മുസ്ലിം വേട്ടക്ക് പിന്തുണയുമായി മാതൃഭൂമി

കോഴിക്കോട്: ഭീകരവേട്ടയുടെ മറവില്‍ നിലവാരമുള്ള മുസ്്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ക്കുവാന്‍ കേരളാ പോലീസിലെ സംഘ് പരിവാര്‍ മനസ്സുള്ള ചില ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ഹീന പദ്ധതിക്ക് തുറന്ന പിന്തുണയുമായി മാതൃഭൂമി ദിനപത്രം രംഗത്ത്. എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കിയ പാഠപുസ്തകങ്ങളനുസരിച്ച് മറ്റെല്ലാ സി.ബി.എസ്.ഇ സ്‌കൂളുകളെയും പോലെ സ്‌കൂള്‍ വിഷയങ്ങള്‍ വ്യവസ്ഥാപിതമായി പഠിപ്പിച്ചു കൊണ്ടിരിക്കുന്ന എറണാകുളം പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ‘മതകരിക്കുലം’ ആണ് പഠിപ്പിക്കുന്നതെന്ന് വ്യാജമായി ആരോപിച്ച് റജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന കേസിനെ അനുമോദിച്ചുകൊണ്ടുള്ള മുഖപ്രസംഗവുമായാണ് പത്രം ഒക്ടോബര്‍ പത്തിന് പുറത്തു വന്നിരിക്കുന്നത്.

സി.ബി.എസ്.ഇ സിലബസിന്റെ കൂടെ ഇന്‍ഡ്യന്‍ ഭരണഘടന നല്‍കുന്ന അനുമതി പ്രകാരം കുറച്ചു സമയം മുസ്്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് മതപഠനത്തിന് അവസരം നല്‍കുക മാത്രമാണ് പീസ് ചെയ്യുന്നത്. ചിന്മയാ മിഷന്‍ സ്‌കൂളുകളും വിവിധ കോണ്‍വെന്റ് സ്‌കൂളുകളുമെല്ലാം ചെയ്യുന്ന കാര്യം മാത്രമാണിത്. കേരളത്തില്‍ വിവിധ മുസ്്‌ലിം സംഘടനകള്‍ നടത്തുന്ന അനേകം സ്‌കൂളുകളില്‍ ഇതേ സൗകര്യമുണ്ട്. ഇതു മറച്ചുവെച്ച് സ്‌കൂളിലെ മതപഠന സൗകര്യത്തെക്കുറിച്ച് അവ്യക്തമായ പദപ്രയോഗങ്ങള്‍ നടത്തി എറണാകുളത്ത് ഒരു ഭീകരവാദ കേന്ദ്രം പ്രവര്‍ത്തിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാനാണ് പോലീസ് ശ്രമിച്ചത്.

ഭീകരവാദത്തിനെതിരെ ഇസ്്‌ലാമിക പ്രമാണങ്ങളുപയോഗിച്ച് ജനങ്ങളെ ബോധവല്‍കരിക്കുന്നതില്‍ മുന്‍പന്തിയിലുള്ള പീസിന്റെ അണിയറ ശില്‍പികളെ ഭീകരതയുമായി ചേര്‍ത്ത്‌കെട്ടി സ്‌കൂള്‍ പൂട്ടിക്കാനുള്ള ശ്രമം മുസ്്‌ലിം വിദ്യാഭ്യാസ നവോത്ഥാനത്തെ തകര്‍ക്കാനുള്ള ആര്‍.എസ്.എസ് അജണ്ടയാണെന്ന് ഇതിനകം വ്യാപകമായി ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്. പീസിനെതിരായ കുപ്രചരണങ്ങളെയും പോലീസ് അതിക്രമങ്ങളെയും ഒറ്റക്കെട്ടായി ചെറുക്കണമെന്നാവശ്യപ്പെട്ട് മുസ്്‌ലിം യൂത്ത്‌ലീഗ് നേതാവ് നൗഷാദ് മണ്ണിശ്ശേരി, എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്അബ് കീഴരിയൂര്‍, ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, ഐ.എസ്.എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡണ്ട് ജാബിര്‍ അമാനി, സോളിഡാരിറ്റി പ്രസിഡണ്ട് ശാക്കിര്‍ വേളം, എം.എസ്.എം പ്രസിഡണ്ട് മുസ്തഫാ തന്‍വീര്‍, എം.എസ്.എം മര്‍കസുദ്ദഅ്‌വ പ്രസിഡണ്ട് ജലീല്‍ മാമാങ്കര, എസ്.ഐ.ഒ പ്രസിഡണ്ട് നഹാസ് മാള എന്നിവര്‍ സംയുക്തമായി നടത്തിയ പ്രസ്താവന സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സ്‌കൂളിനെതിരെ നടക്കുന്ന ഗൂഢാലോചനയെ ശക്തമായി തുറന്നു കാണിക്കാനും ഇവ്വിഷയകമായി മുസ്്‌ലിം ഐക്യം വളര്‍ത്തിക്കൊണ്ടു വരാനും മുസ്്‌ലിം ലീഗ് നേതൃത്വം ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. മതപഠനം മഹാഅപരാധമാണെന്നും അത് മതനിരപേക്ഷതക്ക് വിരുദ്ധമാണെന്നുമുള്ള മട്ടില്‍ മതേതരത്വത്തെക്കുറിച്ചുള്ള തീര്‍ത്തും ഉപരിപ്ലവമായ ധാരണകള്‍ പങ്കുവെക്കുന്ന മുഖ പ്രസംഗമാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ ഈ ധാരണകള്‍ തന്നെ കേവല വര്‍ഗീയതയുടെ പ്രകാശനമാണെന്ന് മുഖപ്രസംഗത്തിലെ വരികള്‍ വ്യക്തമാക്കുന്നുണ്ട്. മതപഠനത്തിനവസരമുള്ള ഹിന്ദു- ക്രിസ്ത്യന്‍ സ്‌കൂളുകളെയൊന്നും മുഖപ്രസംഗം പരാമര്‍ശിക്കുന്നു പോലുമില്ല. ‘മതം’ എന്ന വാക്കുകൊണ്ട് മുഖപ്രസംഗക്കാരന്‍ ഉദ്ദേശിക്കുന്നത് ഇസ്്‌ലാമിനെ മാത്രമാണെന്ന് വ്യക്തമാണ്.

ഇസ്്‌ലാം പഠിക്കുവാനോ പഠിപ്പിക്കുവാനോ ഇന്‍ഡ്യയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും അനുവാദമുണ്ടാകരുതെന്ന ഫാഷിസ്റ്റ് മനോഭാവം തന്നെയാണ് വാക്കുകളില്‍ തെളിഞ്ഞു നില്‍ക്കുന്നത്. ഇസ്്‌ലാം അപകടകരമായ മതമാണെന്നും ഇസ്്‌ലാം പഠനം ഭീകരവാദികളെ സൃഷ്ടിക്കുമെന്നുമാണ് പത്രം ധ്വനിപ്പിക്കാന്‍ ശ്രമിക്കുന്നത്. മതപഠനത്തിന് അവസരമുണ്ടെന്നതുകൊണ്ട് പീസ് സ്‌കൂള്‍ ഭീകരോല്‍പാദന കേന്ദ്രവും മതനിരപേക്ഷ സമൂഹത്തിന് ഭീഷണിയുമാണെന്ന് ധ്വനിപ്പിക്കുവാന്‍ ശ്രമിക്കുന്ന മുഖപ്രസംഗം പീസിനെയല്ല, മറിച്ച് ഇസ്്‌ലാമിനെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് എന്ന കാര്യം സുതരാം വ്യക്തമാണ്. ഇസ്‌ലാമിക് സ്‌റ്റെയ്റ്റുമായി മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൂട്ടിക്കെട്ടി വന്‍ ഭരണകൂട ഭീകരതക്ക് പരിസരമൊരുക്കുന്നതാണ് മുഖപ്രസംഗം. ഇസ്‌ലാമിനോടും മുസ്‌ലിംകളോടും കടുത്ത വിദ്വേഷം വെച്ചുപുലര്‍ത്തുന്നവരാണ് പത്രാധിപമുറികളിലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച മാതൃഭൂമി ദേശീയ പത്രമെന്ന് സ്വയം അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് ഗോള്‍വാള്‍ക്കറിന്റെ ഹിന്ദുദേശീയത മാത്രമായിരിക്കാനേ തരമുള്ളൂ.

പീസ് സ്‌കൂളില്‍ പഠിപ്പിക്കപ്പെടുന്ന മതപാഠങ്ങളില്‍ ‘സ്പര്‍ധ’ വളര്‍ത്തുന്ന പരാമര്‍ശങ്ങളുണ്ടെന്ന പൊലിസ് കളവിനെയും മാതൃഭൂമി വരികള്‍ക്കിടയില്‍ ഒളിച്ചുകടത്തിയിട്ടുണ്ട്. ഇന്‍ഡ്യന്‍ ഫാഷിസം പോറ്റിവളര്‍ത്തുന്ന മാധ്യമ ഗീബല്‍സുമാരില്‍ പ്രമുഖനാണ് ‘മാതൃഭൂമി’യെന്ന വസ്തുതയാണ് ഇതുവഴി അനാവൃതമാക്കുന്നത്. സ്പര്‍ധ വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ എന്ന ആരോപണം വസ്തുതകളുമായി വിദൂരബന്ധം പോലും പുലര്‍ത്തുന്നില്ലെന്ന് വ്യക്തമാക്കി സ്‌കൂളിലെ നിരവധി രക്ഷിതാക്കള്‍ നവമാധ്യമങ്ങളില്‍ രംഗത്തുവന്നിരുന്നു. ധാരാളം അമുസ്‌ലിം അധ്യാപക-അനധ്യാപക ജീവനക്കാരും വിദ്യാര്‍ഥികളും ഉള്ള ഒരു സ്‌കൂളിനെകുറിച്ച് നട്ടാല്‍ മുളക്കാത്ത ഇത്തരം നുണകള്‍ പറയാന്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെയാണ് കഴിയുന്നത് എന്ന് ഇവരില്‍ പലരും ചോദിക്കുന്നു. സ്‌കൂളിനെതിരെ നടക്കുന്ന ദുരുപദിഷ്ടമായ കുപ്രചരണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഇന്നലെ എറണാകുളത്ത് അധ്യാപക-രക്ഷാകര്‍തൃയോഗം വന്‍ ജനപങ്കാളിത്തത്തോടെ നടന്നിരുന്നു.

സ്പര്‍ധയും വിദ്വേഷവും പിഞ്ചുമനസ്സുകളില്‍ കുത്തിവെക്കുകയും വര്‍ഗീയതയുടെ കുടുസ്സുമുറികളില്‍ അവരെ തളക്കുകയും ചെയ്യുന്ന പാഠഭാഗങ്ങള്‍ പഠിപ്പിക്കുകയും ശാസ്ത്രവും സാമൂഹ്യ ശാസ്ത്രവുമടക്കം ഹിന്ദുത്വവര്‍ഗീയതയുടെ വികൃതഭാവനകള്‍ക്കനുസരിച്ച് മാറ്റി എഴുതിയിട്ടുള്ള പാഠപുസ്തകങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്‍ഡ്യയില്‍ നടത്തുന്നത് സംഘ്പരിവാറാണ്. പരിവാറിന്റെ വിദ്യാഭ്യാസ ഏജന്‍സിയായ വിദ്യാഭാരതിയും സംഘം നടത്തുന്ന സരസ്വതി ശിശുമന്ദിറുകളും കനത്ത ആഘാതമാണ് നാട്ടിലെ സമുദായമൈത്രിക്കേല്‍പിക്കുന്നത്. കേരളത്തിലടക്കം വിവിധ കോണ്‍വെന്റ് സ്‌കൂളുകളില്‍ ക്രൈസ്തവ മതാചാരങ്ങളില്‍ ഇതരമതവിശ്വാസികളെ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കുന്നതും മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിശ്വാസത്തിന്റെ ഭാഗമായിട്ടുള്ള ശിരോവസ്ത്രത്തിന് അവകാശം നിഷേധിക്കുന്നതും പലതവണ വാര്‍ത്തയായതാണ്. വര്‍ഗീയത പടര്‍ത്തുകയും മതം അടിച്ചേല്‍പിക്കുകയും മതസ്വാതന്ത്ര്യം നിഷേധിക്കുകയുമെല്ലാം ചെയ്യുന്ന ഇവയ്‌ക്കെതിരെയൊന്നും യാതൊരുപരാമര്‍ശവും നടത്താതെ പീസ് സ്‌കൂളിനുമേല്‍ കുതിരകയറാന്‍ സന്നദ്ധമായ ‘ദേശീയ’ പത്രത്തിന്റെ ‘അസുഖം’ വേറെയാണെന്ന് തങ്ങള്‍ക്കറിയാമെന്ന് പല മുസ്‌ലിം ചെറുപ്പക്കാരും ഫെയ്‌സ് ബുക്കില്‍ പ്രതികരിച്ചു.

മലബാര്‍ കലാപത്തിന്റെ വാര്‍ത്തകള്‍ വളച്ചൊടിച്ചവതരിപ്പിച്ച മാതൃഭൂമിക്ക് മറുപടി പറയുകയായിരുന്നു മുഹമ്മദ് അബ്ദുര്‍റഹ്മാന്റെ അല്‍ അമീന്റെ ലക്ഷ്യങ്ങളിലൊന്ന്. അന്നുമുതല്‍ തന്നെ മുസ്‌ലിം വിരുദ്ധത പത്രത്തിന്റെ രക്തത്തിലുണ്ട്. എണ്‍പതുകളിലെ ശരീഅത്ത് വിവാദ കാലത്ത് അതിന്റെ ഏറ്റവും വികൃതമായ മുഖം പുറത്തുവന്നു. നബിനിന്ദ നടത്തി ഏതാനും മാസങ്ങള്‍ക്കു മുമ്പ് വീണ്ടും മാതൃഭൂമി വിഷം തുപ്പിയിരുന്നു. വാര്‍ത്തകളിലെല്ലാം സംഘ്പരിവാര്‍ പരിപ്രേക്ഷ്യമാണ് പത്രം പൊതുവില്‍ സ്വീകരിച്ചുവരാറുള്ളത്. പൊലീസിന്റെ പുതിയ ന്യൂനപക്ഷ വേട്ടക്ക് വാര്‍ത്തകളൊന്നും പോരെന്നുതോന്നി മുഖപ്രസംഗം തന്നെയെഴുതി പിന്തുണ നല്‍കിയതോടെ മാതൃഭൂമിയുടെ ഫാഷിസ്റ്റ് ദ്രംഷ്ടകള്‍ മറയൊന്നുമില്ലാതെ വിണ്ടും പുറത്തേക്ക് നീളുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *