മുംബൈ: അന്താരാഷ്ട്ര പ്രസിദ്ധനായ ഇസ്‌ലാമിക പ്രബോധകന്‍ ഡോ. സാക്കിര്‍ നായിക്ക് പ്രസിഡന്റായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ യു.എ.പി.എ ചുമത്തി അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനെ അറിയാന്‍ അവസരമുണ്ടാക്കുന്ന പ്രബോധകരെയും സ്ഥാപനങ്ങളെയും വിരട്ടി നിര്‍വീര്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണെന്ന് വ്യക്തമാകുന്നു. ധാക്ക ഭീകരാക്രമണവുമായി സാക്കിറിനെ ബന്ധിപ്പിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ മുഴുവന്‍ വ്യാജമാണെന്നു തെളിഞ്ഞിട്ടും അവ ചെന്നവസാനിച്ചത് ഐ.ആര്‍.എഫ് നിരോധനത്തിലാണ് എന്ന വസ്തുത, നിരോധനം എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി ബോധപൂര്‍വം എഴുതിയുണ്ടാക്കിയ തിരക്കഥയുടെ ആദ്യ അധ്യായം മാത്രമായിരുന്നു വ്യാജ ഭീകരാരോപണം എന്ന് വ്യക്തമാക്കുന്നുണ്ട്. നിരോധിക്കണമെന്ന് ആദ്യമേ തീരുമാനിച്ചുവെക്കുകയും അതിന് പരിസരമൊരുക്കുന്നതിനുവേണ്ടി കള്ളക്കഥകള്‍ക്ക് മാധ്യമങ്ങളിലൂടെ വന്‍പ്രചാരം നല്‍കുകയും ചെയ്ത ഇന്‍ഡ്യന്‍ ഫാഷിസം, ഹിറ്റ്‌ലര്‍ ഗീബല്‍സിനെയുപയോഗിച്ച് നടപ്പിലാക്കിയ പ്രോപഗണ്ടപ്രൊജക്ടുകളെപ്പോലും തോല്‍പിച്ചു കളയുന്ന പരിശ്രമങ്ങളാണ് പൊതുബോധത്തെ കവരാന്‍ ഇതിനകം നടത്തിയത്. ഐ.ആര്‍.എഫ് നിരോധനം കാര്യമായ ഒച്ചപ്പാടുകളൊന്നുമുണ്ടാക്കാതെ ഇന്‍ഡ്യന്‍ പൊതുരാഷ്ട്രീയ രംഗത്തെ കടന്നുപോകുന്നത് മതബോധമുള്ള മുസ്‌ലിംകള്‍ക്കിടയില്‍ കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. മതനിരപേക്ഷതയുടെ പക്ഷത്തുള്ളവരെപ്പോലും സാക്കിര്‍ വിഷയത്തില്‍ തങ്ങളുടെ കൂടെ നിര്‍ത്തുന്നതില്‍ ഫാഷിസത്തിന് വിജയിക്കാനായത് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. ബീഫ് കഴിക്കുവാനുള്ള അവകാശത്തിനുവേണ്ടി പോരാടുന്നതിന്റെ നൂറിലൊന്നു ആവേശത്തോടുകൂടിപ്പോലും മതപ്രബോധനാവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ ആളില്ലാതാകുമ്പോള്‍ ഇന്‍ഡ്യന്‍ ഭരണഘടനയുടെ ഇരുപത്തിയഞ്ചാം വകുപ്പ് വെന്റിലേറ്ററില്‍ ഓക്‌സിജനുവേണ്ടി മല്ലിടുന്ന പരുവത്തിലെത്തിക്കഴിഞ്ഞുവെന്ന നിരീക്ഷണം സാധൂകരിക്കപ്പെടുകയാണ്.
1965 ഒക്‌ടോബര്‍ പതിനെട്ടിന് ജനിച്ച സാക്കിര്‍ നായിക്ക് തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഇസ്‌ലാമിക പ്രബോധനരംഗത്ത് സജീവമാകുന്നത്. മഹാരാഷ്ട്രയിലെ റയ്ഗഡ് ജില്ലക്കാരനും സൈക്യാട്രിസ്റ്റും വിദ്യാഭ്യാസപ്രവര്‍ത്തകനും പ്രസാധകനുമായിരുന്ന പിതാവ് അബ്ദുല്‍കരീം മുംബൈയിലെ ഡോംഗ്രിയിലേക്ക് താമസം മാറിയതോടെയാണ് സാക്കിര്‍ കുടുംബം മുംബൈക്കാരാകുന്നത്. എം.ബി.ബി.എസ് ബിരുദധാരിയായ സാക്കിര്‍ നായിക്ക്, ദക്ഷിണാഫ്രിക്കയില്‍ ബൈബിള്‍ ഉദ്ധരണികള്‍ സമൃദ്ധമായി ഉദ്ധരിച്ച് മിഷനറിമാരുടെ ഇസ്‌ലാം വിമര്‍ശനങ്ങള്‍ക്ക് ആക്ഷേപഹാസ്യത്തിന്റെ മുനയുള്ള ഇംഗ്ലീഷ് ഭാഷയില്‍ വായടപ്പന്‍ മറുപടി നല്‍കി മുസ്‌ലിം ലോകത്തിന്റെ ആവേശമായി മാറിയ ഇന്‍ഡ്യന്‍ വംശജന്‍ ശയ്ഖ് അഹ്മദ് ദീദാത്തിനാല്‍ പ്രചോദിതനായാണ് മതതാരതമ്യപഠനത്തിന്റെ സങ്കേതങ്ങളുപയോഗിച്ചുള്ള പ്രബോധന പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നതും ഐ.ആര്‍.എഫ് സ്ഥാപിക്കുന്നതും. എഴുത്തിനേക്കാള്‍ പ്രസംഗത്തിലാണ് സാക്കിര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ക്രിസ്തുമതത്തിലും ആധുനിക ശാസ്ത്രത്തിലുമുള്ള വ്യുല്‍പത്തിയായിരുന്നു സാക്കിറിന്റെ കരുത്ത്.
ചോദ്യോത്തരത്തോടുകൂടിയ പൊതുപ്രഭാഷണങ്ങളും ഇസ്‌ലാം വിമര്‍ശകരുമായുള്ള തുറന്ന സംവാദങ്ങളുമെല്ലാമായി ഇംഗ്ലീഷിലും ഉറുദുവിലും സാക്കിറിനെ വെച്ച് ഐ.ആര്‍.എഫ് സംഘടിപ്പിച്ച അസംഖ്യം പ്രോഗ്രാമുകളും അവയുടെ വീഡിയോ റെക്കോഡിംഗുകളും ഒരു പുതിയ സാംസ്‌കാരിക വിപ്ലവം തന്നെയായി മാറി. ഇന്‍ഡ്യയിലെ മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് അവ നല്‍കിയ ആത്മവിശ്വാസവും ആത്മാഭിമാനവും വിലമതിക്കാനാവാത്തതായിരുന്നു. ബാബ്‌രി മസ്ജിദ് ധ്വംസനാനന്തരം നടന്ന കലാപം കടിച്ചു കുടഞ്ഞെറിഞ്ഞ മുംബൈ മുസ്‌ലിംകള്‍ക്ക് അതീജീവനത്തിനുള്ള ആദര്‍ശപരമായ ഉള്‍ക്കരുത്ത് പകരുന്നതില്‍ സാക്കിറിന്റെ പ്രോഗ്രാമുകള്‍ വഹിച്ച പങ്ക് സാമൂഹികശാസ്ത്രപരമായി അപഗ്രഥിക്കപ്പെട്ടിട്ടുണ്ട്. മുസ്‌ലിം സമുദായത്തിനകത്തുമാത്രം ശ്രദ്ധ കേന്ദ്രീകരിച്ച പരമ്പരാഗത മുസ്‌ലിം പണ്ഡിതന്‍മാരില്‍ നിന്ന് വ്യത്യസ്തമായി അമുസ്‌ലിംകളുമായി സൗഹൃദപൂര്‍വം ഇസ്‌ലാമിനെ വിനിമയം ചെയ്യുകയും അതിനുവേണ്ടി മതവിരുദ്ധമല്ലാത്ത ആധുനികരീതികളെയെല്ലാംഏറ്റവും പ്രൊഫഷണലായി ഉപയോഗിക്കുകയും ചെയ്ത് ഐ.ആര്‍.എഫ് ഉണ്ടാക്കിയ നവതരംഗം ഇന്‍ഡ്യയിലെ ഇസ്‌ലാമിക പ്രബോധനരംഗത്തിന്റെ മുഖഛായ തന്നെ മാറ്റി. പിന്നീട് ഇന്‍ഡ്യയില്‍ ഇതേ ദൗത്യമേറ്റെടുത്ത് വളര്‍ന്നുവന്ന ഇംഗ്ലീഷ് പ്രഭാഷകനിര ഏതാണ്ട് പൂര്‍ണമായിത്തന്നെ സാക്കിറിനോട് കടപ്പെട്ടവരാണ്. അന്താരാഷ്ട്രതലത്തില്‍ തന്നെ ഇംഗ്ലീഷ് സംസാരിക്കുന്ന ഇസ്‌ലാമിക പ്രബോധകരില്‍ ജനകീയതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നയാളുകളിലൊന്നാണ് ഇപ്പോള്‍ സാക്കിര്‍. സഊദി അറേബ്യയുടെ കിംഗ് ഫയ്‌സ്വല്‍ അവാര്‍ഡുമുതല്‍ യു.എ.ഇയുടെ ഇസ്‌ലാമിക് പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്‌കാരം വരെ കഴിഞ്ഞ വര്‍ഷങ്ങളില്‍ സാക്കിറിനെ തേടി വന്നു. അദ്ദേഹം സ്ഥാപിച്ച പീസ് ചാനലും മുംബൈയിലെ ഇസ്‌ലാമിക് ഇന്റര്‍നാഷണല്‍ സ്‌ക്കൂളും സ്വപ്നതുല്യമായ നേട്ടങ്ങളായിരുന്നു.
സാക്കിറിന്റെ സലഫീ രീതിശാസ്ത്രത്തോടുമുതല്‍ അദ്ദേഹത്തിന്റെ പ്രബോധനശൈലിയോടുവരെ അഭിപ്രായവ്യത്യാസമുള്ള പലരും മുസ്‌ലിം പണ്ഡിതന്‍മാര്‍ക്കിയിലുണ്ട്. ഇസ്‌ലാമില്‍ വിശ്വസിക്കാത്തവര്‍ക്കാകട്ടെ, സാക്കിറിനോട് നൂറുകണക്കിന് വിയോജിപ്പുകളുണ്ടാകുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല താനും. എന്നാല്‍ വിയോജിപ്പുള്ളവരെ വിളിക്കാനുള്ള ചെല്ലപ്പേരാണോ ‘ഭീകരവാദി’ എന്ന ചോദ്യത്തെ നൈതികതയുടെ തരിമ്പെങ്കിലും മനസ്സിലുള്ള ആര്‍ക്കും അവഗണിക്കാനാവില്ല. അതുകൊണ്ടുതന്നെ, സാക്കിറിനോട് യോജിച്ചാലും വിയോജിച്ചാലും അദ്ദേഹത്തിന് ഭീകരമുദ്ര ചാര്‍ത്തി ഐ.ആര്‍.എഫിനെ നിരോധിച്ച ഫാഷിസ്റ്റ് ധാര്‍ഷ്ഠ്യത്തിനെതിരെ പ്രതികരിക്കുവാനുള്ള ചുമതല മുഴുവന്‍ ഇന്‍ഡ്യക്കാര്‍ക്കുമുണ്ട്. ഒരു ഭീകരപ്രസ്ഥാനത്തിലും അംഗമല്ലാത്ത, നിരപരാധികളുടെ ചോര ചിന്തുന്നതിനെ കഠിനമായി എതിര്‍ത്തിട്ടുള്ള ഒരാളെ ഭരണകൂടം വ്യാജമായ ഭീകരപ്രതിച്ഛായയുണ്ടാക്കി വേട്ടയാടുമ്പോൾ ആദര്‍ശപരമായ വിയോജിപ്പുകളുടെ പേരില്‍ മൗനം പുലര്‍ത്തുന്നത് അക്ഷന്തവ്യമായ അപരാധമാണെന്ന് പറയാതിരിക്കാനാവില്ല.
‘സ്പര്‍ധ’ വളര്‍ത്തുന്നുവെന്ന് ആരോപിച്ച് ഐ.പി.സി 153 പോലുള്ള സെക്ഷനുകള്‍ ഉദ്ധരിച്ചാണ് നിരോധനോത്തരവ് വന്നിരിക്കുന്നത്. ഇതിലുള്ള അപായസൂചനകള്‍ മാധ്യമങ്ങളിലൊന്നും വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. അവനവന്‍ വിശ്വസിക്കുന്ന ആദര്‍ശമാണ് ശരിയെന്നു പറയുക, അതിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുക, അത് സ്വീകരിക്കുവാന്‍ സന്നദ്ധരാകുന്നവര്‍ക്ക് അതിനവസരമുണ്ടാക്കുക -ഇതെല്ലാം ‘സ്പര്‍ധ’യുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണെന്ന വളരെ അപകടകരമായ പുതിയ നിര്‍വചനങ്ങളാണ് ഇന്‍ഡ്യയിലെ ഫാഷിസ്റ്റ് ഭരണകൂടം നിര്‍മിക്കുന്നത്. അമുസ്‌ലിംകള്‍ക്കിടയിലെ ഇസ്‌ലാമിക പ്രബോധനത്തിന്റെ ഏത് രൂപത്തെയും സ്പര്‍ധാജനകമായ വിധ്വംസകപ്രവര്‍ത്തനങ്ങളായി മുദ്രകുത്തുവാനുള്ള ‘നിയമനടപടി’കളാണ് പൂര്‍ത്തിയായി വരുന്നത്. ഐ.ആര്‍.എഫിനു മാത്രമല്ല, മുഴുവന്‍ ഇസ്‌ലാമിക പ്രബോധനസംരംഭങ്ങള്‍ക്കുമുള്ള താഴാണ് തയ്യാറായി വരുന്നത് എന്നര്‍ത്ഥം. മതപ്രബോധനവും മതപരിവര്‍ത്തനവും ആഘോഷിച്ച അശോകനെയും അംബേദ്കറെയും ദേശത്തിന്റെ അഭിമാനബിംബങ്ങളായി പ്രതിഷ്ഠിച്ചിട്ടുള്ള ഒരു രാഷ്ട്രത്തില്‍ ഭരണഘടനയെ പച്ചക്ക് ചവിട്ടിമെതിച്ച് പ്രബോധനാവകാശങ്ങള്‍ക്ക് വിലക്കൊരുങ്ങിയിട്ടും പൊതുബോധം ഉദാസീനമാകുന്നത് ഇസ്‌ലാമോഫോബിയയുടെ ഊക്കുകൊണ്ടാണ്. ഇസ്‌ലാമിക പ്രബോധനം ഇന്‍ഡ്യയില്‍ ഒരു പൗരാവകാശമാണ്. അത് പിന്‍വലിക്കാന്‍ ഇപ്പോള്‍ ധൃതിപ്പെടുന്ന ഫാഷിസം മറ്റെല്ലാ പൗരാവകാശങ്ങളെയും പതുക്കെ ശ്വാസം മുട്ടിച്ചുകൊല്ലാന്‍ പദ്ധതി തയ്യാറാക്കുക തന്നെ ചെയ്യും. അപ്പോള്‍ അനുഭവിക്കുക സാക്കിറിന്റെ മുഖവും മനസ്സുമുള്ളവര്‍ മാത്രമായിരിക്കില്ല, മുഴുവന്‍ ഇന്‍ഡ്യക്കാരുമായിരിക്കും. ഐ.ആര്‍.എഫിനെ നിരോധിക്കുന്നത് നമ്മെയും നമ്മുടെ മനസ്സാക്ഷിയെയും നമ്മുടെ രാജ്യത്തെയും നമ്മുടെ ഭരണഘടനയെയും തന്നെ നിരോധിക്കുന്നതിന്റെ ദുസ്സൂചനയാണ്. ‘സാക്കിറിന്റെ കൂടെയാണ് എന്നല്ല, ഞങ്ങള്‍ സാക്കിര്‍ തന്നെയാണ്’ എന്നു പറയേണ്ട സമയമാണിതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പലരും ചൂണ്ടിക്കാണിച്ചതും അതുകൊണ്ടുതന്നെയാണ്.