അരീക്കോട്: മുസ്‌ലിം ലീഗ് നേതാവും പ്രഭാഷകനുമായ പി. വി. മുഹമ്മദ് അരീക്കോട് (82) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
പതിറ്റാണ്ടുകളായി മലബാറിലുടനീളം മുസ്‌ലിം ലീഗിന്റെ പ്രഭാഷണ വേദികളിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് പി. വി. നർമവും മൂർച്ചയും ചരിത്രവും ഇടകലർന്നുനിന്ന പി. വി.യുടെ പ്രഭാഷണങ്ങളിൽ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ദാർശനിക മാനങ്ങളെ സംബന്ധിച്ച അവബോധം പ്രകടമായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു.
അരീക്കോട് കൊഴക്കോട്ടൂർ സ്വദേശിയാണ്. എൻ. വി. അബ്ദുസ്സലാം മൗലവി, കെ. സി. അബൂബക്‌ർ മൗലവി, എൻ. വി. ഇബ്‌റാഹീം മാസ്റ്റർ തുടങ്ങിയവരുമായി അടുത്ത സമ്പർക്കം പുലർത്തിയ രാഷ്ട്രീയ നേതാവായിരുന്നു. മതപരമായി മുജാഹിദ് ആശയങ്ങൾ മുറുകെപ്പിടിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി. വി. മനാഫ് മകനാണ്.