ശിവപൂജയിലും അദ്വൈതത്തിലും സന്യാസത്തിലും അധിഷ്ഠിതമായ മതചിന്തകള്‍ പ്രചരിപ്പിച്ചതോടൊപ്പം ഈഴവരെ ജാതിയധമ ബോധത്തില്‍നിന്നും ദുരാചാരനിബിഢമായ ആരാധനാക്രമങ്ങളില്‍നിന്നും മോചിപ്പിക്കുവാനും മദ്യപാനത്തില്‍ നിന്ന് രക്ഷപ്പെടുത്താനും വിദ്യാഭ്യാസത്തിലേക്കും വ്യവസായ പുരോഗതിയിലേക്കും സംഘശക്തിയിലേക്കും നയിക്കാനും ശ്രമിക്കുകയും ചെയ്ത ശ്രീ നാരായണ ഗുരുവാണ് (1856-1928) കേരളത്തില്‍ ആധുനികോന്മുഖമായ സമുദായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ആദ്യ കണ്ണികളിലൊന്നായി വായിക്കപ്പെടുന്നത്. നാരായണഗുരു ജനിച്ചത് 1856ലാണെങ്കില്‍ മക്തി തങ്ങളുടെ ജനനം 1847ലാണ് എന്ന വസ്തുത തന്നെ കേരളീയ സാമൂഹ്യപരിഷ്‌കരണ ചരിത്രത്തില്‍ കാലാനുക്രമത്തില്‍ നാരായണഗുരുവിന് ശേഷമല്ല മക്തി തങ്ങള്‍ വരേണ്ടത് എന്ന് വ്യക്തമാക്കുന്നുണ്ട്. 1888 മുതല്‍ 1928 വരെയാണ് ഗുരുവിന്റെ പ്രബോധന, പരിഷ്‌കരണ ശ്രമങ്ങള്‍ നടക്കുന്നത്. അരുവിപ്പുറത്ത് 1888ല്‍ വിഗ്രഹപ്രതിഷ്ഠ നടത്താന്‍ ബ്രാഹ്മണര്‍ക്ക് മാത്രമാണ് അധികാരമെന്ന സങ്കല്‍പത്തെ വെല്ലുവിളിച്ച് ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടുകൂടിയാണ് ഗുരുവിന്റെ ‘നവോത്ഥാന ജീവിതം’ ആരംഭിക്കുന്നത്. ഇതിന് നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് 1884ല്‍ തന്നെ മക്തി തങ്ങളുടെ ആദ്യ പുസ്തകമായ കഠോരകുഠാരം പ്രസിദ്ധീക്കപ്പെട്ടിട്ടുണ്ട്; പ്രസംഗങ്ങളാകട്ടെ, അതിനുമുമ്പേ ആരംഭിച്ചിട്ടുമുണ്ട്.

അദ്വൈത വേദാന്തിയും മതതാരതമ്യ ഗവേഷകനും സംസ്‌കൃത പണ്ഡിതനുമായിരുന്ന ചട്ടമ്പി സ്വാമികള്‍ ആണ് ആധുനിക കേരളീയ മതപരിഷ്‌കരണ ശ്രമങ്ങളുടെ തുടക്കക്കാരനായി അറിയപ്പെടുന്ന മറ്റൊരാള്‍. ചട്ടമ്പി സ്വാമികളുടെ ജനനം 1853 ലും മരണം 1924 ലുമാണ്. ഹിന്ദുശാസ്ത്രങ്ങള്‍ പ്രകാരം കേരളത്തില്‍ സാമൂഹികമായ ആധിപത്യം നമ്പൂതിരിമാര്‍ക്കവകാശപ്പെട്ടതല്ല മറിച്ച് നായന്മാര്‍ക്കുള്ളതാണെന്ന് സൈദ്ധാന്തികമായി സ്ഥാപിക്കുന്ന രചനകള്‍ നിര്‍വഹിച്ച് നായര്‍ സമുദായ ബോധത്തെ ഉണര്‍ത്തിക്കൊണ്ടാണ് ചട്ടമ്പി സ്വാമികള്‍ സാമൂദായിക നവോത്ഥാനചരിത്രരേഖകളില്‍ സ്ഥാനം പിടിക്കുന്നത്. അദ്ദേഹത്തിന്റെ പ്രാചീന മലയാളം എന്ന കേരളചരിത്രവിവരണം ഈ ലക്ഷ്യത്തോടെയുള്ളതായിരുന്നു. മക്തി തങ്ങളുടെ കര്‍മകാണ്ഡമാരംഭിക്കുന്നതിനുമുമ്പല്ല പ്രാചീന മലയാളത്തിന്റെ പ്രസിദ്ധീകരണം നടക്കുന്നതെന്ന് സ്പഷ്ടമാണ്. ചട്ടമ്പിസ്വാമികള്‍ പിന്തുണച്ച നായര്‍ സമുദായബോധം മൂര്‍ത്തമായ സംഘടനാരൂപം പ്രാപിച്ചത് 1903ല്‍ തിരുവിതാംകൂര്‍ നായര്‍ സമാജവും 1905ല്‍ കേരള നായര്‍ സമാജവും സ്ഥാപിക്കപ്പെട്ടപ്പോള്‍ മാത്രമാണ്.

മത/ജാതി സമുദായങ്ങളുടെ നവോത്ഥാന പരിശ്രമങ്ങളുടെ ചരിത്രം ചട്ടമ്പി സ്വാമികളില്‍ നിന്നും നാരായണ ഗുരുവില്‍ നിന്നും ആരംഭിക്കുകയും ഈഴവ-നായര്‍ ഉണര്‍വുകളുടെ കഥ പറഞ്ഞശേഷം അതിന്റെ തുടര്‍ച്ച/പ്രതിധ്വനി മുസ്‌ലിം പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍ കാണാന്‍ ശ്രമിക്കുകയും ചെയ്യുന്ന (അ)ബോധതലം, വളരെ ശക്തമാണെങ്കിലും ചരിത്രവിരുദ്ധമാണെന്നാണ് ഈ വസ്തുതകള്‍ കാണിക്കുന്നത്. ആധുനികതയുടെ പശ്ചാതലത്തില്‍ നടന്ന ‘പരിഷ്‌കരണം’ നായര്‍, ഈഴവ സമുദായങ്ങള്‍ക്കുമുന്നേ മാപ്പിളമാര്‍ക്കിടയില്‍ ആരംഭിച്ചിട്ടുണ്ടെന്നും ചട്ടമ്പി സ്വാമികള്‍ക്കും നാരായണഗുരുവിനും മുമ്പാണ്, അല്ലാതെ ശേഷമല്ല മക്തി തങ്ങളെ കേരളീയ സാമൂഹ്യപരിഷ്‌കരണ ചരിത്രപാഠങ്ങളില്‍ ഉള്‍പെടുത്തേണ്ടതെന്നും ഇനിയെങ്കിലും ചൂണ്ടിക്കാണിക്കപ്പെട്ടേ മതിയാകൂ.
സാമൂഹ്യപരിഷ്‌കരണ ചരിത്രത്തിലെന്നപോലെ സാഹിത്യചരിത്രത്തിലും മക്തി തങ്ങളെ വെക്കേണ്ടതെവിടെയാണെന്ന ചോദ്യം പ്രസക്തമാണ്. മിഷനറിമാരുടെ മുന്‍കയ്യില്‍ ഒരു മലയാള പൊതുമണ്ഡലം രൂപപ്പെടാനാരംഭിച്ച് അധികമാകുന്നതിനുമുമ്പുതന്നെ മക്തി തങ്ങളുടെ മാനകമലയാളഗദ്യം ആരംഭിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം ആധുനിക മലയാള സാഹിത്യത്തിന്റെ തുടക്കക്കാരിലൊരാളാണ് അദ്ദേഹം എന്ന് വ്യക്തമാക്കുന്നില്ലേ? ഗുണ്ടര്‍ട്ടിനെപ്പോലുള്ള ജര്‍മന്‍ മിഷനറിമാര്‍ മലയാളഗദ്യത്തിന്റെ പ്രാരംഭവളര്‍ച്ചക്കുനല്‍കിയ സംഭാവനകളെക്കുറിച്ച് പറയുമ്പോള്‍ തൊട്ടുടനെയുള്ള പതിറ്റാണ്ടുകളില്‍ മലബാറിലെ ഒരു അറബ് കുടിയേറ്റ കുടുംബത്തിലെ അംഗമായ മക്തി തങ്ങള്‍ അതിന് മതപരമായി വിരുദ്ധപക്ഷത്തുനിന്നുകൊണ്ട് തുടര്‍ച്ച നല്‍കിയെന്ന വസ്തുത ‘കേരള ചരിത്ര’ത്തില്‍ തീരെ പരിഗണിക്കപ്പെടാതെ പോകുന്നതെന്തുകൊണ്ടാണ്? മലയാളത്തില്‍ അന്‍പതിലധികം ചെറുതും വലുതുമായ രചനകള്‍ മക്തി തങ്ങളുടേതായുണ്ട് എന്ന വസ്തുത ഓര്‍ക്കുമ്പോഴാണ് ഈ ‘മറവി’ എത്ര നിശിതമായി വിചാരണ ചെയ്യപ്പെടേണ്ടതുണ്ട് എന്ന് മനസ്സിലാവുക. കൊളോണിയല്‍ മാപ്പിള സമൂഹത്തിന്റെ ആര്യലിപിവിരോധത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ അവരില്‍ നിന്നൊരു പണ്ഡിതന്‍ അതേ കാലയളവില്‍ ഇത്ര വലിയ സാഹിത്യവിപ്ലവം അതേ ലിപിയിൽ നടത്തിയിട്ടുണ്ടെന്ന സത്യത്തെ കണക്കിലെടുക്കേണ്ടതായിട്ടുണ്ട്. മലയാള സാഹിത്യത്തിന്റെ ഈ ദശയിലെ മിക്കവാറും കൃതികള്‍ ഹിന്ദു ഭക്തികാവ്യങ്ങളും മിഷനറി ലേഖനങ്ങളും ആണെന്നതുകൊണ്ടുതന്നെ എഴുതിയത് മതസാഹിത്യങ്ങളാണ് എന്നത് മലയാള സാഹിത്യചരിത്രത്തില്‍നിന്ന് മക്തി തങ്ങള്‍ മാറ്റിനിര്‍ത്തപ്പെടാന്‍ കാരണമായിക്കൂടാ എന്ന് സുതരാം വ്യക്തമാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ അറബിമലയാളലിപിയിലല്ലാതെ മുസ്‌ലിം സാഹിത്യസംഭാവനകളൊന്നും കാര്യമാത്ര പ്രസക്തമായുണ്ടാവുകയില്ലെന്ന വിവരക്കേട് നിറഞ്ഞ ‘ധൈര്യം’ തന്നെയാകണം ചില ചരിത്രകാരന്‍മാരെ ഇവിടെയെല്ലാം മക്തി തങ്ങളെ ചാടിക്കടന്നുപോകാന്‍ ധൃഷ്ടരാക്കുന്നത്.
മലയാളത്തിന്റെ പുതുയുഗപ്പിറവിക്ക് നിമിത്തമായെന്നു പറയുന്ന പ്രഖ്യാതമായ രചനകള്‍ പ്രസിദ്ധീകരിക്കപ്പെട്ട കാലം നാം പരിശോധിക്കേണ്ടതുണ്ട്. പി.ഗോവിന്ദപിള്ളയുടെ മലയാള ഭാഷാചരിത്രം 1881ലും കോവുണ്ണി നെടുങ്ങാടിയുടെ കേരള കൗമുദി 1887ലും എ. ആര്‍ രാജരാജവര്‍മയുടെ കേരള പാണിനീയം 1894ലും ആണ് പുറത്തുവരുന്നത്. 1880നും 1910നും ഇടയില്‍ വിദ്യാവിനോദിനി, ഭാഷാപോഷിണി, രസികരഞ്ജിനി തുടങ്ങിയ ആനുകാലികങ്ങളില്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെപ്പോലുളളവര്‍ എഴുതിയ ലേഖനങ്ങളാണ് മലയാളത്തില്‍ ‘ഉപന്യാസ പ്രസ്ഥാനത്തിന് ശരിയായ അടിത്തറ’ പാകിയത്. മലയാളത്തില്‍ ചരിത്രനോവലുകള്‍ക്ക് തുടക്കം കുറിച്ച സി. വി രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ പ്രസിദ്ധീകരിക്കപ്പെട്ടത് 1891ലാണ്. ഒ.ചന്തുമേനോന്റെ ഇന്ദുലേഖ 1889ലാണ് വെളിച്ചം കണ്ടത്, ചെറുവലത്ത് ചാത്തുനായരുടെ മീനാക്ഷി 1890ലും. മലയാള സാഹിത്യത്തിന്റെ ആധുനിക രൂപങ്ങളുടെയെല്ലാം തുടക്കം കാലക്രമത്തില്‍ അടയാളപ്പെടുത്തി നോക്കുമ്പോള്‍ 1884ല്‍ തന്നെ തങ്ങളുടെ ആദ്യകൃതിയായ കഠോരകുഠാരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് എന്ന വസ്തുത മലയാള സാഹിത്യചരിത്രത്തെ സംബന്ധിച്ച ഇതുവരെയുള്ള വിഭാവനങ്ങളെയെല്ലാം പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട് എന്നു ബോധ്യമാകും. ഒരു മുസ്‌ലിം രചിച്ച ആദ്യ മലയാളപുസ്തകമായി കഠോരകുഠാരത്തെ വായിക്കുമ്പോള്‍ തന്നെ മിഷനറിമാരില്‍ നിന്നല്ലാതെയുണ്ടായ ആദ്യകാല മലയാള ഗദ്യകൃതികളിലൊന്നുകൂടിയായി അതിനെ മനസ്സിലാക്കാനുള്ള സത്യസന്ധത ‘കേരളം’ കാണിക്കേണ്ടതുണ്ട്.

മലയാളത്തില്‍ സാഹിത്യആധുനികതയുടെ (Literary modernity) പ്രാരംഭവികാസത്തില്‍ പ്രധാനപങ്കുള്ള ഒരാളായി മക്തി തങ്ങളെ കണ്ടെടുക്കുന്നതിന് യൂറോപ്യന്‍ രചനാശാസ്ത്രങ്ങളെ ആന്തരീകരിക്കുവാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളും ആധാരമാക്കാവുന്നതാണ്. ‘ചരിത്ര’ത്തെ ഉദാഹരണമായി എടുക്കുക. ചരിത്രമെന്ന വിജ്ഞാനശാഖയും ചരിത്രരചനയും ഇന്‍ഡ്യയില്‍ മുമ്പേ ഉള്ളതാണ്. എന്നാല്‍ പ്രബുദ്ധാനന്തര യൂറോപ്യന്‍ ചരിത്രഗവേഷണ, രചനാശൈലി കോളനീകരണഫലമായി കടല്‍ കടന്നെത്തിയതോടെയാണ് ഇന്നത്തെ അക്കാദമിക നിര്‍വചനങ്ങള്‍ പ്രകാരമുള്ള ‘ചരിത്രങ്ങള്‍’ നമ്മുടെ നാട്ടിലുണ്ടായത്. അത്തരം ശാസ്ത്രീയമായ ചരിത്രരചനകള്‍ മലയാളഗദ്യത്തിന്റെയും ഗവേഷണ മനോഭാവത്തിന്റെയും പുതിയൊരു വഴിവെട്ടുക കൂടിയാണ് ചെയ്തത്. സയ്യിദ് ഥനാഉല്ലാഹ് മക്തി തങ്ങള്‍ ‘അക്കാദമിയ’ക്കുള്ളിലുള്ള ഒരളായിരുന്നില്ല, ആയര്‍ത്ഥത്തില്‍ വ്യവസ്ഥാപിതമായി പണിയെടുത്ത ചരിത്രകാരനുമായിരുന്നില്ല അദ്ദേഹം. എന്നാല്‍ തന്റേതായ ഒരു ചരിത്രാഖ്യാനം പല കൃതികളിലും അദ്ദേഹം നിര്‍വഹിക്കുന്നുണ്ട്. അവിടങ്ങളില്‍, മുസ്‌ലിം ലോകമോ മലയാള പുസ്തകങ്ങളോ പരമ്പരാഗതമായി തുടര്‍ന്നുവന്നിരുന്ന രീതികളെ മാറ്റമില്ലാതെ പിന്തുടരുകയല്ല അദ്ദേഹം ചെയ്യുന്നത്, പ്രത്യുത യൂറോപ്യന്‍ ചരിത്രഗ്രന്ഥങ്ങളെക്കൂടി മാതൃകയാക്കുകയാണ്. ഉള്ളടക്കത്തിലും ശൈലിയിലും അക്കാദമികമാകുവാന്‍ ഉള്ള ശ്രമം, അങ്ങനെ പൂര്‍ണമായി ആകുന്നില്ലെങ്കിലും, മക്തി തങ്ങള്‍ നടത്തുന്നത് പല ഭാഗങ്ങളിലും ദൃശ്യമാണ്. നബിനാണയത്തിലെ നബിജീവിതചരിത്രത്തിന്റെ സ്വഭാവം തന്നെ ഇത് കാണിക്കുന്നുണ്ട്. മലയാളത്തില്‍ ‘ചരിത്രരചനയുടെ ചരിത്ര’ത്തിലും മക്തി തങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ സ്ഥാനമുണ്ടെന്നാണ് ഇതിനര്‍ത്ഥം.
നബിനാണയം കൃത്യമായും ഒരു ജീവചരിത്ര രചനയാണ് ലക്ഷ്യമാക്കിയത്. സാഹിത്യ ആധുനികതയുടെ ഒരു പ്രത്യക്ഷമെന്ന നിലയില്‍ ജീവചരിത്രം എന്ന സാഹിത്യശാഖ മലയാളത്തില്‍ ജന്മമെടുക്കുന്ന സന്ദര്‍ഭത്തിലും നാം മക്തി തങ്ങളെ കണ്ടുമുട്ടേണ്ടതുണ്ടെന്ന് സാരം. ഇംഗ്ലീഷില്‍ നിന്ന് വിശാഖം തിരുനാള്‍ മഹാരാജാവും കേരളവര്‍മ്മ വലിയകോയിത്തമ്പുരാനും വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച ജീവചരിത്രസാഹിത്യങ്ങള്‍ വഴി പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിലാണ് മലയാളത്തില്‍ ജീവചരിത്രം എന്ന സാഹിത്യശാഖ ആധുനിക രൂപത്തില്‍ കണ്ണുതുറക്കുന്നതെന്ന് നമ്മളോര്‍ക്കണം.
ഇസ്‌ലാമിക സമൂഹം ആദ്യ കാലഘട്ടത്തില്‍ നടത്തിയ വൈജ്ഞാനിക മുന്നേറ്റത്തെ വിവരിക്കുകയും അത് യൂറോപ്യന്‍ നവോത്ഥാനത്തിന് അടിത്തറ കെട്ടിയതിനെക്കുറിച്ച് വാചാലനാവുകയും ഇവ രണ്ടിനും തന്റെ സമകാലീന പാശ്ചാത്യന്‍ രചനകള്‍ റഫറന്‍സായി ഉദ്ധരിക്കുകയും ചെയ്യുന്ന മക്തിതിസാഹിത്യ ഭാഗങ്ങളിലെല്ലാം ചരിത്രരചനയുടെ ആധുനിക സങ്കേതങ്ങള്‍ സ്വാംശീകരിക്കാനുള്ള ശ്രമമുണ്ട്. അതിന്റെ ലക്ഷ്യം ഇസ്‌ലാം പിന്തിരിപ്പനാണെന്ന ആരോപണത്തിന്റെ മുനയൊടിക്കലായിരുന്നു.
മാപ്പിളചരിത്ര പഠിതാക്കള്‍ അധികം ചര്‍ച്ച ചെയ്തിട്ടില്ലെങ്കിലും കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്രം അതീവ ഹൃസ്വമായി സംക്ഷേപിക്കുകയും അതിന്റെ തുടര്‍ച്ചയായി തന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലം എടുത്തുകാണിക്കുകയും ചെയ്യുന്ന ഏതാനും ഖണ്ഡികകളും മക്തി തങ്ങള്‍ എഴുതിയിട്ടുണ്ട്. നാരിനരാഭിചാരിയുടെ തുടക്കത്തിലാണ് ഇത്. മലയാളത്തില്‍ എഴുതപ്പെട്ട ആദ്യത്തെ കേരള മുസ്‌ലിം ചരിത്രവിവരണമായിരിക്കും ആ ഭാഗം. സമുദായചരിത്രം (Community history) എന്ന ചരിത്രസാഹിത്യ ശാഖയിലെ മക്തി തങ്ങളുടെ ഇടപെടലായി അതിനെ മനസ്സിലാക്കാവുന്നതാണ്. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ്, അല്ലാതെ പ്രവാചക കാലഘട്ടത്തിലോ തൊട്ടുടനെയോ അല്ല, മക്തി തങ്ങള്‍ നല്‍കുന്ന വിവരണപ്രകാരം മാലിക് ഇബ്‌നു ദീനാറും സംഘവും കേരളത്തിലെത്തുന്നത്. സിലോണില്‍ പോകുന്നവഴി അവര്‍ കേരളത്തില്‍ വന്ന് ചേരമാന്‍ പെരുമാളിനെ കണ്ടുവെന്നും മടങ്ങിപ്പോകുമ്പോള്‍ മക്കയിലേയ്ക്ക് കൂട്ടിയെന്നും അവിടെവച്ച് പെരുമാള്‍ ഇസ്‌ലാം സ്വീകരിച്ചുവെന്നും മാലിക്ബ്‌നു ദീനാറും സംഘവും കേരളത്തിലേക്ക് വീണ്ടും വന്ന് ഇസ്‌ലാം പ്രചരിപ്പിച്ചുവെന്നും പളളികള്‍ സ്ഥാപിച്ചുവെന്നും തങ്ങള്‍ പറയുന്നു. മാലിക്ബ്‌നു ദീനാര്‍ പിന്നീട് ഇറാക്വിലേയ്ക്ക് പോയെന്നും അവിടെവച്ചാണ് മരിച്ചതെന്നും സഹോദരപുത്രന്‍ ഹബീബ് ഇബ്‌നു ദീനാര്‍ കേരളത്തില്‍ തന്നെയാണ് മരിച്ചതെങ്കിലും കേരളത്തില്‍ എവിടെ വെച്ചാണെന്നുറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കേരളത്തിലെ ഇസ്‌ലാമിന്റെ പ്രചാരം വിവരിക്കവെ, ടിപ്പു സുല്‍ത്വാന്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണത്തെ തങ്ങള്‍ നിഷേധിക്കുന്നുണ്ട്. ടിപ്പുവിന്റെ കാലത്ത് ധാരളമാളുകള്‍ ഇസ്‌ലാം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നുവെന്ന് തുടര്‍ന്ന് വിശദീകരിക്കുന്നു. മുസ്‌ലിം സമുദായത്തിനെതിരില്‍ ചരിത്രത്തെ ഉപകരണമാക്കി പൊതുമണ്ഡലത്തില്‍ മുഴങ്ങുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുക എന്ന ലക്ഷ്യം തങ്ങളുടെ ‘സമുദായ ചരിത്ര’ത്തിനുണ്ടായിരുന്നുവെന്നാണ് ഇതിനര്‍ത്ഥം. അറബി വ്യാപാരികളുടെ മലബാര്‍ തുറമുഖങ്ങളിലേക്കുള്ള വാണിജ്യ യാത്രകളും ‘മാപ്പിള’മാരുടെ ആവിര്‍ഭാവവും അവരുടെ കച്ചവട പുരോഗതിയും സയ്‌നുദ്ദീന്‍ മഖ്മൂമിന്റെ പാഠശാലാ സ്ഥാപനവും എല്ലാം മക്തി തങ്ങള്‍ അതിനുശേഷം ചുരുക്കി പറയുന്നുണ്ട്. ശേഷം മാപ്പിളമാര്‍ക്ക് അക്ഷരാഭ്യാസം ഇല്ലാതായതിനെക്കുറിച്ചും അതുണ്ടാക്കിയ അപകടത്തെക്കുറിച്ചും തന്റെ പരിഷ്‌കരണ ശ്രമങ്ങളെക്കുറിച്ചും പറയുകയാണ് ചെയ്യുന്നത്. പിന്നെയാണ് പുസ്തകത്തിന്റെ മുഖ്യ പ്രമേയത്തിലേക്ക് ചര്‍ച്ച വികസിക്കുന്നത്.
നാരിനരാഭിചാരിയിലെ സമുദായചരിത്രം തങ്ങള്‍ ആരംഭിക്കുന്നത് ‘മലയാളത്തിലുണ്ടായ ഇസ്‌ലാം മതാരംഭത്തെയും മറ്റും വിവരിക്കുന്ന ചരിത്രമോ മറ്റോ മലയാള ഭാഷയില്‍ കാണ്‍മാന്‍ അവകാശമില്ല, കാണുന്നുമില്ല എന്ന് ചരിത്രമെഴുത്തുകാരായ ഇന്‍ഡ്യക്കാരും പാശ്ചാത്യരും അറബികളും എഴുതീട്ടുണ്ട്’ എന്ന് പറഞ്ഞുകൊണ്ടാണ്. മക്തി തങ്ങളെ തുടര്‍ന്നുളള ഖണ്ഡികകള്‍ എഴുതാന്‍ പ്രേരിപ്പിക്കുന്ന ആലോചനകളെ ആ വാചകം കൃത്യമായി ഉള്ളടക്കുന്നുണ്ട്. ചരിത്രം എന്ന വിജ്ഞാനസാഹിത്യ ശാഖയെക്കുറിച്ചുളള അവബോധം, തന്റെ സമുദായത്തിന്റെ ചരിത്രം വികസിച്ചുവരുന്ന കേരളീയ പൊതുമണ്ഡലത്തില്‍ മാനക മലയാളലിപിയുപയോഗിച്ച് രേഖപ്പെടുത്തേണ്ടതിന്റെ അനിവാര്യത, അത്തരമൊരു രചനയുടെ അതുവരെയുളള അഭാവത്തെ സംബന്ധിച്ച ബോധ്യം, ‘ചരിത്രകാന്‍മാര്‍’ എന്ന സംവര്‍ഗവുമായുളള പരിചയം, ‘നിങ്ങളുടെ ചരിത്രമെവിടെ’ എന്ന് ‘അവര്‍’ മാപ്പിളമാരോട് ചോദിക്കുന്നതായുളള തോന്നല്‍ -ഇതെല്ലാം ആ ഒറ്റ വാചകത്തിലുണ്ട്. ഒരു ‘വിടവിനെ’ നികത്തുകയാണ് സമുദായചരിത്രവിവരണം വഴി താന്‍, ചെയ്യുന്നത് എന്ന ധ്വനി അതിലുണ്ട്. ടിപ്പുവിനെക്കുറിച്ച് പറയുന്ന സന്ദര്‍ഭം പരിഗണിച്ചാല്‍ ആ വിടവിന്റെ സൗകര്യമുപയോഗിച്ച് സമുദായ വിരോധികള്‍ ദുരുപദിഷ്ടമായ കുപ്രചരണങ്ങളഴിച്ചുവിടുന്നതിനെ സംബന്ധിച്ച വേവലാതിയും മക്തി തങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുകാണാം. കൊളോണിയലിസം കൊണ്ടുവന്ന ‘പുതിയ യുഗ’ത്തില്‍ ചരിത്ര രചനകളുടെ പ്രാധാന്യം മനസ്സിലാക്കി ‘ചരിത്ര’മില്ലാത്ത സമുദായമായി മുസ്‌ലിംകള്‍ മാറാതിരിക്കാനും ‘മുസ്‌ലിം ചരിത്ര’മെന്ന പേരില്‍ വ്യാജങ്ങള്‍ രചിക്കപ്പെടാതിരിക്കാനും മക്തി തങ്ങള്‍ കാണിക്കുന്ന ജാഗ്രത ‘ആധുനികത’യുടെ പ്രകമ്പനങ്ങളെ ഒരു മുസ്‌ലിം പണ്ഡിതന്‍ അനുഭവിക്കുന്ന ചരിത്ര മുഹൂര്‍ത്തത്തെയാണ് വെളിപ്പെടുത്തുന്നത്.
ഇന്‍ഡ്യയില്‍ അക്കാദമിയക്ക് പുറത്ത് ആധുനികത തന്നെ പരിപോഷിപ്പിച്ച ഇത്തരം ചരിത്രരചനകളെ അപഥ്രിക്കുവാനുള്ള ഒരു സൈദ്ധാന്തിക പരിപേക്ഷ്യം മുന്നോട്ടു വെക്കാന്‍ പാര്‍ത്ഥാ ചാറ്റര്‍ജി ശ്രമിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ആസംഗഢില്‍ ശിബ്‌ലി നുഅ്മാനി സ്ഥാപിച്ച ദാറുല്‍ മുസ്വന്നിഫീന്‍ പ്രസിദ്ധീകരിച്ച മധ്യകാല ഇന്‍ഡ്യയിലെ മുസ്‌ലിം ചരിത്രം വിശദമായി വിവരിക്കുന്ന അനേകം ഉര്‍ദു ഗ്രന്ഥങ്ങളെ അതുപയോഗിച്ച് വിശകലനം ചെയ്യാന്‍ റദിയുദ്ദീന്‍ അക്വീല്‍ മുതിര്‍ന്നിട്ടുണ്ടെന്നതും ഇവിടെ പ്രസ്താവ്യമാണ്.
പൊതുഭാഷയില്‍ മുസ്‌ലിം ചരിത്രമുണ്ടാകണമെന്ന തിരിച്ചറിവുപോലെത്തന്നെ കേരള മുസ്‌ലിംകള്‍ വലിയ ചരിത്ര പ്രാധാന്യമുളള ഒരു ഘട്ടത്തിലൂടെയാണ് തന്റെ കാലത്ത് കടന്നുപോകുന്നത് എന്ന തിരിച്ചറിവും നാരിനരാഭിചാരിയില്‍ ഉണ്ട്. അതുകൊണ്ടാണ് ചരിത്രത്തില്‍നിന്ന് നേരെ താന്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരുന്ന വര്‍ത്തമാനത്തിലേയ്ക്ക് കയറുന്നത്. നിലനില്‍ക്കുന്ന ജീര്‍ണത, അതിനെ മാറ്റിയെടുക്കാനുളള പരിഷ്‌കരണോദ്യമം -ഇത് രണ്ടിനെയും എടുത്തുകാണിക്കുവാനുളള ശ്രമമാണ് അവിടെയുളളത്. മാറ്റങ്ങളുടെ ആഖ്യാനമാണല്ലോ ചരിത്രം. പരിഷ്‌കരണ തരംഗം മാറ്റങ്ങളുടെ ഒരു വലിയ ശൃംഖലയെ പ്രസവിച്ചുകൊണ്ടിരിക്കുകയായതിനാല്‍ തനിക്കു ചുറ്റും ചരിത്രം സൃഷ്ടിക്കപ്പെടുകയാണെന്നും ആ ചരിത്രസൃഷ്ടിയില്‍ നേര്‍ക്കുനേര്‍ പങ്കാളിത്തമുളള ഒരാളായി താന്‍ മാറുന്നുണ്ടെന്നും മക്തി തങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. കൊളോണിയല്‍ ആധുനികത കേരളത്തിലുണ്ടാക്കിയ മാറ്റങ്ങളുടെയും അത് വിവിധ മതസമുദായങ്ങളെ, വിശിഷ്യാ മുസ്‌ലിം സമൂഹത്തെ, എങ്ങനെയെല്ലാം ബാധിച്ചുവെന്നതിന്റെയും വാങ്ങ്മയ ചിത്രീകരണം കൂടിയാണ് വാസ്തവത്തില്‍ മക്തി തങ്ങളുടെ രചനകളെല്ലാം തന്നെ. അക്കാലഘട്ടത്തിലെ പ്രബോധന, പരിഷ്‌കരണ ലേഖനങ്ങള്‍ എന്ന നിലക്ക് അവയില്‍ നിന്ന് ‘ചരിത്രം’ നിര്‍ധരിച്ചെടുക്കാന്‍ കഴിയുന്ന സ്വാഭാവികമാണെന്ന അര്‍ത്ഥത്തില്‍ മാത്രമല്ല ഇത് പറയുന്നത്. ‘ചരിത്രം’ പില്‍കാലക്കാര്‍ക്ക് കിട്ടണമെന്ന ഉദ്ദേശ്യത്തില്‍ തന്നെ മാറ്റത്തിന്റെ കൊടുങ്കാറ്റുണ്ടായ തന്റെ കാലത്തെ വളരെ ബോധപൂര്‍വം തന്റെ രചനകള്‍ വഴി രേഖീകരിക്കാന്‍ മക്തി തങ്ങള്‍ ശ്രമിക്കുന്നുണ്ട്. കൃതികളിലെല്ലാം തന്റെ സാമൂഹ്യാനുഭവങ്ങള്‍ ഉത്തമ പുരുഷനില്‍ (First person) വിഷയവിവരണത്തില്‍ ഇടകലര്‍ത്തിപ്പറയുന്ന രചനാതന്ത്രമാണ് മക്തി തങ്ങളുടേത്. അതുകൊണ്ടുതന്നെ മക്തി തങ്ങളുടെ ജീവിതരേഖ പശ്ചാതല വിവരങ്ങളോടുകൂടിത്തന്നെ സാമാന്യം വിശദമായി അദ്ദേഹത്തിന്റെ സമ്പൂര്‍ണ കൃതികളില്‍ നിന്ന് മനസ്സിലാക്കിയെടുക്കാന്‍ കഴിയും. മക്തി കൃതികളുടെ പാരായണം കേരള ചരിത്രത്തിന്റെ ഒരു ഘട്ടത്തിലേക്ക് വാതില്‍ തുറക്കുക കൂടിയാണ് ചെയ്യുന്നത്. കൊളോണിയല്‍ കേരളത്തെ മനസ്സിലാക്കുവാന്‍ വേണ്ടി സമീപിക്കാവുന്ന പ്രാഥമിക രേഖകളുടെ നല്ലൊരു കലവറയാണ് മക്തികൃതികള്‍ എന്ന് നമ്മുടെ ചരിത്രകാരന്‍മാരില്‍ പലരും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
വൈക്കത്ത് പാച്ചുമുത്തത് (1814-1883) ആണ് മലയാളത്തില്‍ ആദ്യമായി ആത്മകഥയെഴുതിയത് എന്ന് കണക്കാക്കപ്പെടുന്നു. ‘ലക്ഷണമൊത്ത’ ആദ്യ മലയാള ആത്മകഥയായി വിലയിരുത്തപ്പെടുന്നത് 1911ല്‍ പ്രസിദ്ധീകരിക്കപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ എന്റെ നാടുകടത്തല്‍ ആണ്. ഇതിന് മുമ്പെഴുതപ്പെട്ട മക്തി കൃതികളിലെല്ലാം ആത്മകഥാംശങ്ങള്‍ ചിതറിക്കിടക്കുന്നുണ്ട് എന്നത് മലയാള സാഹിത്യചരിത്രത്തെ വിശകലനം ചെയ്യുന്നവര്‍ ഓര്‍ക്കേണ്ട ഒരു കാര്യമാണ്. അതിനേക്കാള്‍ പ്രധാനപ്പെട്ടതാണ്, ‘ആത്മകഥ’ (Autobiography) എന്ന ആധുനിക സാഹിത്യരൂപത്തോട് ഘടനാപരമായി തന്നെ താദാത്മ്യം പ്രാപിക്കുന്ന മക്തിമനഃക്ലേശം എന്നൊരു കൃതി മക്തി തങ്ങള്‍ മലയാളത്തില്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നത്. പാച്ചുമൂത്തതിനും രാമകൃഷണപിള്ളക്കുമിടയില്‍ മക്തി തങ്ങളെപ്പോലുള്ളവരെ ചേര്‍ക്കാതെ മലയാളത്തില്‍ ആത്മകഥയുടെ ചരിത്രം പൂര്‍ണമാകില്ല. മലയാളത്തിലെ ആദ്യത്തെ ആത്മകഥകളിലൊന്ന് ഒരു മുസ്‌ലിം പരിഷ്‌കര്‍ത്താവിന്റേതാണ് എന്ന സത്യം എത്ര പേര്‍ക്കുള്‍ക്കൊള്ളാനാവും? മുസ്‌ലിം സമുദായത്തോട് തന്നെ ബഹിഷ്‌കരിക്കുന്ന സമീപനത്തില്‍നിന്ന് പിന്തിരിയാന്‍ കാര്യകാരണസഹിതം ആവശ്യപ്പെടുകയും സമുദായത്തിന്റെ നിലപാടില്‍ തനിക്കുള്ള മനോവേദന പങ്കുവെക്കുകയുമാണ് മക്തിമനഃക്ലേശം ആത്യന്തികമായി ചെയ്യുന്നത്. ഇതുദ്ദേശിച്ച് എഴുതിയ പുസ്തകത്തിന്റെ നല്ലൊരുഭാഗം മക്തി തങ്ങള്‍ വിനിയോഗിച്ചിരിക്കുന്നത് തന്റെ തന്നെ ചരിത്രം വിവരിക്കാനാണ്. ആ ‘ചരിത്രം’, പക്ഷേ വ്യക്തി, കുടുംബ വിവരങ്ങളിലല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത്തരം വിവരങ്ങളൊന്നും പരാമര്‍ശിക്കുക പോലും ചെയ്യാതെ തന്റെ പ്രബോധന, പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ നാള്‍വഴി ക്രമത്തില്‍ നമ്പറിട്ട് സംഗ്രഹിക്കുകയാണ് മക്തി തങ്ങള്‍ ചെയ്യുന്നത്. അതാകട്ടെ, തന്റെ ചുറ്റുപാടുകളിലുണ്ടായ സംഭവവികാസങ്ങളെ പ്രതിഫലിപ്പിക്കുകയും അവയോടുള്ള പ്രതികരണങ്ങള്‍ എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങളെ അടയാളപ്പെടുത്തുകയും ചെയ്യുന്ന രൂപത്തിലുമാണ്. തന്റെ കൃതികള്‍ ഉള്ളടക്കത്തിന്റെ ലഘുവിവരണ സഹിതം അനുക്രമണികയായി നല്‍കുകയാണ് തങ്ങള്‍ ഒന്നാമതായി ചെയ്യുന്നത്. എഴുതി പൂര്‍ത്തിയാക്കിയെങ്കിലും തനിക്കു പ്രസിദ്ധീകരിക്കാനാകാതെ പോയ ക്രിസ്തീയ പ്രതാരണ പ്രദര്‍ശിനി, ഇഹലോക പ്രഭു, തോട്ടത്തിരുപ്പാട്ട്, ക്രിസ്തീയ മൂഢപ്രൗഢിദര്‍പ്പണം പഴയനിയമ ശോധന, അബ്രഹാം സന്താനപ്രവേശനം, കുരിശുസംഭവം സ്വപ്നസംഭാവന (എല്ലാം ഇസ്‌ലാമിക പക്ഷത്തുനിന്നുള്ള ക്രിസ്തുമത ഖണ്ഡനങ്ങള്‍) എന്നീ കൃതികളെയും തങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്. തുടര്‍ന്ന് ബ്രിട്ടീഷ്-ജന്മി വിരുദ്ധ സായുധ ‘ലഹള’കള്‍ക്കെതിരില്‍ മാപ്പിളമാരെ ബോധവല്‍കരിക്കാന്‍ താന്‍ നടത്തിയ ശ്രമങ്ങള്‍ വിവരിക്കുന്നു. ശേഷം മുസ്‌ലിം സമുദായത്തിന്റെ ഇംഗ്ലീഷ്, മലയാളം ഭാഷകളോടും ആധുനിക വിദ്യാഭ്യാസത്തോടുമുള്ള വിരോധത്തിന്റെ കഥ പറയുകയും അതില്‍ തന്റെ ഇടപെടലുകളെ സ്ഥാനപ്പെടുത്തുകയും ചെയ്യുന്നു. മതവിദ്യാഭ്യാസത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനും അറബിമലയാള ലിപി പരിഷ്‌കരിക്കാനും ക്വുര്‍ആന്‍ പരിഭാഷപ്പെടുത്താനുമെല്ലാം താന്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയ പ്രേരണകളാണ് പിന്നെ വിശദീകരിക്കുന്നത്. മുസ്‌ലിം സമുദായത്തില്‍നിന്നുള്ള കടുത്ത എതിര്‍പ്പുകാരണമായി തനിക്കുണ്ടാകുന്ന തിക്താനുഭവങ്ങളെ അല്ലാഹു സത്യപ്രബോധകര്‍ക്ക് നല്‍കുന്ന പരീക്ഷണങ്ങളായി മനസ്സിലാക്കിയെടുക്കാനുള്ള ശ്രമമാണ് മനഃക്ലേശത്തിന്റെ അവസാനഭാഗത്തുള്ളത്.
മലയാളത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലാണ് അനുരൂപമായ ആത്മകഥാഖ്യാനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടാനാരംഭിച്ചതെന്നും ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തിലാണ് അത് വ്യതിരിക്തമായ ഒരു സാഹിത്യരൂപമായി ലബ്ധപ്രതിഷ്ഠമാകുന്നതെന്നും നിരീക്ഷിക്കുന്ന ഉദയകുമാര്‍, ഈ കാലയളവില്‍ ഇന്‍ഡ്യയിലെല്ലായിടത്തുമെന്നപോലെ മലയാളത്തിലും ആത്മകഥാകാരന്‍മാര്‍ തങ്ങള്‍ക്കുചുറ്റുമുള്ള സാമൂഹ്യമാറ്റങ്ങളുടെ ശക്തിയെ സംബന്ധിച്ച ബോധ്യത്താലാണ് നയിക്കപ്പെട്ടത് എന്നും സ്വന്തം കഥയെന്ന പേരില്‍ അവര്‍ പറയാന്‍ ശ്രമിച്ചത് പ്രസ്തുത മാറ്റങ്ങളുടെ കഥയാണെന്നും സമര്‍ത്ഥിക്കുന്നുണ്ട്. ചരിത്രത്തിന്റ ഒരു തുണ്ടാണ് (Slice of History) അവരുടെ ആത്മകഥകള്‍ വായനക്കാര്‍ക്ക് വെച്ചുനീട്ടിയതെന്നും ചരിത്രകാരന്റെ ദൗത്യമാണ് തങ്ങള്‍ നിര്‍വഹിക്കുന്നത് എന്ന് ഗ്രന്ഥകാരന്‍മാര്‍ക്ക് തോന്നിയിരുന്നുവെന്നും കൂട്ടിച്ചേര്‍ക്കുന്ന ഉദയ, പ്രഫഷണല്‍ ചരിത്രകാരന്‍മാര്‍ ആ പുസ്തകങ്ങളുടെ ഉള്ളടക്കത്തെ ചരിത്രരചനക്കുള്ള സ്രോതസ്സുകളില്‍ ഉള്‍പ്പെടുത്തി വിമര്‍ശനാത്മക വിശകലനങ്ങള്‍ക്ക് വിധേയമാക്കണമെന്ന് വാദിക്കുന്നുണ്ട്. കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ എന്റെ സ്മരണകള്‍ ആണ് ഉദയകുമാര്‍ പ്രധാനമായും പരിശോധിക്കുന്നത്. മക്തി മനഃക്ലേശത്തെയും അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ മറ്റുകൃതികളിലെ ആത്മാംശത്തെയും ഇതേ മാതൃകയില്‍ അപഗ്രഥന വിധേയമാക്കുന്നതിന് സംസ്‌കാരപഠനത്തിന്റെയും ഉത്തരാധുനികതയുടെയും സങ്കേതങ്ങള്‍ വളരെയധികം ഉപകാരപ്പെടും.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലുണ്ടായ മലയാള ഭാഷാ നവോത്ഥാനം, ‘ദേശീയത’യുടെ വളര്‍ച്ചയുമായിക്കൂടി അഭേദ്യം ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ബംഗാളിയിലും ഹിന്ദിയിലും ഉര്‍ദുവിലും മറാത്തിയിലുമടക്കം പല ഇന്‍ഡ്യന്‍ ഭാഷകളിലും ഇതേകാലയളവില്‍ സമാനമായ മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഭാഷകള്‍ അതാത് പ്രദേശങ്ങളുടെ ദേശീയസ്വത്വങ്ങളെ ഉണര്‍ത്താനുള്ള ഉപകരണമായി മാറുകയും പൊതുവായ ഭാഷ സംസാരിക്കുന്നവര്‍ക്ക് പൊതുവായ ചരിത്രം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടുള്ള ഈ പ്രവണതയാണ് പില്‍കാലത്ത് ഭാഷാദേശീയതകള്‍ക്കുള്ള അംഗീകാരത്തിലും തദടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണങ്ങളിലുമെല്ലാം കലാശിച്ചത്. ‘നമ്മള്‍ മലയാളികള്‍’ എന്ന വികാരം കേരളത്തില്‍ ശക്തമായിത്തുടങ്ങുന്നത് മക്തി തങ്ങള്‍ ജീവിച്ച ഈ കാലഘട്ടത്തിലാണ്. മലയാളിക്കും മലയാളത്തിനും മഹത്തായ ഒരു ഭൂതകാലം വ്യാഖ്യാനിച്ചുണ്ടാക്കുവാനുദ്ദേശിച്ചുള്ള ഭാഷാ, ദേശ ചരിത്രങ്ങള്‍ അന്നാണ് പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്. പി.ഗോവിന്ദപിള്ളയുടെ മലയാളഭാഷാ ചരിത്രം (1881), പാച്ചു മൂത്തതിന്റെ തിരുവിതാംകൂര്‍ ചരിത്രം (1868) തുടങ്ങിയവയുടെ മലയാളി ദേശിയതയെ ഉദ്ദീപിപ്പിക്കാനുള്ള പദ്ധതി പ്രകടമായിരുന്നു. ഐക്യകേരള പ്രസ്ഥാനത്തിന്റെ അല്‍പം വിദൂരമായ വേരുകള്‍ ഇവിടെ കണ്ടെത്താവുന്നതാണ്. മക്തി തങ്ങള്‍ ഈ വികാരത്തോട് താദാത്മ്യം പ്രാപിച്ച ഒരാളായിരുന്നുവെന്നത് വളരെ ശ്രദ്ധേയമായ ഒരു വസ്തുതയാണ്. അദ്ദേഹത്തിന്റെ രാജഭക്തിയും ദേശാഭിമാനവും അവസാനിപ്പിക്കുന്ന ഭാഗത്ത് ഇങ്ങനെ കാണാം.
”മതം കൊണ്ട് പലതായി ഭേദിച്ചിരിക്കുന്നെങ്കിലും ജനനഭൂമി കേരളമാകയാല്‍ കേരളീയരത്രയും വന്ദേമാതരത്തില്‍ നിന്നുത്ഭവിക്കുന്ന കേരളീയ പ്രയോഗത്തില്‍ ഉള്‍പ്പെടുന്നു. സര്‍വ അവസ്ഥകളെക്കൊണ്ടും ജനനഭൂമി പ്രധാനവും ആ ഭൂമിയെ പരിഷ്‌കരിപ്പിക്കേണ്ടത് മനുഷ്യാവകാശവും ആകുന്നു. കേരളീയ മുസ്‌ലിം ജനം കേരളാഭിമാനികളായിരിക്കേണ്ടതും ആ അഭിമാനം ജനപരിഷ്‌കാരാശ്രയത്തിലാകയാല്‍ ആദ്യം ജനാഭിമാനികളായി പരിഷ്‌കാരപരിശ്രമം ചെയ്യേണ്ടതുമാകുന്നു.”
മുസ്‌ലിംകളെ മലയാളത്തിലേക്കും ആധുനിക വിദ്യാഭ്യാസത്തിലേക്കും പ്രചോദിപ്പിക്കാനുള്ള മക്തി തങ്ങളുടെ ശ്രമങ്ങളെ വിപുലമായ ഒരു ദേശീയ പദ്ധതിയുടെ ഭാഗമായിക്കൂടി വായിക്കുവാന്‍ ഈ വരികള്‍ അനുവദിക്കുന്നുണ്ട്. വിവിധ മതസമുദായങ്ങള്‍ ഒരേ ലിപി ഉപയോഗിച്ച് ‘മലയാളം’ കൂടുതല്‍ കെട്ടുറപ്പുള്ളതാവുകയും പ്രസ്തുത ഏകോപനം ‘കേരളം’ എന്ന അര്‍ത്ഥത്തിലുള്ള പ്രാദേശികൈക്യത്തെ പരിപോഷിപ്പിക്കുകയും ചെയ്യണമെന്നും അത് കേരളത്തിന്റെ പുരോഗതിയെ സഹായിക്കണമെന്നും മക്തി തങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് ഇതിനര്‍ത്ഥം. മലയാളത്തിലും കേരളത്തിലും അഭിമാനിച്ച അറബ് വംശജനായ ഒരാളായിരുന്നു മക്തി തങ്ങള്‍ എന്നും ഇവിടെവെച്ച് പറയാവുന്നതാണ്.
കേരളീയര്‍ക്ക് ഒരു ഭാഷാ പൊതുമണ്ഡലം ഉണ്ടായിവന്നതിനെ മതപ്രബോധനാര്‍ത്ഥം ഉപയോഗപ്പെടുത്തുക മാത്രമല്ല, അതിനെ ദേശാഭിമാന, ഭാഷാഭിമാന വികാരവായ്പുകളുടെ ആവേശത്തോടെ ആദരിക്കുകയും മാപ്പിളമാരെ അതിലേക്ക് കണ്ണിചേര്‍ക്കാന്‍ ഉത്സാഹിക്കുകയും കൂടിയാണ് മക്തി തങ്ങള്‍ ചെയ്തത് എന്ന് വ്യക്തമാകുമ്പോള്‍ മുസ്‌ലിം സമുദായത്തെ മാത്രമല്ല, കേരളത്തെ തന്നെ പുതുക്കി പണിയാനുദ്ദേശിച്ചുള്ള പിടച്ചിലുകളായിരുന്നു അദ്ദേഹത്തിന്റേതെന്ന് സമ്മതിക്കേണ്ടി വരും. ‘മുസ്‌ലിം സമുദായ പരിഷ്‌കര്‍ത്താവ്’ എന്നതിനോടൊപ്പം ‘നവകേരളശില്‍പി’ എന്നുകൂടി മനസ്സിലാക്കപ്പെടേണ്ടയാളാണ് മക്തി തങ്ങള്‍ എന്നുതന്നെയാണ് ഇത് സ്ഥാപിക്കപ്പെടുന്നത്. മക്തി തങ്ങള്‍ നമ്മുടെ പൊതുമണ്ഡലത്തെയും അതിന് നിമിത്തമായ സാഹിത്യവിപ്ലവത്തെയും ശാക്തീകരിച്ച വഴികളും അവയ്ക്കുള്ള ആന്തരികോര്‍ജങ്ങളിലൊന്നായി സ്വാംശീകരിച്ച ‘കേരളീയത’യും മറിച്ചുള്ള ഒരു ചുരുക്കിയെഴുത്തിനും ഇടം നല്‍കുന്നില്ല എന്നതാണ് വാസ്തവം.
പ്രബോധനതല്‍പരതക്കും മതതാരതമ്യ സംവാദങ്ങള്‍ക്കും ഇസ്‌ലാമിക തനിമാവാദത്തിനുമെല്ലാം പ്രശസ്തനായ സയ്യിദ് ഥനാഉല്ലാഹ് മക്തി തങ്ങള്‍ക്ക് ‘ആധുനിക കേരള’ത്തിന്റെ നിര്‍മിതിയില്‍ സജീവവും നിര്‍ണായകവും സൃഷ്ടിപരവുമായ പങ്കാളിത്തമുണ്ടായിരുന്നുവെന്ന് മനസ്സിലാക്കുന്നവര്‍ക്ക് കേരളീയ ആധുനികതയെ ‘മതനിരപേക്ഷ മൗലികവാദ’ത്തിന്റെ ലളിത യുക്തികള്‍ വെച്ച് അപഗ്രഥിക്കുക അസാധ്യമാണെന്നും തിരിച്ചറിയാനാകും. മക്തി തങ്ങളുടെ മത വാദപ്രതിവാദങ്ങളും ഇസ്‌ലാമികാടിത്തറയില്‍ നിന്നുകൊണ്ടുള്ള സമുദായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും കേരളം എന്ന ആശയത്തെ സാധ്യമാക്കുന്നതില്‍ വഹിച്ച പങ്കിനെ പൂര്‍ണമായി പുറത്തുകൊണ്ടുവരിക എന്നതാവണം മാപ്പിളചരിത്ര ഗവേഷകരുടെ ഇനിയുള്ള പ്രധാനദൗത്യങ്ങളിലൊന്ന്.

(ലേഖകന്റെ, കെ. എൻ. എം പ്രസിദ്ധീകരിച്ചിട്ടുള്ള ഥനാഉല്ലാഹ് മക്തി തങ്ങൾ: പ്രബോധകനും പരിഷ്കർത്താവും എന്ന പുസ്തകത്തിലെ ‘കേരളചരിത്രത്തിൽ നിന്ന് മക്തി തങ്ങളെ തള്ളിപ്പുറത്താക്കേണ്ടതാർക്കാണ്’ എന്ന അധ്യായത്തിൽ നിന്നുള്ള ഭാഗങ്ങൾ)