എം.എം അക്ബറിനെ ലക്ഷ്യം വെച്ചുളള പോലീസ് നീക്കം: പ്രതിഷേധം ശക്തമാകുന്നു

കൊച്ചി: സുപ്രസിദ്ധ ഇസ്‌ലാമിക പ്രബോധകനും ഗ്രന്ഥകാരനും വാഗ്മിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ എം.എം.അക്ബറിനെ ലക്ഷ്യം വെച്ചുളള പോലീസ് നീക്കങ്ങള്‍ക്കെതിരെ ബഹുജന പ്രതിഷേധം ശക്തമാകുന്നു. ഡോ. സാക്കിര്‍ നായിക്കിനെതിരെയുണ്ടായ ഭരണകൂടവേട്ടയുടെ പകര്‍പ്പ് എം.എം.അക്ബറിനെതിരെ കേരളത്തില്‍ അരങ്ങേറുന്നത് മലയാളിയുടെ മതനിരപേക്ഷ പ്രബുദ്ധതയ്ക്ക് അപമാനമാണെന്ന തിരിച്ചറിവാണ് ശക്തമാകുന്നത്. ഇസ്‌ലാമിക പ്രബോധകരുടെ തലയ്ക്ക് വില പറയുന്ന ഫാഷിസ്റ്റ് ധാര്‍ഷ്ട്യം ഭരണഘടന ഉറപ്പു നല്‍കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും കടയ്ക്കല്‍ കത്തിവെച്ചാണ് കൊടുമ്പിരിക്കൊളളുന്നത്. ഫാഷിസത്തിന്റെ കഞ്ഞിവെപ്പുകാരും വിറകുവെട്ടികളുമായി കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ മാറാമോ എന്ന ചോദ്യമാണ് അക്ബര്‍ വിഷയത്തില്‍ ശക്തമായി ഉന്നയിക്കപ്പെടുന്നത്.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയായ അക്ബര്‍ എണ്‍പതുകളുടെ പകുതിയിലാണ് പൊതുരംഗത്ത് സജീവമായി തുടങ്ങുന്നത്. മുജാഹിദ് സ്റ്റൂഡന്റ്‌സ് മൂവ്‌മെന്റും<strong> (എം.എസ്.എം)</strong> മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷനും<strong> (എം.എസ്.എഫ്)</strong> ആയിരുന്നു അക്ബറിന്റെ കര്‍മ്മരംഗം. എം.എസ്.എമ്മിന്റെ എഴുത്തുകാരനും പ്രഭാഷകനുമായി അക്ബര്‍ വളരെ വേഗം ശ്രദ്ധേയനായി. സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്‍ഡ്യ<strong> (സിമി)</strong> യുമായി എം.എസ്.എമ്മിനുളള അഭിപ്രായ വ്യത്യാസങ്ങളുടെ ന്യായം സമര്‍ത്ഥിച്ചുകൊണ്ടുളള അക്ബറിന്റെ പ്രഭാഷണങ്ങള്‍ അക്കാലഘട്ടത്തില്‍ വ്യാപകമായിരുന്നു. ഇന്‍ഡ്യന്‍ ജനാധിപത്യവും മതനിരപേക്ഷതയും പരിരക്ഷിക്കേണ്ടതും പുഷ്ടിപ്പെടുത്തേണ്ടതും മുസ്‌ലിംകളുടെ മതപരമായ ബാദ്ധ്യതയാണെന്ന് വിശദമാക്കുകയും ഇവ്വിഷയകമായ സിമിയുടെ ഇസ്‌ലാമിസ്റ്റ് സമീപനങ്ങളെ തളളിക്കളയുകയും ചെയ്തുകൊണ്ട് അന്ന് എം.എസ്.എം ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ തന്നെയാണ് ഇപ്പോഴും അക്ബറിന്റെ രാഷ്ട്രീയ ദര്‍ശനം. കേരളത്തില്‍ തീവ്രവാദത്തിന്റെ അനുരണനങ്ങളുണ്ടായപ്പോഴെല്ലാം അക്ബര്‍ അതിന്റെ ശത്രുപക്ഷത്തായിരുന്നു.

ബാബരി കത്തി നിന്ന തൊണ്ണൂറുകളുടെ തുടക്കം മുതല്‍ എന്‍.ഡി.എഫിനെതിരെ മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ മുസ്‌ലിം യുവജന സംഘടനകളുടെ ഐക്യനിര ഉണ്ടാകുന്നതുവരെയുളള നിര്‍ണ്ണായകമായ കാലയളവിലുടനീളം തീവ്രവാദ വിരുദ്ധ പക്ഷത്തിന്റെ പ്രധാനപ്പെട്ട ബൗദ്ധികാവലംബങ്ങളിലൊന്ന് എം.എം.അക്ബര്‍ ആയിരുന്നു. തീവ്രവാദത്തിന്റെ ആത്മഹത്യാപരതയും മതവിരുദ്ധതയും ഊന്നിപ്പറയുകയും മുഹമ്മദ് അബ്ദുര്‍റഹ്മാന്റെ ദേശീയ രാഷ്ട്രീയ പാരമ്പര്യത്തെയും കെ.എം.സീതി സാഹിബിന്റെ സാമുദായിക രാഷ്ട്രീയ പാരമ്പര്യത്തെയും മുസ്‌ലിം പ്രശ്‌നങ്ങള്‍ക്കുളള യഥാര്‍ത്ഥ പരിഹാരമായി അവതരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് രാഷ്ട്രീയ സംബന്ധമായ അക്ബറിന്റെ എല്ലാ പ്രഭാഷണങ്ങളും ഇപ്പോഴും നടക്കുന്നത്. ഗള്‍ഫ് നാടുകളില്‍ കെ.എം.എസി.സികള്‍ സംഘടിപ്പിച്ച പ്രോഗ്രാമുകളില്‍ അക്ബര്‍ സമീപകാലത്ത് നടത്തിയ പല പ്രഭാഷണങ്ങളും ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശമായി പടരുന്നുണ്ട്. മൂവാറ്റുപുഴ കൈവെട്ട് സംഭവത്തിനെതിരെ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും ഇസ്‌ലാമിക പ്രമാണങ്ങളുദ്ധരിച്ച് ഏറ്റവും വിശദമായി പ്രതികരിച്ചത് എം.എം.അക്ബര്‍ ആണ്. ‘നബിനിന്ദക്ക് മറുപടി ഭീകരതയല്ല’ എന്ന് തലക്കെട്ടില്‍ അക്ബര്‍ നടത്തിയ പ്രഭാഷണങ്ങളും ‘മുഹമ്മദ് നബി, നബി നിന്ദ, ഭീകരത’ എന്ന തലക്കെട്ടില്‍ കൈവെട്ട് സംഭവത്തെ ശക്തമായി അപലപിച്ച് രചിച്ച പുസ്തകവും വമ്പിച്ച സ്വാധീനമാണ് മുസ്‌ലിം സമുദായത്തിലുണ്ടാക്കിയത്. തീവ്രവാദത്തിനെതിരെ മുജാഹിദ് യുവജനപ്രസ്ഥാനമായ ഐ.എസ്.എം വിവിധ കാലയളവുകളില്‍ നടത്തിയ ബോധവല്‍ക്കരണ കാംപെയ്‌നുകളിലെ ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്നു അക്ബര്‍. തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ചുമതല അക്ബര്‍ വഹിച്ചിരുന്നു.

അരീക്കോട് ആസ്ഥാനമായി കെ.എന്‍.എം സ്ഥാപക ജനറല്‍ സെക്രട്ടറിയും ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ മലബാര്‍ ജില്ലാ സ്ഥാപക ജോയിന്റ് സെക്രട്ടറി യുമായ എന്‍.വി അബ്ദുസ്സലാം മൗലവി, ദീര്‍ഘകാലം കെ.എന്‍.എം ജനറല്‍ സെക്രട്ടറി യായിരുന്ന കെ.പി.മുഹമ്മദ് മൗലവി, മുജാഹിദ് നേതാവും മുസ്‌ലിം ലീഗ് സൈദ്ധാന്തികനുമായിരുന്ന എന്‍.വി.ഇബ്‌റാഹിം മാസ്റ്റര്‍ തുടങ്ങിയവരുടെ ഉപദേശനിര്‍ദ്ദേശങ്ങള്‍ പ്രകാരം രൂപീകരിക്കപ്പെട്ട നിച്ച് ഓഫ് ട്രൂത്ത് വിപുലമായ പ്രവര്‍ത്തന പദ്ധതികളിലേക്ക് വികസിച്ചത് അക്ബര്‍ സാരഥ്യമേറ്റെടുത്തതോടെയാണ്. നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എന്ന നിലയിലാണ് അക്ബര്‍ പിന്നീട് പ്രധാനമായും അറിയപ്പെട്ടത്. ചോദ്യോത്തരത്തോടുകൂടിയ പൊതുപ്രഭാഷണങ്ങള്‍ ആയിരുന്നു അക്ബറിന്റെ നേതൃത്വത്തില്‍ നിച്ച് ആവിഷ്‌കരിച്ച ഏറ്റവും ജനകീയമായ പ്രബോധനരൂപം. വമ്പിച്ച തോതിലുള്ള അമുസ്‌ലിം പങ്കാളിത്തമുണ്ടായ വന്‍സദസ്സുകള്‍ക്കുമുന്നില്‍ ഇസ്‌ലാം എന്താണെന്ന് മതതാരതമ്യത്തിന്റെ കൂടി സങ്കേതങ്ങളുപയോഗിച്ച് തികച്ചും മാന്യമായി അവതരിപ്പിക്കുകയും സദസ്സില്‍നിന്ന് ഹിന്ദു-ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ക്കടക്കം തുറന്ന വിമര്‍ശനങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമവസരം നല്‍കുകയും ചെയ്ത ‘സ്‌നേഹസംവാദം’ എന്ന പേരിലറിയപ്പെട്ട ഈ പ്രോഗ്രാമുകള്‍ നൂറുകണക്കിനാണ് കേരളത്തില്‍ നടന്നത്.

യുക്തിവാദികളും മിഷനറിമാരും ഉന്നയിച്ചിരുന്ന ഇസ്‌ലാം വിമര്‍ശനങ്ങള്‍ മുസ്‌ലിം ചെറുപ്പത്തെ അപകര്‍ഷതക്കടിപ്പെടുത്തുകയും ഇസ്‌ലാമിനെകുറിച്ചുളള തെറ്റിദ്ധാരണകള്‍ അമുസ്‌ലിം മനസ്സുകളിലേക്ക് പതുക്കെ അരിച്ചിറങ്ങിത്തുടങ്ങുകയും ചെയ്തിരുന്ന കാലത്താണ് അക്ബറിന്റെ ‘സ്‌നേഹസംവാദ’ങ്ങള്‍ക്ക് കേരളത്തില്‍ തുടക്കമായത്.  മുസ്‌ലിം ചെറുപ്പക്കാരെ സംഘടനാ വ്യത്യാസമില്ലാതെ ആത്മാഭിമാനമുളളവരാക്കിയ ഈ പ്രോഗ്രാമുകള്‍ സുന്നി-മുജാഹിദ്-ജമാഅത്ത് വ്യത്യാസമില്ലാതെ എം.എം.അക്ബറിനെ കേരള മുസ്‌ലിംകള്‍ക്ക് പ്രിയങ്കരനാക്കി. മലയാളി മുസ്‌ലിം പ്രഭാഷകരില്‍ സംഘടനാവേലിക്കെട്ടുകളെ തകര്‍ത്തുളള ജനകീയത കൈവന്നവരില്‍ ശ്രദ്ധേയനാണ് അക്ബര്‍. അമുസ്‌ലിംകള്‍ക്ക് ഇസ്ലാമിനെ തുറന്ന് ചര്‍ച്ചചെയ്യാന്‍ സ്‌നേഹസംവാദങ്ങളില്‍ ലഭിച്ച അവസരം, നമ്മുടെ സമുദായമൈത്രിയുടെ നൂലിഴകളെ ബലിഷ്ഠമാക്കി. അറിയുകയും അടുക്കുകയുമാണ്, വെറുക്കുകയും അടിക്കുകയുമല്ല മതവിശ്വാസികള്‍ ചെയ്യേണ്ടത് എന്നായിരുന്നു സ്‌നേഹസംവാദങ്ങള്‍ നല്‍കിയ സന്ദേശം. ഇതര മതങ്ങളെ സംബന്ധിച്ച അജ്ഞതയാണ് വര്‍ഗ്ഗീയതയുടെ അടിത്തറയെന്നും പരസ്പരം അറിയാനുളള അവസരം സൃഷ്ടിക്കുകയാണ് തന്റെ പ്രോഗ്രാമുകള്‍ ചെയ്യുന്നതെന്നും അക്ബര്‍ എപ്പോഴും ഊന്നിപ്പറഞ്ഞു. ഹൈന്ദവ, ക്രൈസ്തവ പണ്ഡിതന്മാരെ വേദിയിലേയ്ക്ക് കൊണ്ടുവന്നുകൊണ്ടുളള പ്രോഗ്രാമുകളും നിച്ച് ഓഫ് ട്രൂത്ത് സംഘടിപ്പിച്ചിരുന്നു. പരസ്പരമുളള ആദരവ് കാത്തുസൂക്ഷിച്ചുകൊണ്ടുളള ഒരു സംവാദ സംസ്‌ക്കാരം അവ പ്രസരിപ്പിച്ചത് വിശദമായ സാമൂഹ്യ ശാസ്ത്രാപഗ്രഥനം അര്‍ഹിക്കുന്നുണ്ട്.

ഗഹനമായ നിരവധി ഗന്ഥങ്ങള്‍ ഇതേ ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ അക്ബര്‍ രചിച്ചു. അക്ബറിന്റെ പത്രാധിപത്യത്തില്‍ നിച്ച് ഓഫ് ട്രൂത്ത് ‘സ്‌നേഹസംവാദം’ എന്ന മാസികയും പ്രസിദ്ധീകരിക്കുന്നു. ഭീകരവാദത്തിന് മുസ്‌ലിം ലോകത്തുനിന്ന് ഉദാഹരണമുണ്ടായിത്തുടങ്ങിയപ്പോള്‍ തന്നെ അതിന്റെ മതവും രാഷ്ട്രീയവും ഇഴകീറിപ്പരിശോധിച്ച് മുസ്‌ലിം സമുദായത്തെ ഭീകരവാദത്തിനെതിരെ ബോധവല്‍കരിക്കുവാന്‍ മുന്നില്‍ നിന്നയാളാണ് അക്ബര്‍. ഇസ്‌ലാമിക പ്രബോധനമായിരുന്നു അക്ബറിന്റെ കണ്‍സേണ്‍. പ്രബോധനപാതയില്‍ നിന്ന് യുവാക്കളെ പിന്തിരിപ്പിച്ച് അവരെ ആയുധഭ്രാന്തരും രക്തദാഹികളുമാക്കി മാറ്റുകയും അതുവഴി ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി സാമ്രാജ്യത്വമാണ് മുസ്‌ലിം ലോകത്ത് ഭീകരത വളര്‍ത്തുന്നത് എന്ന് അക്ബര്‍ തുറന്നടിച്ചു. ഭീകരതയുടെ പ്രത്യയശാസ്ത്രം പൂര്‍ണമായും മതവിരുദ്ധമാണെന്ന് സമര്‍ത്ഥിക്കുകയും ഭീകരവാദികള്‍ സാമ്രാജ്യത്വത്തിന്റെ കളിപ്പാവകളാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന അസംഖ്യം പ്രഭാഷണങ്ങളാണ് അക്ബര്‍ നിര്‍വഹിച്ചത്.

സാമ്രാജ്യത്വവിരുദ്ധ മുഖവുമായി പ്രത്യക്ഷപ്പെട്ട മുസ്‌ലിം ഗറില്ലാ പ്രസ്ഥാനങ്ങളോ അവയുടെ രീതികളോ ഒന്നും അക്ബറിന്റെ അനുഭാവം തെല്ലും നേടിയില്ല. ഫലസ്തീന്‍ ഗ്രൂപ്പുകള്‍ ഉപയോഗിച്ച ചാവേർ സമരരീതി മുതല്‍ സെപ്റ്റംബര്‍ പതിനൊന്ന് ഭീകരാക്രമണം വരെ മതവിരുദ്ധമാണെന്ന് തീര്‍ത്തുപറഞ്ഞ അക്ബര്‍ പലപ്പോഴും അവയോടനുഭാവമുണ്ടായിരുന്ന മുസ്‌ലിം ചെറുപ്പക്കാരുടെ വിമര്‍ശനങ്ങളേറ്റുവാങ്ങി. ഭീകരവാദത്തിന് പ്രമാണങ്ങളുടെയോ പണ്ഡിതന്‍മാരുടെയോ ഒന്നും പിന്തുണയില്ലെന്ന് വ്യക്തമാക്കുന്ന പുസ്തകങ്ങള്‍ അറബി, ഇംഗ്ലീഷ് ഭാഷകളില്‍ നിന്ന് വിവര്‍ത്തനം ചെയ്ത് അക്ബറിന്റെ ഉടമസ്ഥതയിലുള്ള ദഅ്‌വ ബുക്‌സ് പ്രസിദ്ധീകരിച്ചു. ഐ.എസ്.ഐ.എസ് പ്രവാചകചര്യയെ ദുര്‍വ്യാഖ്യാനിക്കുകയാണെന്നും അതിന്റെ മതവ്യാഖ്യാനത്തില്‍ ആകൃഷ്ടരാകുന്നവര്‍ പിശാചിന്റെ വഴിയാണ് പുണരുന്നതെന്നും ആണ് അക്ബറിന്റെ നിലപാട്. എം.എസ്.എം കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ സംഘടിപ്പിച്ച നബിപഠന ശില്‍പശാലയില്‍ ഐ.എസ്.ഐ.എസ് പ്രവാചകജീവിതത്തില്‍ നിന്ന് തങ്ങള്‍ക്കനുകൂലമായി ഉദ്ധരിക്കാന്‍ ശ്രമിക്കുന്ന സംഭവങ്ങളുടെയെല്ലാം നിജസ്ഥിതി വ്യക്തമാക്കിക്കൊണ്ട് ചോദ്യോത്തര സെഷനുകളില്‍ അക്ബര്‍ നല്‍കിയ മറുപടികള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

പ്രതിലോമപരമായ എല്ലാ ചിന്തകളും ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നു എന്ന നിലപാട് അക്ബര്‍ പൊതുവെ ഉയര്‍ത്തിപ്പിടിക്കുന്നു. വ്യവസ്ഥിതി നിരാസത്തിേന്റതായ ആശയങ്ങളോടൊന്നും അദ്ദേഹത്തിന് പ്രതിപത്തിയില്ല. ഇന്‍ഡ്യന്‍ മുസ്‌ലിംകള്‍ ഇവിടുത്തെ ജനാധിപത്യ പ്രക്രിയയിലും ഉദ്യോഗപദവികളിലും മാതൃകാപരമായി സേവനമനുഷ്ഠിച്ച് രാഷ്ട്രപുനര്‍നിര്‍മാണ പ്രക്രിയയെ ത്വരിതപ്പെടുത്തണമെന്ന് അദ്ദേഹം എപ്പോഴും ഉദ്‌ബോധിപ്പിക്കുന്നു. സിവില്‍ സര്‍വീസ് കേഡറിലടക്കമുള്ള കുഞ്ചിതസ്ഥാനങ്ങളിലെത്തി രാജ്യസേവനം നിര്‍വഹിക്കുന്നവരെ മുസ്‌ലിം സമുദായത്തില്‍ നിന്ന് വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അക്ബര്‍ പീസ് എഡ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ ആരംഭിച്ചത്. ഫൗണ്ടേഷനു കീഴിലുള്ള സ്‌ക്കൂളുകള്‍ മികച്ച നിലവാരമുള്ള ആധുനിക വിദ്യാഭ്യാസവും കിടയറ്റ പൗരബോധവും ധാര്‍മിക വിശുദ്ധിയും പകര്‍ന്നു നല്‍കുന്നു.

ഭീകരവാദത്തിന്റെയോ വര്‍ഗീയതയുടെയോ നിഷേധാത്മക ചിന്തകളുടെയോ ലാഞ്ചനകള്‍ പോലുമില്ലാത്ത, അവയ്‌ക്കെല്ലാമെതിരെ മുന്നില്‍നിന്നു പോരാടി മുസ്‌ലിം യുവത്വത്തിനു വഴികാണിച്ച ഒരാളാണ് അക്ബര്‍ എന്ന് അദ്ദേഹത്തിന്റെ പ്രൊഫൈല്‍ സുതരാം വ്യക്തമാക്കുന്നണ്ട്. ഫാഷിസം എന്തുകൊണ്ട് അക്ബറിനെത്തേടി വരുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം യഥാര്‍ത്ഥത്തില്‍ ഈ പ്രൊഫൈല്‍ തന്നെയാണ്. ഫാഷിസത്തിന്റെ ദുഷ്ടലാക്കിന് അക്ബറിനെപ്പോലൊരാളെ വിട്ടുകൊടുക്കാമോ എന്നതാണ് ചോദ്യം. അതിന് കേരളത്തിന്റെ മനഃസാക്ഷി ശക്തമായി ‘ഇല്ല’ എന്നുപറയുന്നതിന്റെ സൂചനകളാണ് പടരുന്ന പ്രതിഷേധത്തിലുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *