ഫാറൂഖ് കോളജ്: കേരള മുസ്ലിംകളുടെ വിദ്യാഭ്യാസ നവോത്ഥാനത്തിന് ആധുനിക കാലഘട്ടത്തിൽ നെടുനായകത്വം വഹിച്ച ഫാറൂഖ് റൗദതുൽ ഉലൂം അറബിക് കോളജിന് എഴുപത്തിയഞ്ച് വയസ്സ്. വാഴക്കാട് ദാറുൽ ഉലൂമിന് ശേഷം കേരളത്തിലെ അറബിക് കോളജ് പ്രസ്ഥാനത്തിന്റെ സാരഥ്യമേറ്റെടുത്ത റൗദത്ത് 1942ൽ ആണ് സ്ഥാപിക്കപ്പെട്ടത്. അരീക്കോട് സുല്ലമുസ്സലാമും പുളിക്കൽ മദീനതുൽ ഉലൂമും അതിനുശേഷമാണ് നിലവിൽ വന്നത്.
അബുസ്സ്വബാഹ് അഹ്മദലി മൗലവിയായിരുന്നു കോളജിന്റെ സ്ഥാപകൻ. ചാവക്കാട് സ്വദേശിയായിരുന്ന മൗലവി ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ ഈജിപ്തിലെ വിഖ്യാതമായ അൽ അസ്ഹർ സർവകലാശാലയിൽ പഠനം നടത്താൻ അവസരമുണ്ടായ ആളാണ്. മുഹമ്മദ് അബ്ദ, റശീദ് രിദ തുടങ്ങിയവരുടെ ചിന്തകൾക്ക് അന്ന് ഈജിപ്തിലുണ്ടായിരുന്ന പ്രാമുഖ്യം മൗലവിയിൽ മുസ്ലിം നവോത്ഥാനത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ അങ്കുരുപ്പിച്ചു. അസ്ഹറിനോട് കിടപിടിക്കുന്ന ഒരു അറബി/ഇസ്ലാമിക വിദ്യാകേന്ദ്രം ഇന്ത്യയിൽ സ്ഥാപിക്കുക എന്നതായിരുന്നു മൗലവിയുടെ സങ്കൽപം.
തൊള്ളായിരത്തി മുപ്പതുകളിൽ ഇന്ധ്യയിൽ മടങ്ങിയെത്തിയ മൗലവി ഉത്തരേന്ത്യയിലാണ് പ്രധാനമായും സമയം ചെലവഴിച്ചത്. ദേശീയ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന മുസ്ലിം പണ്ഡിതന്മാരുമായി അദ്ദേഹം അടുത്ത സമ്പർക്കം പുലർത്തി. പിന്നീട് കേരളത്തിലേക്ക് മടങ്ങി 1942ൽ മഞ്ചേരിക്കടുത്ത ആനക്കയത്ത് അറബിക് കോളജ് സ്ഥാപിക്കുകയായിരുന്നു. ‘വിജ്ഞാനങ്ങളുടെ പൂങ്കാവനം’ എന്നാണ് ‘റൗദതുൽ ഉലൂം’ എന്ന അറബി നാമത്തിന്റെയർത്ഥം. കോളജ് പിന്നീട് മഞ്ചേരിയിലേക്കും അവിടെ നിന്ന് ഇന്ന് ഫാറൂഖ് കോളജ് സ്ഥാപനങ്ങൾ നിൽക്കുന്ന കാമ്പസിലേക്കും മാറ്റി. കാട് പിടിച്ചു കിടന്നിരുന്ന ഫാറൂഖാബാദിനെ സാമ്പത്തികമായ യാതൊരു മൂലധനവുമില്ലാതെ കടന്നുവന്ന് അശ്രാന്ത പരിശ്രമം വഴി തന്റെ സ്വപ്ന കലാലയത്തിന്റെ ആസ്ഥാനമാക്കി മാറ്റിയ മൗലവിയുടെ ഭാവനാശേഷിയും നിശ്ചയദാർഢ്യവും അമ്പരപ്പിക്കുന്നതായിരുന്നു. റൗദത്തുൽ ഉലൂം അസോസിയേഷൻ രൂപീകരിച്ചാണ് കോളജ് കാമ്പസിന്റെ പ്രവർത്തനങ്ങൾ പുരോഗമിച്ചത്. കെ. എം. സീതി സാഹിബും കെ. എം. മൗലവിയും അസോസിയേഷനിൽ മൗലവിയുടെ സഹപ്രവർത്തകർ ആയിരുന്നു. കോഴിക്കോട് മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കെ. എൻ. എം സ്ഥാപക ട്രഷറർ എം. കുഞ്ഞോയി വൈദ്യരും, ബി. പോക്കർ സാഹിബിന്റെ ശിഷ്യനും പ്രഗൽഭ അഭിഭാഷകനും മദിരാശി നിയമസഭയിലെ മുസ്ലിം ലീഗ് സാമാജികനും ആയിരുന്ന, ഗുരുവായൂരിൽനിന്ന് വന്ന് കോഴിക്കോട്ട് താമസമാക്കിയ ഹൈദ്രോസ് സാഹിബും ആയിരുന്നു അസോസിയേഷന്റെ പ്രാദേശിക നട്ടെല്ലുകൾ.
അബുസ്സ്വബാഹ് മൗലവി പ്രിൻസിപ്പൽ ആയി ഫാറൂഖാബാദിൽ വികസിച്ചുവന്ന റൗദത്തുൽ ഉലൂം അക്ഷരാർത്ഥത്തിൽ കേരളത്തിലെ അറബി ഭാഷാ പഠനത്തിന്റെയും മതവിദ്യാഭ്യാസത്തിന്റെയും സിരാകേന്ദ്രമായി മാറി. കോഴിക്കോട് പാളയം പള്ളിയിലെ ജുമുഅ ഖുതുബകൾ വഴി സുപ്രസിദ്ധനായിരുന്ന സി. പി. അബൂബക്ർ മൗലവി കോളജിൽ അബുസ്സ്വബാഹിന്റെ സഹാധ്യാപകനായിരുന്നു. എ. പി. അബ്ദുൽ ക്വാദിർ മൗലവി, പി. മുഹമ്മദ് കുട്ടശ്ശേരി തുടങ്ങിയവർ റൗദത്തിൽ അബുസ്സ്വബാഹിന്റെ ആദ്യകാല ശിഷ്യന്മാരിൽ ഉൾപ്പെടുന്നു. ഐ. എസ്. എം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫാ ഫാറൂക്വി ആണ് ഇപ്പോൾ കോളജ് പ്രിൻസിപ്പൽ.
ഒരു മുസ്ലിം മതവിദ്യാ കേന്ദ്രം അതിപ്രഗത്ഭമായ ഒരു ഭൗതിക കലാലയത്തിന് ജന്മം നൽകുക എന്ന, അക്കാലഘട്ടത്തിൽ തീർത്തും അസാധാരണമായിരുന്ന അനുഭവത്തിനാണ് 1948ൽ റൗദതുൽ ഉലൂം അസോസിയേഷൻ കളമൊരുക്കിയത്. കേരളത്തിലെ ആദ്യത്തെ ഫസ്റ്റ് ഗ്രെയ്ഡ് എയ്ഡഡ് മുസ്ലിം ആർട്സ് കോളജ് അറബിക് കോളജിന്റെ കാമ്പസിൽ തന്നെ ഫാറൂഖ് കോളജ് എന്ന പേരിൽ സ്ഥാപിക്കുന്നതിൽ മൗലവിയും സഹപ്രവർത്തകരും വിജയിച്ചു. ഭൗതിക വിദ്യാഭ്യാസത്തോടും സ്ത്രീ വിദ്യാഭ്യാസത്തോടും അന്നത്തെ മാപ്പിളമാരിൽ കുറേ പേർക്കുണ്ടായിരുന്ന എതിർപ്പുകളെ അതിജീവിച്ച് നിലവിൽ വന്ന ഫാറൂഖ് കോളജ്, കുറഞ്ഞ വർഷങ്ങൾ കൊണ്ട് മലബാറിലെ മുസ്ലിം വിദ്യാഭ്യാസത്തിന്റെയും മുസ്ലിം സമുദായത്തിന്റെയും ഒരു പ്രദേശത്തിന്റെ ഒന്നാകെയും മുഖഛായ തന്നെ മാറ്റി. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബും സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളും മുസ്ലിം ലീഗിന്റെ മദിരാശി/ മലബാർ നേതൃത്വങ്ങളിൽ ഇരുന്നുകൊണ്ട് കോളജ് സ്ഥാപനത്തിനാവശ്യമായ രാഷ്ട്രീയ പിന്തുണ നൽകി. 1934ൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച കേരള മുസ്ലിം ഐക്യസംഘത്തിന്റെ സ്വത്തുക്കൾ ഫാറൂഖ് കോളജിനാണ് അതിന്റെ നേതാക്കൾ നൽകിയത്. കോളജ് സ്ഥാപനം മുതൽ മരിക്കുന്നത് വരെ കെ. എം. സീതി സാഹിബ് ആയിരുന്നു കോളജ് കമ്മിറ്റിയുടെ സെക്രട്ടറി.
സുപ്രസിദ്ധ ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സയ്യിദ് മുഹ്യുദ്ധീൻ ശാ ആയിരുന്നു പ്രഥമ പ്രിൻസിപ്പൽ. പ്രൊഫ. കെ. എ. ജലീൽ, പ്രൊഫ. എൻ. വി. ബീരാൻ തുടങ്ങിയ പ്രതിഭാധനർ ഫാറൂഖ് കോളജിന്റെ പ്രിൻസിപ്പൽ സ്ഥാനത്ത് ഉണ്ടായിരുന്നവരാണ്. പ്രൊഫ. ഇമ്പിച്ചിക്കോയയാണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ. കേരളത്തിലെ ഏറ്റവും മികച്ച കോളജുകളിൽ ഒന്നാണ് ഇപ്പോൾ ഫാറൂഖ് കോളജ്. കോളജ് കാമ്പസിൽ തന്നെയാണ് സുപ്രസിദ്ധമായ മസ്ജിദുൽ അസ്ഹർ. പള്ളിയിൽ പണ്ഡിതന്മാർ നടത്തുന്ന വെള്ളിയാഴ്ച ഖുതുബകൾ വിദ്യാർത്ഥികളെ സംസ്കരിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു. ഫാറൂഖ് കോളജിൽ കഴിഞ്ഞ വർഷം നടന്ന ചില ഇടതുപക്ഷ വിദ്യാർത്ഥി സമരങ്ങൾ കോളജിന്റെ മുസ്ലിം സ്വഭാവത്തോടുള്ള അസഹിഷ്ണുതയിൽ നിന്ന് ഉടലെടുത്തതാണെന്ന് വ്യാപകമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
കേരള മുസ്ലിംകളുടെ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ മുഖ്യശിൽപി എന്ന വിശേഷണത്തിനർഹമാക്കും വിധമുള്ള സംഭാവനകളാണ് അബുസ്സ്വബാഹ് മൗലവി റൗദത്തുൽ ഉലൂം അസോസിയേഷനിലൂടെ നൽകിയത്. എഴുപത്തിയഞ്ചാം വാർഷികം വിപുലമായി ആഘോഷിക്കുവാൻ അസോസിയേഷൻ ഭാരവാഹികൾ തീരുമാനിച്ചിട്ടുണ്ട്.
പ്ലാറ്റിനം ജൂബിലി ആഘോഷം ഡോ.തലാത് അഹ്മദ് ഉദ്ഘാടനം ചെയ്യുന്നു.