാനും നിമിത്തമായി. ജെ.ഡി.ടി ഇസ്‌ലാം അനാഥശാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഹസന്‍ ഹാജിയെ ക്രൂരമായി കടന്നാക്രമിച്ച മാധ്യമപരമ്പര സമുദായത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. മുസ്‌ലിം ലീഗിനോടുള്ള വിയോജിപ്പുകള്‍ മഅ്ദനിയുടെ തീവ്രപ്രഭാഷണങ്ങളെ പ്രൊമോട്ട് ചെയ്യാന്‍ മാത്രം മാധ്യമത്തെ ഒരു കാലഘട്ടത്തില്‍ അന്ധമാക്കി.

കേരളീയ പൊതുമണ്ഡലുമായി സജീവസമ്പര്‍ക്കമുണ്ടാക്കുക എന്ന ലക്ഷ്യമാണ് ജമാഅത്തെ ഇസ്‌ലാമി ‘മാധ്യമ’ത്തിലൂടെ പ്രധാനമായും നേടിയത്. ബുദ്ധിജീവികള്‍ക്കും സാഹിത്യകാരന്‍മാര്‍ക്കുമെല്ലാം പത്രത്തിന്റെ സ്‌പെയ്‌സ് അനുവദിച്ച് എഴുത്തുകാരുടെ വലിയൊരു നിരയെ പ്രസ്ഥാനത്തിന്റെ സഹയാത്രികാരായി നിറുത്താന്‍ കഴിഞ്ഞു. പി.കെ ബാലകൃഷ്ണന്‍ മുതല്‍ സി.രാധാകൃഷ്ണന്‍ വരെയുള്ളവര്‍ മാധ്യമത്തിന്റെ പത്രാധിപ കസേരകളില്‍ ഇരുന്നവരാണ്. കെ.എ സിദ്ധീക്വ് ഹസന്‍ ആയിരുന്നു ജമാഅത്ത് നേതൃനിരയില്‍ മാധ്യമത്തിന്റെ നട്ടെല്ലായി നിന്നത്. പത്രത്തിന്റെ രൂപീകരണ ആലോചനകളില്‍ നിര്‍ണായക സാന്നിദ്ധ്യമായിരുന്ന പ്രൊഫ. പി.കോയയെപോലുള്ളവരാണ് പില്‍ക്കാലത്ത് ‘തേജസ്’ എന്ന പേരില്‍ വേറെ ദിനപത്രം ആരംഭിച്ചത്. ജമാഅത്തിന്റെ തണലില്‍ പ്രവര്‍ത്തിച്ചിരുന്ന ‘സിമി’യുടെ ധിഷണയായിരുന്ന കോയ-ഇ.അബൂബക്കര്‍-ഇ.എം അബ്ദുര്‍റഹ്മാന്‍ അച്ചുതണ്ട് ജമാഅത്ത് സിമിയുമായി ബന്ധം വിച്ഛേദിച്ചതോടെ ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്ന് അകലുകയായിരുന്നു. അവരാണ് പിന്നീട് പോപ്പുലര്‍ ഫ്രണ്ട് ആരംഭിച്ചതും ‘തേജസ്’ പുറത്തിറക്കിയതുമെല്ലാം. പത്രത്തിന്റെ തുടക്കം മുതല്‍ അതിന്റെ ജീവനാഡിയായി ഇരുന്ന ഒ.അബ്ദുല്ല പിന്നീട് പുറത്താക്കപ്പെട്ടു. ഇതിനെച്ചൊല്ലി അബ്ദുല്ല മാധ്യമത്തിനെതിരെ നടത്തിയ തൂലികാ യുദ്ധത്തിന്റെ പുക ഇനിയും കെട്ടടങ്ങിയിട്ടില്ല. ഒ.അബ്ദുര്‍റഹ്മാന്റെ സഹോദരനാണ് അബ്ദുല്ല. പ്രബോധനം വാരികയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ തൂലികാപടവാളായാണ് അബ്ദുര്‍റഹ്മാന്റെ പത്രവപ്രവര്‍ത്തനം ആരംഭിക്കുന്നത്. അതേ സംഘടനാവീറ് ഇപ്പോഴുമുള്ളതുകൊണ്ട് ‘പൊതുവൃത്താന്തപത്രം’ എന്ന അവകാശവാദത്തിന് മങ്ങലേല്‍പിക്കുംവിധം പലപ്പോഴും മാധ്യമം എഡിറ്റോറിയല്‍ പേജില്‍ അദ്ദേഹത്തിന്റെ സുന്നി മുജാഹിദ് വിരുദ്ധ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. കെ.എം ഷാജിയോട് എ.ആര്‍ നടത്തിയ ‘ദ്വന്ദയുദ്ധം’ ജമാഅത്ത് തന്നെ ആക്ഷേപിക്കുന്ന ‘മതസംഘടനാ വാദിപ്രതിവാദ’ങ്ങളുടെ നിലവാരത്തിലുള്ളതായി പോയെന്ന് സംഘടനയുടെ വിദ്യാര്‍ത്ഥിയുവജനനിരയില്‍ പലരും വിചാരിക്കുന്നു.

കെ.സി അബ്ദുല്ല മൗലവിയുടെ ശിക്ഷണത്തില്‍ വളര്‍ന്നുവന്ന  ഒ. അബ്ദുര്‍റഹ്മാന്റെ വിചാരലോകം കാലഹരണപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നും അതിസൂക്ഷ്മ വിശകലനങ്ങള്‍ക്ക് ശേഷിയുള്ള റാഡിക്കല്‍ ആയ പുതിയ സാമൂഹിക ശാസ്ത്ര നിലപാടുകളുമായി അദ്ദേഹത്തിന് സമ്പര്‍ക്കമില്ലാത്തത് വലിയ പരിമിതിയാണെന്നും പല എസ്.ഐ.ഒ പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു. സംവരണത്തിന്റെ ആവശ്യമില്ലെന്നു പറഞ്ഞ് ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ അബ്ദുര്‍റഹ്മാന്‍ നടത്തിയ പരാമര്‍ശം എസ്.ഐ.ഒ വൃത്തങ്ങളുടെ കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ കോഴിക്കോട് നടന്നപ്പോള്‍ കൗണ്‍സിലിനെ ആഘോഷിക്കുംവിധം വാര്‍ത്തകള്‍ ക്രമീകരിച്ചതിനു പുറമെ ബി.ജെ.പി നേതാവിന്റെ ലേഖനം പ്രസിദ്ധീകരിക്കുകയും പത്രത്തിന്റെ അവസാന പേജില്‍ പാര്‍ട്ടി നല്‍കിയ ബഹുവര്‍ണ പരസ്യം നല്‍കുകയും ചെയ്ത് മാധ്യമം വായനക്കാരെ ഞെട്ടിച്ചിരുന്നു. ഇതിനെതിരെയും വിദ്യാര്‍ത്ഥി നിരയില്‍നിന്ന് വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. മാധ്യമം ഗ്രൂപ്പ്എഡിറ്റര്‍ എന്ന നിലയില്‍ അബ്ദുര്‍റഹ്മാന്‍ ഈ വിമര്‍ശനങ്ങളുടെയെല്ലാം ലക്ഷ്യമായി മാറുന്നു. മുപ്പതാം വാര്‍ഷികാഘോഷ പരിപാടികള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുമെന്നാണ് അറിയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *