പത്തരമാറ്റുള്ള സ്നേഹം:അതിന് സൗരഭ്യമേറും, സൗന്ദര്യവും

സഹോദരനില്‍ ഒരു പിഴവുകാണുമ്പോഴേക്കും
നീയവനെ മാറ്റിനിര്‍ത്തുന്നതെന്തിന്?
മാപ്പു കൊടുക്കാനാകുന്നില്ലെങ്കില്‍
നിനക്കെങ്ങനെ മാന്യനെന്ന പേരു ചേരും?
സ്‌നേഹത്തിന്റെ ഉറവയില്‍ നിന്ന്
ദാഹജലം പകരാനാകുന്നില്ലെങ്കില്‍
നിന്നെയെങ്ങനെ ഹൃദയമുള്ളവനെന്ന് വിളിക്കാനാകും?
അന്യന്റെ മുഖത്തേക്ക് പുഞ്ചിരിപ്പൂവെറിയാത്ത
ചുണ്ടുകളാണ് നിന്റേതെങ്കില്‍
കള്ളിമുള്ളുകള്‍ നിറഞ്ഞ പൊന്തകള്‍ക്കാണ്
നിന്റെ അന്തരാളത്തേക്കാള്‍ ചന്തം!

പ്രിയപ്പെട്ടവരേ, സത്യവിശ്വാസികള്‍ സഹോദരങ്ങളാണ്. സ്നേഹമാണ് സാഹോദര്യത്തിന് നിത്യതയും സജീവതയും പ്രദാനം ചെയ്യുന്നത്.വ്യക്തികള്‍ക്കിടയില്‍ കെട്ടുറപ്പ് നല്‍കുന്നതും പരസ്പരം വിട്ടുവീഴ്ചകള്‍ക്ക് പ്രചോദനമേകുന്നതും സ്നേഹം തന്നെയാണ്.

നിത്യ ജീവിതത്തിലെ ഇടപഴകലുകളില്‍ സഹോദരങ്ങള്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളെ പ്രയാസമില്ലാതെ പരിഹരിക്കാനും ബന്ധങ്ങളെ സാധാരണ നിലയിലേക്ക് ഊഷ്മളമാക്കുവാനും കളങ്കരഹിതമായ സ്നേഹത്തിനാണ് സാധ്യമാകുക.

ആദരണീയമായ മാനുഷിക വികാരമാണ് സ്നേഹം. വ്യക്തികള്‍ക്കിടയിലെ ബന്ധത്തിന്‍റെ താളാത്മകതയില്‍ സജീവമായ സ്നേഹത്തിന്‍റെ സാന്നിധ്യവും കയ്യൊപ്പും നിറഞ്ഞുകാണാം. നാം മനസ്സില്‍ കരുതിവെക്കുന്ന സ്നേഹം അല്ലാഹുവില്‍ നിന്ന് ലഭ്യമായ ദാനമാണ്. പ്രസ്തുത സ്നേഹം ഒരിടത്ത് ഉറഞ്ഞ് നിന്നുകൂടാ. സഹജീവികള്‍ക്കിടയില്‍ ലോപമില്ലാതെ അത് പകര്‍ന്നു നല്‍കപ്പെട്ടണം. മുഅ്മിനുകള്‍ക്ക് അതിന് സാധിക്കും; സാധിക്കണം.

മനുഷ്യനെ മനുഷ്യനായി അറിയാന്‍,
മാനുഷിക ധര്‍മ്മങ്ങളെ പ്രതിഫലിപ്പിക്കാന്‍,
ചുറ്റുപാടുകളില്‍ സന്തോഷങ്ങളും സമാധാനങ്ങളും നിര്‍മ്മിക്കാന്‍,
പകയും പോരുമില്ലാത്ത ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍
എന്‍റെയും നിങ്ങളുടെയും ഹൃദയസ്നേഹത്തിനാണ് സാധിക്കുക.

വിശുദ്ധ ഇസ്ലാം പരസ്പര സ്നേഹത്തിന് അനിതരമായ പ്രേരണ നല്‍കുന്നുണ്ട്. മനുഷ്യരെല്ലാം ഒരു മാതാവിന്‍റെയും പിതാവിന്‍റെയും മക്കളാണ് എന്ന സന്ദേശം ഉദ്ബോധിപ്പിക്കുന്നതില്‍ നിന്ന് തുടങ്ങുന്നു സ്നേഹത്തെ സംബന്ധിച്ച ഇസ്ലാമിന്‍റെ അധ്യാപനം. സ്നേഹം ഫലദായകമാണ്. പ്രതിഫലാര്‍ഹവുമാണ്. അല്ലാഹുവിന്‍റെ സാരോപദേശങ്ങള്‍ക്കനുസൃതമായി വിതരണം ചെയ്യപ്പെടുമ്പോഴാണ് എന്‍റെയും നിങ്ങളുടെയും സ്നേഹം പ്രതിഫലാര്‍ഹമായിത്തീരുന്നത്.

ഉമര്‍ ബ്നുല്‍ ഖത്വാബ്(റ) നിവേദനം ചെയ്ത ഒരു ഹദീസിന്‍റെ സാരാംശം വായിച്ചു നോക്കുക: പ്രവാചക തിരുമേനി(സ്വ) അരുളി: അല്ലാഹുവിന്‍റെ ദാസന്മാരില്‍ ചില ആളുകളുണ്ട്, അവര്‍ അമ്പിയാക്കളൊ ശുഹദാക്കളൊ അല്ല. എന്നാല്‍, അന്ത്യനാളില്‍ അല്ലാഹുവില്‍ നിന്ന് അവര്‍ക്ക് ലഭിച്ച പദവികള്‍ കണ്ട് അമ്പിയാക്കളും ശുഹദാഉക്കളും അവരോട് താത്പര്യം കാണിക്കും. അപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരേ, അവരെപ്പറ്റി ഞങ്ങള്‍ക്കു പറഞ്ഞു തന്നാലും. പ്രവാചകന്‍(സ്വ) പറഞ്ഞു: രക്തബന്ധമൊ, സാമ്പത്തിക ബന്ധമൊ ഇല്ലാതെത്തന്നെ, അല്ലാഹുവിന്‍റെ കാരുണ്യത്താല്‍ പരസ്പരം സ്നേഹിച്ചവരാണ് ആ ആളുകള്‍. അല്ലാഹുവാണ! അവരുടെ മുഖങ്ങള്‍ പ്രകാശപൂരിതമായിരിക്കും. അവര്‍ പ്രകാശവലയത്തിലുമായിരിക്കും. ജനങ്ങള്‍ ഭയപ്പെടുമ്പോഴും അവര്‍ ഭയപ്പെടുകയില്ല. ജനങ്ങള്‍ ദു:ഖിക്കുമ്പോഴും അവര്‍ ദു:ഖിക്കുകയില്ല. ശേഷം നബി (സ്വ), സൂറത്തു യുനുസിലെ 62-മത്തെ സൂക്തമായ, ‘ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല’ എന്നര്‍ത്ഥമുള്ള ആയത്ത് ഓതുകയുണ്ടായി (അബൂദാവൂദ്)

പരസ്പര സ്നേഹമെന്നത് ക്രിയാത്മകമായിരിക്കണം. ഒരുവന്‍റെ സാന്നിധ്യത്തില്‍ അവനോടു കാണിക്കുന്ന കാട്ടിക്കൂട്ടലുകളല്ല അത്. അത്തരം പ്രകടനങ്ങള്‍ക്ക് സൗന്ദര്യമുണ്ടാകില്ല. സൗരഭ്യമുണ്ടാകില്ല. അവയ്ക്ക് ദീര്‍ഘായുസ്സുമുണ്ടാകില്ല ഇരുലോക ജീവിതത്തിലും യാതൊരു വിധ ഗുണലഭ്യതയും അതിന്നുണ്ടാകുകയുമില്ല. അന്യോന്യം യഥാര്‍ത്ഥ സ്നേഹം പകര്‍ന്നു ജീവിക്കുന്നവര്‍ക്ക് പ്രവാചക തിരുമേനിയുടെ ഒരു സന്തോഷ വര്‍ത്തമാനമുണ്ട്.

അബൂഹുറയ്റ(റ) നിവേദനം ചെയ്ത ഹദീസില്‍ അല്ലാഹുവിന്‍റെ റസൂല്‍(സ്വ) അരുളുന്നത് ഇപ്രകാരമാണ്: അന്ത്യനാളില്‍ അല്ലാഹു ചോദിക്കും: എന്‍റെ മഹത്വത്തിന്‍റെ പേരില്‍ പരസ്പരം സ്നേഹിച്ച ആളുകളെവിടെ? എന്‍റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത ഈ ദിവസം ഞാനവര്‍ക്ക് എന്‍റെ തണലിട്ടു കൊടുക്കുന്നതാണ്. (മുസ്ലിം)

അല്ലാഹുവിന്‍റെ പ്രീതിക്കും അന്ത്യദിനത്തിലെ അവന്‍റെ അനുഗ്രഹത്തിനും, സ്നേഹമെന്ന അമൂല്യമായ ഹൃദയവികാരത്തിന്‍റെ ആത്മാര്‍ത്ഥമായ പ്രകടനം വഴിവെക്കുമെന്നാണ് തിരുമൊഴിയുടെ സാരം! പരലോകത്തിലെ നന്മയും മേന്മയും കൊതിക്കുന്ന ഏതൊരു മുഅ്മിനും പ്രാധാന്യപൂര്‍വ്വം ശ്രദ്ധിക്കേണ്ട കാര്യമാണിത്.

പടച്ചവന്‍റെ പ്രീതിയെ ആശിച്ച് അന്യോന്യം സ്നേഹിക്കാനാകുക, ആ സ്നേഹബന്ധം അങ്ങനെത്തന്നെ നിലനില്‍ക്കേ മരിച്ചു പോകാനാകുക; പ്രിയപ്പെട്ടവരേ, അതൊരു മഹാഭാഗ്യമാണ്!

ഖിയാമത്തുനാളില്‍, അല്ലാഹുവിന്‍റെ തണലിന്‍റെ കുളിരനുഭവിക്കാനാകുന്ന ഏഴുവിഭാഗം ആളുകളെ പ്രവാചക തിരുമേനി(സ്വ) പരിചയപ്പെടുത്തിയിട്ടുണ്ട്. അല്ലാഹുവിന്‍റെ പേരില്‍ പരസ്പരം സ്നേഹിക്കുകയും, ആ സ്നേഹബന്ധത്തില്‍ തന്നെ മരിച്ചു പിരിയുകയും ചെയ്തവരാണ് അവരിലെ ഒരു വിഭാഗം. അബൂഹുറയ്റ(റ) നിവേദനം ചെയ്തിട്ടുള്ള പ്രസ്തുത ഹദീസ് ബുഖാരിയും മുസ്ലിമും രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രിയപ്പെട്ടവരേ, സ്വന്തം സഹോദരനെ ഉള്‍ക്കൊള്ളാന്‍,
അവനെ ഉപദേശിക്കാന്‍, അവന്‍റെ ഉപദേശങ്ങളെ സ്വീകരിക്കാന്‍,
അവന്‍റെ അവിവേകങ്ങളെ തിരുത്താന്‍, അവന്‍ നമ്മെ തിരുത്തുന്ന അവിവേകങ്ങളെ കയ്യൊഴിക്കാന്‍,
അവന്‍ നമ്മോട് ചെയ്ത അപരാധങ്ങള്‍ക്ക് മാപ്പു നല്‍കാന്‍, നമ്മള്‍ ചെയ്ത അപരാധങ്ങള്‍ക്ക് അവനോട് മാപ്പു ചോദിക്കാന്‍,
ഒരു വേള പിണങ്ങിയാല്‍പ്പോലും ക്ഷണവേഗത്തില്‍ ഇണക്കത്തിലേക്ക് കൈപിടിക്കാന്‍,
ജനമധ്യത്തില്‍ പരസ്പരം ആക്ഷേപിക്കാതിരിക്കാന്‍, തെറ്റുകുറ്റങ്ങളെ അന്യരില്‍ നിന്ന് മറച്ചുപിടിക്കാന്‍,
നമുക്ക് സന്തോഷം പകരുന്നവ നമ്മുടെ സഹാദരനും ഉണ്ടാകുന്നതിന് കൊതിക്കാന്‍, അതിന്നു വേണ്ടി പ്രാര്‍ത്ഥിക്കാന്‍, പരിശ്രമിക്കാന്‍ നമ്മുടെ സ്നേഹത്തിലൂടെ സാധ്യമാകുന്നുവെങ്കില്‍, അത് പത്തരമാറ്റുള്ള സ്നേഹമാണ്. അതിന് സൗരഭ്യമേറും. സൗന്ദര്യം കൂടും.

വ്യക്തികള്‍ക്കിടയിള്‍ പിണക്കം സ്വാഭാവികമാണ്. വിശ്വാസികള്‍ക്കിടയില്‍ പക്ഷെ, ഇണക്കം അതിനേക്കാള്‍ സ്വാഭാവികമാകണം. മുഅ്മിന്‍ ഇണങ്ങുന്നവനും ഇണക്കുന്നവനുമാകണം. ഇണങ്ങാത്ത, ഇണക്കാത്ത വിശ്വാസിയില്‍ യാതൊരു ഗുണവുമില്ല എന്നൊരുപദേശം പ്രവാചക ശ്രേഷ്ഠനില്‍ നിന്നും വന്നിട്ടുണ്ട്. മൂന്നു ദിവസത്തിലധികം സഹോദരങ്ങള്‍ പിണങ്ങിയിരുന്നു കൂടാ എന്നതും നബിയുപദേശമാണ്. പിണങ്ങി മാറിയ രണ്ടുപേരില്‍ ആദ്യം സലാം പറഞ്ഞ് സ്‌നേഹബന്ധം തുടങ്ങുന്നവനാണ് ഉത്തമനെന്നതും തിരുമേനി(സ്വ)യുടെ മൊഴിയാണ്.

പ്രിയപ്പെട്ടവരേ, നമുക്ക് പടച്ചവന്റെ പ്രീതിയും പരലോക പ്രതിഫലവും പ്രതീക്ഷിച്ച് ഗുണകാംക്ഷയോടെ സ്‌നേഹിതരായി ജീവിക്കാം. ചിരിച്ചും കളിച്ചും, കെറുവിച്ചും കഹലഹിച്ചും, പിണങ്ങിയും ഇണങ്ങിയും, നോവിച്ചും ആഹ്ലാദിച്ചും, കൊണ്ടും കൊടുത്തും അങ്ങനെയങ്ങനെ പച്ചമനുഷ്യരായി ജീവിക്കാം. സ്‌നേഹം കൈമോശം വരാതെ കാത്തുപോരാം. ഈമാനിന്റെ മധുരമായി സ്‌നേഹത്തിന്റെ സാന്നിധ്യത്തെ അനുഭവിക്കാം. പകയുടേയും ശത്രുതയുടേയും അസൂയയുടേയും കാട്ടുപന്നികള്‍ വിഹരിക്കുന്ന ഇരുള്‍മുറ്റിയ കാടകമാകാതെ, വിശ്വാസത്തിന്റെ പ്രകാശം പരന്ന നമ്മുടെ ഹൃദയത്തെ കാത്തുസൂക്ഷിക്കാം. തൗഫീഖ് നല്‍കുന്നവന്‍ അല്ലാഹുവാണ്. അതിന്നായി അവനോട് പ്രാര്‍ത്ഥിക്കാം.

Leave a Comment

Your email address will not be published. Required fields are marked *