പകുതിയും കഴിഞ്ഞു ഇനി പകുതിയും കഴിയും

റമദാന്‍,
നീ ക്വുര്‍ആനിന്റെ മാസം.
നീ വ്രതാനുഷ്ഠാനത്തിന്റെ മാസം.
നീ പാപമോചനത്തിന്റെ മാസം.
നീ ആത്മവിശുദ്ധിയുടെ മാസം.
നീ സ്വഭാവ സംസ്‌കരണത്തിന്റെ മാസം.
നീ പുണ്യസമൃദ്ധ മാസം.
നിന്റെ ഓരോ പകലിലും രാവിലും എത്രയെത്ര ദാസീദാസന്മാരാണ് അല്ലാഹുവിന്റെ ഔദാര്യത്താല്‍ നരകമുക്തി നേടി അനുഗൃഹീതരാകുന്നത്!
എത്രയെത്ര മുസ്ലിമുകളാണ് ഓരോ രാവും പകലും തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിച്ച് സായൂജ്യമടയുന്നത്!

റമദാനിന്റെ പകുതിയും വിടപറഞ്ഞിരിക്കുന്നു.
നന്മകളില്‍ നിന്നും നമുക്കൊരുപാട് വാരിക്കോരിത്തന്നാണ് വിടപറഞ്ഞിട്ടുള്ളത്.
ഇനിയുള്ളത് പകുതി മാത്രം! സ്വര്‍ഗ്ഗകവാടം ഇപ്പൊഴും തുറന്നിരിക്കുന്നുണ്ട്. നരകവാതിലുകള്‍ അടഞ്ഞു തന്നെ കിടക്കുകയാണ്. പിശാചും ബന്ധനസ്ഥനാണ്. പരമ പരിശുദ്ധനായ അല്ലാഹു അടിമകളുടെ പശ്ചാത്താപങ്ങള്‍ കേട്ട് മാപ്പുനല്‍കാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്.

റമദാനിന്റെ വിടപറഞ്ഞ പാതിയില്‍ കാര്യമായൊന്നും ചെയ്യാത്തവരുണ്ടെങ്കില്‍ ഇനിയുള്ള പാതിയില്‍ അവര്‍ മുണ്ടുമുറുക്കിയുടുക്കട്ടെ. എന്തുകൊണ്ടെന്നാല്‍, അവശേഷിക്കുന്ന പകുതിയും കഴിയും. അന്ന്, മാപ്പു ലഭിക്കാതെ, പുണ്യങ്ങള്‍ നേടാതെ, റയ്യാനിന്റെ പ്രതീക്ഷയില്ലാതെ ദൗര്‍ഭാഗ്യവാനായിത്തീരുന്ന അവസ്ഥ ആര്‍ക്കുമുണ്ടാകരുത്.

റമദാൻ സൽക്കർമ്മങ്ങളുടെ വിളനിലമാണ്. പ്രതിഫലങ്ങളുടെ പൂക്കളും കായ്കളും നിറഞ്ഞുലഞ്ഞു നിൽക്കുന്ന വലിയൊരു വൃക്ഷമാണ് റമദാൻ. അല്ലാഹുവിൻ്റെ ദാസീദാസന്മാർക്ക് ഹൃദയം നിറയുന്ന മാസം. വിശ്വാസികളെന്ന നിലയ്ക്ക് അമലുസ്വാലിഹാത്തുകൾ പ്രവർത്തിക്കുന്നുണ്ട് നാം. അവയിൽ നിർബന്ധകർമ്മങ്ങളുണ്ട്, ഐച്ഛികകർമ്മങ്ങളുമുണ്ട്.

അതേസമയം, ഇക്കാലമത്രയും ദീനറിവുകളായി പഠിച്ചെടുത്തവയെല്ലാം ജീവിതത്തിൽ പാലിക്കാൻ നമുക്കായിട്ടില്ല. പഠിച്ചറിഞ്ഞ അമലുകളിൽ എത്രയോ ഇനിയും തൊട്ടുനോക്കാൻ ബാക്കിയുണ്ട്. ഇനിയുള്ള റമദാന്‍ ദിനങ്ങള്‍ അതിന്നുള്ള അവസരമായി ഉപയോഗിക്കാനാകണം നമ്മുടെയൊക്കെ ശ്രദ്ധ.

നോമ്പിൻ്റെ ആരംഭത്തിലും അവസാനത്തിലുമുണ്ട് ശ്രദ്ധകൊടുക്കേണ്ട സൽപ്രവൃത്തികൾ. നോമ്പിനായി അത്താഴം കഴിക്കുന്നത് സുന്നത്താണ്, ആരാധനയാണ്. നിങ്ങൾ അത്താഴം കഴിക്കണം, അത്താഴത്തിൽ അനുഗ്രഹമുണ്ട് എന്ന് നബി(സ്വ) ഉപദേശിച്ചിട്ടുണ്ട്. നോമ്പു തുറക്കുന്നതിന് തിടുക്കം കാണിക്കുക, പ്രസ്തുത വേളയിൽ പ്രത്യേകം പ്രാർത്ഥനയിൽ മുഴുകുക എന്നീ കാര്യങ്ങളും സൽകർമ്മങ്ങളാണ്. നോമ്പു തുറക്കാൻ ശ്രദ്ധാപൂർവ്വം തിടുക്കം കാണിക്കുന്നിടത്തോളം ആളുകൾ ഖൈറിലായിരിക്കുമെന്ന് പ്രവാചകൻ്റെ പ്രസ്താവനയുണ്ട്.

നോമ്പെടുത്തവർക്ക് ഇഫ്താറൊരുക്കുക എന്നത് പുണ്യകർമ്മമാണ്. ഒരു നോമ്പുകാരനെ നോമ്പുതുറപ്പിച്ചവന്ന്, ആ നോന്പുകാരൻ്റേതായ പ്രതിഫലം ലഭിക്കുമെന്ന ഹദീസ് നാം മനസ്സിലാക്കിയിട്ടുള്ളതാണ്. തിന്നാലും തിന്നാലും തീരാത്ത വിഭവങ്ങളൊരുക്കുക എന്നതല്ല ഇഫ്താർ കൊണ്ടുദ്ദേശ്യം. അങ്ങനെ തെറ്റായി മനസ്സിലാക്കിയതുകൊണ്ടാണ് നമ്മളിലധികപേരും ഈ പുണ്യം ചെയ്ത് പ്രതിഫലം നേടാൻ പരിശ്രമിക്കാത്തത്.

നിർബന്ധ നമസ്കാരങ്ങളിൽ സമയനിഷ്ഠയും കൃത്യതയും ശീലിക്കുക. ഹൃദയസാന്നിധ്യത്തോടെ അവ നിർവ്വഹിക്കുക. വെറുക്കപ്പെട്ടതും നീചവുമായ പ്രവൃത്തികളിൽ നിന്നും, സ്വഭാവ നിലപാടുകളിൽ നിന്നും സുരക്ഷലഭിക്കാനാകും വിധം അവയെ ആത്മാർത്ഥമായി ചെയ്യുക. നമസ്കാരങ്ങൾക്ക് ശ്രദ്ധാപൂർവ്വം വുളു എടുക്കുക. വുളുവിന്നു ശേഷമുള്ള പ്രാർത്ഥന ചൊല്ലുക. ഓരോ നമസ്കാരത്തിനും ജമാഅത്തിനായി മസ്ജിദുകളിലെത്തുക. ബാങ്കിന് ചെവിയോർക്കുക. ബാങ്കിൻ്റെ പദങ്ങൾ ഏറ്റുചൊല്ലുക. പള്ളിയിലെത്തിയാലുള്ള തഹിയ്യത്ത് നമസ്കാരം മറന്നു പോകാതിരിക്കുക. നമസ്കാരങ്ങൾക്കു ശേഷമുള്ള റവാതിബു സുന്നത്തുകൾ നിർവഹിക്കുക. തസ്ബീഹുകളും, തഹ്മീദുകളും, തക്ബീറുകളും, തഹ്ലീലുകളും മനസ്സാന്നിധ്യത്തോടെ ചൊല്ലുക. പ്രാർത്ഥിക്കുക.

ക്വുർആൻ അവതരിച്ച മാസമാണ് റമദാനെന്ന് നമുക്കറിയാം. അതിനെ കഴിയുന്നത്ര പാരായണം ചെയ്യുക. തപ്പിത്തടഞ്ഞാണെങ്കിലും ക്വുർആൻ ഓതുക. രണ്ടു കൂലിയാണ് അങ്ങനെ ഓതുന്നവർക്ക് അല്ലാഹു നൽകുകയെന്ന് പ്രവാചകൻ(സ്വ) പറഞ്ഞിട്ടുണ്ട്. ക്വുർആനിൽ നിന്ന് ഓതിയെത്തുന്നിടത്താണ് സ്വർഗ്ഗത്തിൽ നമുക്ക് ലഭിക്കുന്ന പദവിയുള്ളത് എന്നും പ്രവാചകനരുളിയിട്ടുണ്ട്.

റമദാനിൻറെ മറ്റൊരു സൗന്ദര്യമാണ് തറാവീഹ് നമസ്കാരം. വിശ്വാസികൾക്ക് ആശയും ആവേശവും ആശ്വാസവും നൽകുന്ന ഐച്ഛികമായ ആരാധനാ കർമ്മമാണ് തറാവീഹ്. അല്ലാഹുവുമായുള്ള മാനസികബന്ധം ദൃഢമാകാൻ രാത്രിനമസ്കാരങ്ങൾ ഫലപ്രദമായ അവസരമാണ്. അവ നഷ്ടപ്പെടുത്താതെ കഴിയുന്നത്ര നിർവ്വഹിക്കുക. ഈമാനോടെയും പ്രതിഫല പ്രതീക്ഷയോടെയും റമദാനിലെ രാത്രിനമസ്കാരങ്ങളിലേർപ്പെടുന്നവർക്ക്, അവരുടെ ജീവിതത്തിൽ വന്നുഭവിച്ച പാപങ്ങൾ പൊറുത്തുകിട്ടുമെന്ന് നബി(സ്വ) പ്രത്യേകം സന്തോഷവാർത്ത അറിയിച്ചിട്ടുണ്ട്.

ദാനധർമ്മങ്ങൾ നമ്മളെ നരകാഗ്നിയെത്തൊട്ട് കാക്കുന്ന സൽകർമ്മങ്ങളാണ് എന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. സ്വദഖകളുടെ ചെറുപ്പവലുപ്പങ്ങൾക്കല്ല അല്ലാഹുവിങ്കൽ പരിഗണന. അത് നൽകുമ്പോൾ നമ്മുടെ ഹൃദയത്തിലുണ്ടാകുന്ന ഇഖ്ലാസിനാണ്.
ദാനം മനസ്സിന്റെ നന്മയാണ്. സഹജീവികളോടുള്ള കരുതലാണ്. പരലോകത്തിനു വേണ്ടിയുള്ള സമ്പാദ്യമാണ്. അല്ലാഹു പറഞ്ഞു:
“അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര്‍ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍”. (തഗാബുന്‍: 16)

ചുറ്റുവട്ടത്തും പ്രയാസങ്ങളനുഭവിക്കുന്ന ഒട്ടേറെ മനുഷ്യരുണ്ട്. കയ്യിലുള്ളതില്‍ നിന്ന്‌ കഴിയുന്നവകൊണ്ട് അവരെ സഹായിക്കുക. സഹോദരങ്ങളുടെ ആവശ്യങ്ങൾക്ക് നിവൃത്തി നൽകുന്നവന്ന് അല്ലാഹു സഹായിയായുണ്ടാകുമെന്നും, ഒരാളുടെ ഐഹിക പ്രയാസത്തെ ദുരീകരിക്കുന്നവന്ന് അവൻ്റെ പരലോക പ്രയാസം അല്ലാഹു ദുരീകരിക്കുമെന്നും നബി(സ്വ) അരുളിയിട്ടുണ്ട്.

ഇനിയുമുണ്ട് ഒട്ടേറെ നന്മകൾ. കുറച്ചു മാത്രം എണ്ണിപ്പറഞ്ഞുവെന്നേയുള്ളൂ. ഈ വിശുദ്ധ റമദാനിനെ നന്മകൾക്കും പടച്ചവനിൽ നിന്നുള്ള പരലോക പ്രതിഫലങ്ങൾക്കുമായി പരമാവധി ഉപയോഗപ്പെടുത്തുക.

മേഘത്തണലു പോലെയാണ് ആയുസ്സ്.
ഷിപ്രവേഗത്തിലാണ് അതിന്റെ യാത്ര!
ക്ഷമയോടെ അധ്വാനിക്കുക.
ക്ഷമാലുക്കള്‍ക്കുള്ള പ്രതിഫലം അമൂല്യമാണ്!
അല്ലാഹുവിന്നായി പ്രയാസങ്ങളേറ്റിയവരാണ് നോമ്പുകാര്‍.
അവര്‍ക്കായുള്ള അവന്റെ പ്രതിഫലം അനര്‍ഘമാണ്!
റയ്യാന്‍ സ്വര്‍ഗ്ഗവാതിലാണ്
നോമ്പുകാര്‍ക്കുമാത്രം പ്രവേശിക്കാനുള്ള വിശിഷ്ഠമായ വാതില്‍!

Leave a Comment

Your email address will not be published. Required fields are marked *