ഹവാന: കൊമ്മ്യൂണിസ്റ് ക്യൂബയുടെ സ്ഥാപകൻ ഫിദൽ കാസ്ട്രോ മരണമടയുന്നത് അദ്ദേഹത്തിന്റെ മുൻകയ്യിൽ മാർക്സിസ്റ്റു ബുദ്ധിജീവികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിക്കൊണ്ട് നടന്ന ‘അപ്പേർച്ചറ’ (apertura) പരിഷ്ക്കാരങ്ങൾക്ക് കാൽ നൂറ്റാണ്ട് തികയുന്ന വേളയിൽ. അമേരിക്കൻ പിന്തുണയുണ്ടായിരുന്ന ഏകാധിപതി ബാറ്റിസ്റ്റയെ 1959ൽ വർഷങ്ങളോളം നീണ്ട ഗറില്ലാ പോരാട്ടങ്ങൾക്കൊടുവിൽ ഫിദലിന്റെയും സഹോദരൻ റൗളിന്റെയും നേതൃത്വത്തിൽ സായുധ വിപ്ലവകാരികൾ അട്ടിമറിച്ചതിനെത്തടർന്നാണ് ഫിദൽ ക്യൂബയുടെ അധികാരമേൽക്കുന്നതും ക്യൂബ ‘ചുവന്ന’ കാലത്തിലേക്ക് പ്രവേശിക്കുന്നതും. അർജന്റീനയിൽ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന ചെ ഗുവേര ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങളെ യു. എസിന്റെ സാമ്രാജ്യത്വ നയങ്ങൾ ചൂഷണം ചെയ്യുന്നത് ചൂണ്ടിക്കാണിച്ച് അമേരിക്കൻ പാവ ഭരണകൂടങ്ങൾക്കെതിരിൽ കൊമ്മ്യൂണിസ്റ്റ് ആശയാടിത്തറകളിൽ നിന്നുകൊണ്ടുള്ള ഒളിപ്പോരുകൾക്ക് കോപ്പുകൂട്ടിക്കൊണ്ടിരുന്ന സമയത്താണ് ക്യൂബൻ വിപ്ലവം ആസൂത്രണം ചെയ്യപ്പെടുന്നത്.
വിപ്ലവത്തിൽ ആവേശപൂർവം പങ്കുകൊണ്ട ഗുവേര കാസ്ട്രോ ഭരണകൂടത്തിന്റെ ഭാഗമായെങ്കിലും മറ്റു രാഷ്ട്രങ്ങളിലും സമാനമായ അട്ടിമറികൾക്ക് ശ്രമിക്കുന്നതിനുവേണ്ടി ഒളിജീവിതത്തിലേക്ക് പിൻവാങ്ങുകയായിരുന്നു. ബൊളീവിയൻ കാടുകളിൽ ഗറില്ലാ പ്രവർത്തനങ്ങൾക്കിടെ അദ്ദേഹം അമേരിക്ക ആസൂത്രണം ചെയ്ത വെടിവെപ്പിൽ കൊല്ലപ്പെടുകയാണുണ്ടായത്. ഫിദലും ഗുവേരയും അവർ തമ്മിലുണ്ടായ ഗാഢമായ ആത്മസൗഹൃദവും അത് വിപ്ലവത്തിനുനൽകിയ ഊർജവുമെല്ലാം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും കാല്പനികമായ മാർക്സിസ്റ്റ് രാഷ്ട്രീയ ബിംബങ്ങൾ ആയിരുന്നു. എന്നാൽ ഭരണകൂടങ്ങളെ ഒളിപ്പോരുകൾ വഴി വിസ്ഥാപിച്ച് വ്യവസ്ഥിതി മാറ്റത്തിലൂടെ രാഷ്ട്രീയ മാറ്റത്തിന് ശ്രമിക്കുക എന്ന ഈ ആശയമാണ് ഭീകരപ്രസ്ഥാനങ്ങൾക്കെല്ലാം വഴിയും വെളിച്ചവുമായത് എന്ന വസ്തുത ഭീകരവാദവുമായി ബന്ധപ്പെട്ട ചർച്ചകളിലെല്ലാം പൊതുവിൽ തമസ്കരിക്കപ്പെടുകയാണ് ചെയ്യാറുള്ളത്.
അമേരിക്കയുടെ തൊട്ട അയൽപക്കത്ത് ഒരു വിമതശബ്ദമായി ക്യൂബ നിലവിൽ വന്നത് സാമ്രാജ്യത്വവിരുദ്ധ മനോഭാവമുള്ളവരുടെയെല്ലാം അനുഭാവം കാസ്‌ട്രോക്ക് നേടിക്കൊടുത്തിരുന്നു. സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുള്ള പോരിന് സോവിയറ്റു മനസ്സുള്ള ക്യൂബ പുതിയ എരിവ് പകർന്നു. വിപ്ലവം നടന്നയുടനെ പുതിയ ക്യൂബൻ ഗവണ്മെന്റിനെതിരെ അമേരിക്ക നടത്തിയ രഹസ്യ സൈനിക നീക്കവും അതിനോടുള്ള പ്രതികരണം എന്ന നിലയിൽ സോവിയറ്റ് റഷ്യ ക്യൂബയിൽ വിന്യസിച്ച, അമേരിക്കയെ ലക്ഷ്യമാക്കിയുള്ള ബാലിസ്റ്റിക് ന്യൂക്ളിയാർ മിസൈലുകളും അന്താരാഷ്ട്രീയ ബന്ധങ്ങളിൽ വലിയ കോളിളക്കങ്ങളാണുണ്ടാക്കിയത്. ഫലസ്ത്വീൻ പ്രശ്നത്തിൽ ഫിദൽ നടത്തിയ ഇസ്രായേൽ വിരുദ്ധ പ്രസ്താവനകൾ മുസ് ലിം ചെറുപ്പക്കാരെ വലിയ അളവിൽ സ്വാധീനിച്ചു. ശീഈ വിപ്ലവത്തെ തുടർന്ന് നിലവിൽ വന്ന ഖുമൈനിസ്റ്റ് ഇറാൻ ക്യൂബയെ ആദർശവല്കരിച്ചുകൊണ്ട് നിരന്തരം സംസാരിച്ചിരുന്നു. ഇറാൻ വിപ്ലവത്തിന്റെ സൈദ്ധാന്തികാചാര്യൻ അലി ശരീഅത്തിയുടെ ചിന്തകളിൽ മാർക്സിസ്റ്റ് സ്വാധീനം വളരെ പ്രകടമായിരുന്നു. ക്യൂബൻ വിപ്ലവം പരോക്ഷമായും ഇറാൻ വിപ്ലവം പ്രത്യക്ഷമായും സാമ്രാജ്യത്വ വിരുദ്ധതയുടെ മേൽവിലാസത്തിൽ പ്രസരിപ്പിച്ച സായുധ ചിന്തകളാണ് മുസ് ലിം ലോകത്ത് ഭീകരപ്രസ്ഥാനങ്ങളുടെ പിറവിക്ക് നിമിത്തമായത് എന്ന് നിരീക്ഷിക്കാവുന്നതാണ്. ഇസ് ലാമികമല്ല, മറിച്ച് ശീഈ നക്സലിസമാണ് മുസ് ലിം ഭീകരവാദം എന്ന നിരീക്ഷണത്തിന്റെ അടിത്തറ ഈ വസ്തുതയാണ്.
കൊമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ പ്രത്യയശാസ്ത്രപരമായി എപ്പോഴും പൗരാവകാശങ്ങൾക്കെതിരായിരിക്കും എന്ന യാഥാർഥ്യത്തിന് അടിവരയിട്ടുകൊണ്ടാണ് ഫിദലിയൻ ക്യൂബയും അതിന്റെ പ്രയാണം ആരംഭിച്ചത്. വിപ്ലവത്തെത്തുടർന്ന് വിപ്ലവവിരുദ്ധരായ ഒട്ടനേകം ക്യൂബക്കാർ ഹവാനയിൽ നിന്ന് അധികം വിദൂരമല്ലാത്ത യു. എസിലെ ഫ്ലോറിഡയിലെ മിയാമി നഗരത്തിലേക്ക് കുടിയേറിയിരുന്നു. അവശേഷിച്ചവർക്ക് സ്വാത്യന്ത്ര്യം ശക്തമായ ഭരണകൂട നിയന്ത്രണങ്ങളാൽ വരിഞ്ഞുമുറുക്കപ്പെട്ടതായി. ഭൗതികവാദപരമായ ഒരു ദർശനം എന്ന നിലയിൽ മാർക്സിസത്തിന് മതവിശ്വാസങ്ങളോടുള്ള ശത്രുത ഭരണതലത്തിൽ വളരെപ്പെട്ടെന്നാണ് പ്രകടമായത്. രാഷ്ട്രം ഒരു ‘നിരീശ്വര’ രാഷ്ട്രമായാണ് (atheist) പ്രഖ്യാപിക്കപ്പെട്ടത്. മതം പൊതു ഇടങ്ങളിൽ പ്രത്യക്ഷമാകുന്നതിനെ ശക്തമായി തടഞ്ഞു. മതാനുഷ്‌ഠാനങ്ങളും ചിഹ്നങ്ങളും വീടകങ്ങളിലേക്ക് ഭയത്തോടെ ഉൾവലിഞ്ഞു. കത്തോലിക്കാ ക്രിസ്തുമതത്തിനാണ് ക്യൂബയിൽ ഏറ്റവുമധികം അനുയായികളുള്ളത്. സഭയുടെ ആശയങ്ങൾ കൊമ്മ്യൂണിസ്റ്റ് വിരുദ്ധമായതുകൊണ്ട് ചർച്ചിനെ അതിശക്തമായി നിയന്ത്രിക്കണം എന്നായിരുന്നു തീരുമാനം. പള്ളികൾ വ്യാപകമായി അടച്ചുപൂട്ടി. സഭയുടെ സ്വത്തുക്കൾ ദേശസാൽകരിച്ചു. പള്ളികളുടെ അധീനതയിലുണ്ടായിരുന്ന സ്‌കൂളുകൾ സർക്കാർ ഏറ്റെടുത്തു. മതവിശ്വാസം കൊണ്ടുനടക്കുന്നവർക്ക് പല ജോലികളും വിലക്കപ്പെട്ടതായി പ്രഖ്യാപിച്ചു.എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയും അത് സ്വതന്ത്രമാക്കിയ പ്രദേശങ്ങളിൽ മതം നടത്തിയ ശക്തമായ തിരിച്ചുവരവും കാസ്‌ട്രോയെ പുനരാലോചനകൾക്ക് പ്രേരിപ്പിക്കുകയായിരുന്നു.
രാഷ്ട്രത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിന് ആചാര്യന്മാരുടെ അക്ഷരങ്ങളിൽനിന്ന് പുറത്തുകടക്കേണ്ടിവരുമെന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു. അങ്ങനെയാണ് ‘അപ്പേർച്ചറ’ എന്ന പേരിൽ അറിയപ്പെട്ട പരിഷ്കാരങ്ങൾക്ക് 1991ൽ തുടക്കമാകുന്നത്. മതത്തിനുള്ള നിയന്ത്രണങ്ങൾ പലതും നിലനിർത്തിയെങ്കിലും രാഷ്ട്രം ‘നിരീശ്വരം’ അല്ല മറിച്ച് ‘മതേതരം’ (secular) ആണ് എന്ന് പുനർനിർവചിച്ച ഫിദൽ, കത്തോലിക്കാ ക്രിസ്തുമതത്തെ കുറെയൊക്കെ ‘സ്വതന്ത്രമാക്കി’ത്തുടങ്ങുകയും വിശ്വാസികളെ കൊമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും മതത്തെക്കുറിച്ച് പൊസിറ്റീവ് ആയ പരാമർശങ്ങൾ നടത്തുകയും ചെയ്തു. വത്തിക്കാനിൽ പോയി കാസ്‌ട്രോ പോപ്പിനെ സന്ദർശിച്ചതും അതിനെത്തുടർന്ന് പോപ്പ് ക്യൂബയിൽ ഗവൺമെന്റ് അതിഥിയായി വന്നതുമെല്ലാം മഞ്ഞുരുക്കത്തിന്റെ പ്രഖ്യാപനങ്ങളായി മാറി.
ക്യൂബയിൽ ശക്തമായി വളർന്നുകൊണ്ടിരിക്കുന്ന മതം ആണ് ഇപ്പോൾ ഇസ് ലാം. നിരവധി ക്യൂബക്കാരാണ് ദിനം പ്രതി ഇസ് ലാം ആശ്ലേഷിക്കുന്നത്. സർക്കാർ നിയന്ത്രണങ്ങൾ പള്ളിക്കും ജുമുഅ നമസ്കാരത്തിനുമെല്ലാം പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും മുസ് ലിം സമൂഹം ആത്മവീര്യം കെടാത്ത ന്യൂനപക്ഷമായി നിലനിൽക്കുന്നു. മദ്യത്തിന് സോഫ്റ്റ് ഡ്രിങ്ക്‌സിനേക്കാൾ വിലകുറവുള്ള, പന്നിയിറച്ചി മുഖ്യാഹാരമായ, കത്തോലിക്കാ സംസ്കാരവും ഭൗതികവാദികളുടെ ഭരണവും നിലനിൽക്കുന്ന ക്യൂബയിൽ മുസ് ലിം ജീവിതം അനുഭവിക്കുന്ന പ്രതിസന്ധികൾ ഈയിടെ ചില പാശ്ചാത്യ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.