റമദാന്, നീ യാത്രപറയുമ്പോള്‍
എന്റെ കണ്തടങ്ങള് നിറഞ്ഞൊഴുകുന്നുണ്ട്.
പ്രിയപ്പെട്ടവരെ യാത്രയാക്കുന്നവന്റെ
മനോവ്യഥ തിരക്കിനില്ക്കുന്നുണ്ട്.
കൈനിറയെ ഇലാഹീ സമ്മാനങ്ങളുമായി
നീ ഞങ്ങളില്‍ വന്നിറങ്ങി.
പാപപങ്കിലരായ ഞങ്ങള്‍ക്ക് നരകാഗ്നിയില്‍ നിന്നുള്ള
മോചനം നിന്റെ രാപ്പകലുകളിലായിരുന്നല്ലൊ നാഥന് ഒരുക്കിയത്!
നോമ്പെടുത്തു, രാത്രിയില്‍ നമസ്കരിച്ചു,
ദിക്റുകളിലും ദുആഉകളിലും -കുറവേറെയുണ്ടെങ്കിലും- വ്യാപരിച്ചു.
ഗദ്ഗദം മുഴങ്ങിയ മസ്ജിദുകള്‍
കണ്ണീരുവീണ നിസ്കാരപ്പായകള്‍
നാഥാ! പാപികളാണു ഞങ്ങള്‍, പാവങ്ങളാണു ഞങ്ങള്‍,
നിന്റെ കരുണയുടെ കുളിര്‍ജലം കൊണ്ട്
ഞങ്ങളെ അനുഗ്രഹിച്ചാലും.
നീയല്ലാതെ വേറെ ആരുണ്ട് ഞങ്ങളെ കേള്‍ക്കാന്‍!
നരകാഗ്നിയില്‍ നിന്നുള്ള മോചനവും
റയ്യാനിലൂടെയുള്ള സ്വര്‍ഗ്ഗപ്രവേശവും നാഥാ! ഞങ്ങളുടെ ആഗ്രഹമാണ്.
നീ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു.
ഞങ്ങളിതാ ഖല്‍ബു നിറയെ പ്രാര്‍ത്ഥിക്കുന്നു; സ്വീകരിച്ചാലും.
പ്രിയപ്പെട്ടവരുടെ വരവും പോക്കും വളരെ പെട്ടെന്നായി നമുക്കനുഭവപ്പെടും. അവര്‍ നമ്മോടൊപ്പം ഒരു മാസം കഴിഞ്ഞാലും കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് പോയാല്‍ പോരെ എന്ന് നാം അവരോട് ചോദിക്കും.
റമദാന് നമ്മുടെ പ്രിയപ്പെട്ട മാസങ്ങളില്‍ ഒന്നായിരുന്നു. വന്നവേഗതയിലാണ് അതിന്റെ പോക്ക് എന്ന അനുഭവമാണ് വിശ്വാസികളായ നമുക്ക്. റമദാന് എത്രപെട്ടെന്നാണ് പോകുന്നത് എന്ന് പറയാത്ത ഒരു മുഅ്മിനുമുണ്ടാകില്ല. അവസാനത്തെ ദിനങ്ങളിലേക്ക് കടക്കുമ്പോള്‍ വ്യത്യസ്ത വികാരങ്ങളാണ് നമുക്കുള്ളത്. എല്ലാം ഈമാനില്‍ ചാലിച്ച വികാരങ്ങള്‍!
റമദാന് പോകുകയാണ്! അതിനോടൊപ്പം നമ്മളും പോകുമൊ എന്നറിയില്ലെങ്കിലും, റമദാന് മാത്രം പോകുകയാണ് എന്ന വിശ്വാസത്തിലാണ് നാം. റമദാനില്‍ നിന്നും അവശേഷിക്കുന്ന കുറച്ചു ദിവസങ്ങള്‍, ഏതു സമയവും മരണമെത്താം എന്ന് പ്രതീക്ഷിക്കുന്ന മുഅ്മിനിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്.
റമദാനിലെ പിന്നിട്ട ദിവസങ്ങളും നിമിഷങ്ങളും നാം ഗൗരവത്തോടെ ചിന്തയ്ക്കെടുക്കുന്നുണ്ടാകും. മനസ്സില്‍ വിശുദ്ധിയെ കൊതിച്ചാണ് നമ്മളൊക്കെ നോമ്പുകാലത്തേക്ക് പ്രവേശിച്ചത്. ഈമാനോടെയും ഇഹ്തിസാബോടേയും നോമ്പെടുക്കുന്നവനും, ഈമാനോടെയും ഇഹ്തിസാബോടേയും രാത്രി നമസ്കാരം നിര്‍വഹിക്കുന്നവനും ജീവിതത്തില്‍ വന്നുപോയ ഗതകാല പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കുമെന്ന, പ്രവാചക ഉപദേശം കേട്ടാണ് നാം റമദാന് തുടങ്ങിയത്. സത്യത്തില്‍ അങ്ങനെത്തന്നെയായിരുന്നുവൊ നമ്മുടെ നോമ്പും നമസ്കാരവും എന്ന് എല്ലാവരും ചിന്തിക്കുക. അതുവഴി അല്ലാഹുവില്‍ നിന്നുള്ള പാപമോചനത്തിന് സാധിച്ചിട്ടുണ്ടാകുമൊ എന്നും ആലോചിക്കുക.
അനാവശ്യ വര്‍ത്തമാനങ്ങളും ചീത്ത പ്രവൃത്തികളും, ശബ്ദകോലാഹലങ്ങളും, വിവരദോഷങ്ങളും നോമ്പുകാരന് ഒഴിവാക്കേണ്ടതുണെന്ന് നാം പഠിച്ചിരുന്നു. വിശ്വാസി ശീലിച്ചെടുക്കേണ്ട സല്സ്വഭാവങ്ങള് ഈ നോമ്പുകാലത്ത് നാം കരസ്ഥമാക്കിയിട്ടുണ്ടൊ എന്നും ആലോചിച്ചു നോക്കുക.
നോമ്പ് നരകാഗ്നിയില്‍ നിന്ന് വിശ്വാസികളെ സംരക്ഷിക്കുന്ന പരിചയാണെന്ന പ്രവാചക വചനം റമദാനിന്റെ തുടക്കത്തില്‍ നാം മനസ്സിലാക്കിയിരുന്നു. നാമനുഷ്ഠിച്ച നോമ്പുകള്‍ നരകാഗ്നിയില്‍ നമുക്ക് രക്ഷപ്പെടാനുതകും വിധം നിര്വഹിച്ചിരുന്നുവൊ എന്നും ചിന്തിക്കുക. ഏതൊരു കര്‍മ്മവും ഹൃദയത്തിലെ ഇഖ്ലാസ്വിനെ, അഥവാ നിയ്യത്തിനെ ആസ്പദിച്ചാണ് അല്ലാഹുവിങ്കല്‍ സ്വീകാര്യമാകുന്നത് എന്ന് നമുക്കറിയാം. ഈ നോമ്പുകാലത്തെ കര്‍മ്മങ്ങളിലെല്ലാം എത്രകണ്ട് കീഴ് വഴക്കവും ഇഖ്ലാസും അല്ലാഹുവിനോട് കാണിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട് എന്നതും നമ്മുടെ ശ്രദ്ധയില്‍ വരേണ്ടതുണ്ട്.
മാലിന്യം നീക്കപ്പെട്ട മനസ്സിന്റെ ഉടമകളാണ് നാമിപ്പോള്‍. ചെയ്ത് കൂട്ടിയ കര്‍മ്മങ്ങള്‍ നാഥാ, നീ സ്വീകരിക്കണേ എന്ന പ്രാര്‍ഥനയിലാണ് ഹൃദയം. ഇനി ജീവിതത്തില്‍ സൂക്ഷ്മത അധികം വേണം. കൃത്യവും ശ്രമകരവുമായ ദൗത്യത്തിലൂടെ ഹൃദയമാലിന്യങ്ങള്‍ കഴുകിക്കളയാനായി എന്നത് സത്യമാണ്. എന്നാല്‍ അതിലും വലിയ സത്യമാണ്, നമ്മുടെ ജീവിത ചുറ്റുപാടുകള്‍ ഇപ്പോഴും മലീമസമാണ് എന്നത്. അല്ലാഹുവിന്റെ സാന്നിധ്യത്തെ ഭയക്കാനും, ദേഹേച്ഛകള്‍ക്ക് കടിഞ്ഞാണിടാനും ശീലിച്ചു കഴിഞ്ഞ സ്ഥിതിക്ക്, നന്മകളെ തേടാനും പുല്കാനും കൂടുതല്‍ ശുഷ്കാന്തി കാണിക്കുകയാണ് വിവേകം. കഴുകി മാറ്റിയ കറകളിലേക്കും, ദൂരെയാക്കിയ ദു:ശ്ശീലങ്ങളിലേക്കും, ദുഷ്ചെയ്തികളിലേക്കും ഇനിയും സ്വന്തം ജീവിതത്തെ ഇട്ട് കൊടുക്കുന്നുവെങ്കില്‍, റമദാനില്‍ നാമൊഴുക്കിയ പശ്ചാത്താപക്കണ്ണീരിന്റെ വില അത് ശൂന്യമാക്കും.
പ്രവചാക ശ്രേഷ്ഠന്റെ സാരോപദേശം ഹൃദയത്തില്‍ പ്രത്യേകം സൂക്ഷിക്കുക. അവിടുന്നരുളുകയുണ്ടായി:
“ഇരുള് മുറ്റിയ രാത്രിഖണ്ഡങ്ങള് പോലെ കുഴപ്പങ്ങള്‍ സംജാതമാകുന്നതിനു മുമ്പെ, സല്‍കര്‍മ്മങ്ങള്‍ ചെയ്യാന്‍ മുന്നിട്ടിറങ്ങുക. പ്രഭാതത്തില്‍ മുഅ്മിനായിരുന്ന വ്യക്തി വൈകുന്നേരമാകുമ്പോഴേക്കും കാഫിറാകുന്ന അവസ്ഥയുണ്ടാകും. വൈകുന്നേരം മുഅ്മിനായിരുന്ന വ്യക്തി പ്രഭാതമാകുമ്പോഴേക്കും കാഫിറാകുന്ന അവസ്ഥയുമുണ്ടാകും. മറ്റൊന്നു കൊണ്ടുമല്ല; ദുനിയാവിന്റെ വിഭവങ്ങള്‍ക്കായി അവന് തന്റെ ദീനിനെ വില്ക്കുമ്പോഴാണത് സംഭവിക്കുന്നത്.” (മുസ്ലിം)
പ്രിയപ്പെട്ടവരെ, നമ്മുടെ കര്‍മ്മങ്ങളെല്ലാം അല്ലാഹു സ്വീകരിക്കണം. അതിന്നുവേണ്ടി പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ പ്രാര്‍ത്ഥിക്കണം. ഖലീലുല്ലാഹി ഇബ്റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും കഅബാലയത്തിന്റെ അടിത്തറയില്‍ ഭവനം പണിതുയര്‍ത്തിയതിനു ശേഷം നടത്തിയ ഒരു പ്രാര്‍ത്ഥന ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. “റബ്ബനാ തഖബ്ബല്‍ മിന്നാ ഇന്നക്ക അന്ത സ്സമീഉല്‍ അലീം” എന്നതാണ് ആ പ്രാര്‍ത്ഥന. “ഞങ്ങളുടെ രക്ഷിതാവേ ഞങ്ങളില്‍ നിന്ന് നീ സ്വീകരിക്കേണമെ നീ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാണല്ലൊ” എന്നാണ് പ്രസ്തുത പ്രാര്‍ത്ഥനയുടെ ആശയം.
നമുക്കും പ്രാര്‍ത്ഥിക്കാം, അല്ലാഹുവേ, ഞങ്ങളുടെ സ്വാലിഹായ കര്‍മ്മങ്ങളെല്ലാം നീ സ്വീകരിക്കുകയും റയ്യാനിലൂടെയുള്ള സ്വര്‍ഗ്ഗപ്രവേശത്തിന് തൗഫീഖരുളുകയും ചെയ്യേണമെ. അല്ലാഹു തആല നമ്മുടെ എല്ലാ സ്വാലിഹായ പ്രവര്‍ത്തനങ്ങളേയും സ്വീകരിക്കട്ടെ.