രോഹിംങ്ക – മണ്ണില്ലാത്തവർക്കെന്ത് മനുഷ്യാവകാശങ്ങൾ

നാസറുദ്ദീന് മണ്ണാര്ക്കാട് എഴുതുന്നു.

ഇന്നത്തെ ലോക ജനതയിലെ ‘ലീസ്റ്റ് വാണ്ടഡ് ‘ ജനതയാണ് റോഹിങ്കൻസ്. അവരുടെ ജനിതക താഴ് വഴികൾ പോലും ഇതുവരെയും കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഇൻഡോ -ആര്യൻ ജനതയാണെന്നും അതല്ല ബംഗാൾ കുടിയേറ്റക്കാരാണെന്നും എഴുതി വെച്ചിട്ടുണ്ട്. പക്ഷെ ഒരു കാര്യമുറപ്പാണ്. അവർ നമ്മുടെ ജനതയാണ് എന്നാരും എഴുതി വെച്ചിട്ടില്ല.

അതിരുകളില്ലാത്ത മനുഷ്യർക്ക് പൗരത്വമില്ല. പൗരത്വമില്ലാത്തവർക്ക് ജീവിക്കാൻ അവകാശവുമില്ല കാരണം അവർ മനുഷ്യരുമല്ല. മനുഷ്യാവകാശങ്ങൾ മനുഷ്യർക്കുള്ളതാണ്. സമവാക്യങ്ങൾ വളരെ ലളിതമാണ്. ഇതേ സമവാക്യമനുസരിച്ചാണ് മധ്യകാല യൂറോപ്പിൽ 109 പ്രദേശങ്ങളിൽ നിന്ന് ജൂതന്മാരെ പീഡിപ്പിച്ചു ഓടിച്ചതും മൃഗങ്ങളുമായി മൽപ്പിടുത്തം നടത്താൻ എറിഞ്ഞു കൊടുത്തതും. നമുക്ക് മധ്യകാലത്ത് നിന്ന് റോഹിങ്കയിലേക്ക് തിരിച്ചു വരാം.

മൂന്നു വർഷങ്ങൾക്ക് മുൻപ് യസീദികൾക്ക് വേണ്ടി മുഖ ചിത്രം മാറ്റിയവരും മുറവിളി കൂടിയവരും പക്ഷെ റോഹിങ്കയിലെത്തുമ്പോൾ മൗനത്തിന്റെ വാൽമീകത്തിലാണ്. ആര് കൊല്ലപ്പെടുന്നു എന്ന് മാത്രമല്ല, ആര് കൊല്ലുന്നു എന്ന് കൂടി നോക്കിയാണ് ശരാശരി സമൂഹത്തിന്റെയും പൊതു ബോധം ഉണരുന്നത്. കൊല്ലപ്പെട്ടവർ റോഹിങ്കൻ ആണെങ്കിൽ കൊന്നു കൊണ്ടിരിക്കുന്നത് അഹിംസയുടെ പ്രവാചകനായ ബുദ്ധന്റെ അനുയായികളാണ്. അഹിംസ വാദികളായ ബുദ്ധന്മാർ വരെ കൊല്ലണമെങ്കിൽ എന്ത് മാത്രം നികൃഷ്ടരായിരിക്കണം റോഹിങ്കൻ സമൂഹം എന്ന് ന്യായീകരിക്കുന്നവരും കുറവല്ല. നമ്മളെത്ര വിചിത്ര ജീവികളാണ്!!

പൗരത്വം ഇല്ലാത്ത ജനതയായി പോയി എന്നത് മാത്രമാണ് റോഹിങ്കൻ ജനതയുടെ കുറ്റം. അത് കൊണ്ട് മാത്രമാണവർ തായ്ലാൻഡിനും ബർമ്മയ്ക്കുമിടയിലെ പുറം കടലിലേക്ക് തള്ളി വിടപെട്ടത്. അത് കൊണ്ട് മാത്രമാണവർ തന്തൂരി ചിക്കൻ പോലെ കമ്പിയിൽ കോർത്ത് ചൂടു കാഞ്ഞു വെന്ത് കിടന്നത്. അത് കൊണ്ട് മാത്രമാണവർ ശിരസ്സ് നെടുകെ പിളർന്നു ഇഞ്ചിഞ്ചായി മരിച്ചത്. അത് കൊണ്ട് മാത്രമാണവർ ചൂട് വെള്ളത്തിൽ ജീവനോടെ പുഴുങ്ങപ്പെട്ടത്.

റോഹിങ്കൻ കൂട്ടക്കൊലകളുടെ ചരിത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വെള്ളക്കാരൻ കാലിൽ ചങ്ങല കെട്ടി തോട്ടപ്പണിക്ക് കൊണ്ട് നടന്നിരുന്ന കഴിഞ്ഞ നൂറ്റാണ്ടുകളിലും ബുദ്ധ ഭിക്ഷുക്കളുടെ ‘അഹിംസയുടെ’ ചൂടറിഞ്ഞിട്ടുണ്ട് റോഹിംഗ്യൻസ്. 1940 കളിൽ കൂട്ടക്കുരുതിയുടെ ദുരിത പർവ്വങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ടവർ. പക്ഷെ ലോകം അനങ്ങിയില്ല. മനുഷ്യാവകാശ പ്രഖ്യാപനങ്ങളുടെ രജത രേഖകളിലെവിടെയും രോഹിൻഗ്യനെ മനുഷ്യനായി കാണണം എന്നെഴുതി വെച്ചില്ല. കാരണം അവർ മണ്ണില്ലാത്തവരാണ്‌. ദേശീയതയുടെ പെൻസിൽ വരകളിൽ എവിടെയും ഒരു തരി മണ്ണ് കണ്ടെത്താൻ കഴിയാത്തവർക്ക് വേണ്ടി ആര് ശബ്ദിക്കണം? അത് കൊണ്ട് അർത്ഥ ഗര്ഭമായ മൗനം നാമിനിയും തുടരും. കൃത്യമായ കണക്കുകൾ ഇല്ലെങ്കിലും ഒറ്റയടിക്ക് ഒന്നരമില്യൺ രോഹിങ്കികളെ ചാരമാക്കാൻ കഴിയുന്ന വല്ല ആയുധങ്ങളും കണ്ടുപിടിക്കാൻ ആധുനിക ശാസ്ത്രത്തിനു കഴിയുമെങ്കിൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാൻ കഴിയുമായിരുന്നു.

സ്‌കൂളിൽ പഠിക്കുമ്പോൾ പട്ടാളത്തിന്റെ അന്യായ തടവിൽ കഴിയുന്ന ആങ് സാൻ സൂചിയുടെ ചിത്രത്തിലേക്ക് സഹതാപത്തോടെ നോക്കിയിരുന്നിട്ടുണ്ട്. അവരുടെ മോചനം കൊതിച്ചിട്ടുണ്ട്. അതേ വ്യക്തിക്കെതിരെ തന്നെ രണ്ടു വരി എഴുതേണ്ടി വരുമെന്ന് നിനച്ചിരുന്നില്ല. സമാധാനത്തിന്റെ നോബൽ സമ്മാനം ഷോക്കേസിൽ വെച്ച് കൊണ്ട് അവർ പുലർത്തുന്ന മൗനമുണ്ടല്ലോ, അനീതിയുടെ കാലത്ത് പുലർത്തുന്ന മൗനം അതിനോട് പങ്കു ചേരലാണ് എന്ന് കാലം വിലയിരുത്തിക്കഴിഞ്ഞു.

ഭീകരതയ്ക്ക് മതമില്ലെന്ന് ആര് പറഞ്ഞു. മതങ്ങൾ ഇല്ലെന്നല്ലേ ശരി. അത് കൊണ്ടാണ്
നമ്മുടെ പൊതു ബോധത്തിൽ എവിടെയും അശ്വിൻ വിറാത് എന്ന ബുദ്ധ സന്യാസിക്ക് ഭീകര രൂപമില്ലാതെ പോയത്. ഭീകരന്മാർക്ക് മിനിമം താടിയെങ്കിലും വേണം. വെറും താടിയല്ല. താടിയുടെ ഉടമയ്ക്ക് ഒരു അറബി പേരും വേണം. അതില്ലാത്ത കാലത്തോളം ഇതൊന്നും ഭീകരതയല്ല.ഈ പൊതുബോധത്തിന്റെ ഓരം ചേർന്ന് നിൽക്കാനാണ് എനിക്കുമിഷ്ടം. എല്ലാ മനുഷ്യർക്കും അവകാശങ്ങൾ ഉണ്ടെന്നും എല്ലാ ഭീകരതയും ഭീകരതയാണെന്നും തൽക്കാലം നമുക്ക് മറക്കാം. റോഹിങ്കളെയും നമുക്ക് സൗകര്യ പൂർവ്വം വിസ്മരിക്കാം. നാമെന്തിനാണ് വെറുതെ ഇരവാദം മുഴക്കി വേട്ടക്കാർക്ക് കണ്ണിനു കുളിർമ്മ നൽകുന്നത്.

ഡിയർ റോഹിങ്കൻസ്. നിങ്ങൾ മരിക്കുക.നിങ്ങൾക്ക് വേണ്ടി മുഖപടം മാറ്റാൻ ഞങ്ങളില്ല. അല്ലെങ്കിലും നല്ലൊരു സുന്ദരമായ ക്ളോസപ്പ് ചിത്രം പോലുമില്ലാത്ത നിങ്ങളുടെ മുഖം ഞങ്ങൾക്കെന്തിനാണ്.

(റോഹിൻഗ്യകൾക്ക് വേണ്ടി ഒന്നും എഴുതുന്നില്ലെന്നു കരുതിയിരിക്കുമ്പോൾ എന്നെ പ്രേരിപ്പിച്ച ഇടത് മനസ്സുള്ള സുഹൃത്തിന് )

Leave a Comment

Your email address will not be published. Required fields are marked *