മുസ്‌ലിം രാഷ്ട്രീയം: ജിന്നയുടെ വഴി (ഭാഗം 2)

ആധുനിക ജനാധിപത്യ വ്യവസ്ഥിതിക്കുള്ളിലാണ്‌, അല്ലാതെ അതിന്റെ പുറത്തല്ല, ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം പ്രശ്നങ്ങൾക്ക്‌ പരിഹാരമന്വേഷിക്കേണ്ടത്‌‌ എന്ന ജിന്നയുടെ നിലപാട്‌, പടിഞ്ഞാറൻ രാഷ്ട്രമീമാംസയെ ഒരേ സമയം പുൽകുകയും പ്രഹരിക്കുകയും ചെയ്യുന്നതാണ്‌. മുസ്‌ലിംകൾ‌ സഹകരിക്കുകയും പങ്കാളിത്തമുറപ്പിക്കുകയും ചെയ്യേണ്ട ഒന്നായി മതേതരജനാധിപത്യത്തെ സമീപിക്കുന്ന മുസ്‌ലിം ലീഗ്‌ ശൈലി‌ മതപരമായി സാധൂകരണമുള്ളതാണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് മതപണ്ഡിതനല്ലാത്ത ജിന്നയുടെ രാഷ്ട്രീയ നേതൃത്വത്തെഅംഗീകരിക്കാൻ കൊളോണിയൽ മലബാറിൽ കെ എം മൗലവിയെയും കെ എം സീതിസാഹിബിനെയും ബാഫഖി തങ്ങളെയും എൻ വി അബ്ദുസ്സലാം മൗലവിയെയും പോലുള്ള ഭക്തരായ മുസ്‌ലിം പണ്ഡിതന്മാരും ബുദ്ധിജീവികളും നേതാക്കളും മുന്നോട്ടുവന്നത്‌. ഇസ്‌ലാമികേതര ഭരണസംവിധാനങ്ങളുടെ ഗുണഭോക്താക്കളാകുന്നത്‌ ശിർക്കും കുഫ്‌റും ആണെന്ന, സുപ്രസിദ്ധ മുസ്‌ലിം പണ്ഡിതനായിരുന്ന സയ്യിദ്‌ മൗദൂദിയുടെ വാദത്തെ അവർ നിരാകരിച്ചതും മതത്തെയും ജീവിക്കുന്ന സ്ഥലകാലത്തെയും ഒരുപോലെ ചൂഴ്‌ന്നുനിന്ന ജ്ഞാനപ്രഭ കൈമുതലായി ഉണ്ടായിരുന്നതുകൊണ്ടാണ്‌.

സയ്യിദ് മൌദൂദി

എന്നാൽ, മുസ്‌ലിംകൾ ബോധപൂർവംജനാധിപത്യത്തിൽ സാമുദായിക പ്രാതിനിധ്യത്തിനുവേണ്ടി പരിശ്രമിക്കണമെന്ന ജിന്നയുടെ ഉൾകാഴ്ച, പടിഞ്ഞാറൻ മാതൃകയിൽ ഉള്ള ഭരണക്രമങ്ങൾ മുസ്‌ലിംകളെ സ്വാഭാവികമായി സംരക്ഷിച്ചുകൊള്ളും എന്ന മിഥ്യാധാരണ അദ്ദേഹത്തിനില്ലായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്‌. എല്ലാ മനുഷ്യരെയും തുല്യരായി പരിഗണിക്കുക എന്ന ജനാധിപത്യ പരികൽപന പ്രയോഗത്തിൽ ഒരിക്കലും അങ്ങനെ ആയിരിക്കില്ലെന്ന തിരിച്ചറിവ്‌ തന്നെയാണ് ആധുനിക‌ ഇൻഡ്യൻ സാഹചര്യത്തിൽ മുസ്‌ലിംകൾ പ്രാന്തവൽകരിക്കപ്പെടാനുള്ള സാധ്യതയെ പരിഗണിച്ച്‌ സമുദായം സ്വന്തം ഇടം രാഷ്ട്രീയ പോരാട്ടങ്ങൾ വഴി നേടിയെടുക്കണമെന്ന ‘ജിന്നാ തിസീസിൽ’ മുഴങ്ങുന്നത്‌. ഇവിടെ, പൗരന്മാരെ സമുദായങ്ങളിൽ നിന്ന് സ്വതന്ത്രരായ നിരപേക്ഷ വ്യക്തികളായി ഭരണകൂടങ്ങൾ പരിഗണിക്കുമെന്ന ആധുനികതയുടെ അത്യുക്തിക്കുനേരെയുള്ള വിമർശനമുണ്ട്‌. മുസ്‌ലിം സ്വത്വം വിവേചനങ്ങൾക്ക്‌ കാരണമാകുമെന്ന ജിന്നയുടെ മുന്നറിവാണ്‌ ദേശീയപ്രസ്ഥാനവുമായി അദ്ദേഹത്തിനുണ്ടായ വിയോജിപ്പുകളുടെ മർമ്മം തന്നെ. ഭൂരിപക്ഷംന്യൂനപക്ഷങ്ങളെ അടക്കിഭരിക്കുന്ന സാമൂഹിക-സാസ്കാരിക-സാമ്പത്തിക ക്രമീകരണമായി ഉപഭൂഖണ്ഡത്തിലെ ജനാധിപത്യം രൂപാന്തരപ്പെടുന്നതിനെതിരിലുള്ള കണിശമായ ജാഗ്രതയാണ്‌ ജിന്ന അടിസ്ഥാനപരമായി ബ്രിട്ടീഷ്‌ ഗവണ്മെന്റിൽ നിന്നും കോൺഗ്രസിൽ നിന്നും ആവശ്യപ്പെട്ടത്‌. മുസ്‌ലിംകൾക്ക്‌ ന്യൂനപക്ഷം എന്ന നിലയിലുള്ള ഔദാര്യങ്ങളല്ല, മറിച്ച്‌ രാജ്യത്ത്‌ തുല്യ അർഹതയുള്ളവർ എന്ന നിലയിലുള്ള സമകർതൃത്വമാണ്‌ വേണ്ടതെന്ന് കനപ്പിച്ച്‌ പറയാൻ ജിന്ന ശ്രമിച്ചു. നെഹ്‌റു റിപ്പോർട്ടും ‘ജിന്നയുടെ പതിനാല്‌ പോയിന്റുകളും’ തമ്മിലുള്ള സംഘർഷം മുതൽക്കങ്ങോട്ട്‌ ഇത്‌ കൂടുതൽ പ്രകടമായി. ഇപ്പോൾ അക്കാദമിക രംഗത്ത്‌ സജീവമാകുന്ന കീഴാള/സ്വത്വപഠനങ്ങൾ ഇൻഡ്യാ ചരിത്രത്തിൽ വിശദമായി പരിഗണിക്കേണ്ടവരിൽ ഒരാൾ തീർച്ചയായും ജിന്ന തന്നെ ആയിരിക്കും.

അംബേദ്കർ

സ്വത്വസംബന്ധിയായ ബോധ്യങ്ങൾ മുസ്‌ലിം പ്രശ്‌നത്തിന്‌ സമാനമായ പ്രതലത്തിൽ ദലിത്‌ പ്രതിസന്ധിയെയും പരിശോധിക്കുവാൻ ജിന്നയെ പ്രാപ്തനാക്കി എന്നത്‌ വളരെ പ്രധാനപ്പെട്ടതാണ്‌. ബി. ആർ. അംബേദ്കർ മുതൽ പെരിയോർ ഇ. വി. രാമസ്വാമി നായ്ക്കർ വരെയുള്ള ദലിത്‌ വിമോചനപോരാളികളുമായി ജിന്നയുടെ ആശയാവലിക്കുണ്ടായിരുന്ന സമാനതകൾ അവർ തമ്മിലുള്ള വ്യക്തിസൗഹൃദത്തിനു മാത്രമല്ല, ദേശീയതയുടെ സവർണാഭിമുഖ്യത്തെ ഉന്നമാക്കിയുള്ള ഒരു ദലിത്‌-മുസ്‌ലിം വിമർശന പദ്ധതി കൊളോണിയൽ കാലഘത്തിൽ തന്നെ രൂപം കൊള്ളാനും നിമിത്തമായി എന്നത്‌ പ്രസക്തമാണ്‌. ബി ആർ അംബേദ്കർ ഭരണഘടനാ നിർമ്മാണസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌‌ ബംഗാൾ പ്രവിശ്യയിൽ മുസ്‌ലിം ലീഗ്‌ അധികാരത്തിലെത്തിയതിന്റെ മാത്രം ബലത്തിലാണെന്ന് ഇന്ന് ഭരണഘടനയെ സംബന്ധിച്ച്‌ വാചാലരാകുന്ന എത്ര പേർ ഓർക്കാൻ ഇഷ്ടപ്പെടുന്നുണ്ടാകും? അതിനേക്കാൾ ശ്രദ്ധേയമാണ്‌, ബംഗാളിൽ നിന്നുള്ള അംബേദ്കറൈറ്റ്‌ ജോഗേന്ദ്രനാഥ്‌ മണ്ഡലിനെയാണ്‌ പാക്കിസ്ഥാന്റെ പ്രഥമ നിയമമന്ത്രിയായി ജിന്ന നിയമിച്ചതെന്ന കാര്യം. പാക്കിസ്ഥാന്റെ ഭരണഘടനാ രൂപീകരണത്തിലും നിർണായകമായ പങ്കാണ്‌ ജോഗേന്ദ്രനാഥിന്‌ ഉണ്ടായത്‌. ഹിന്ദുത്വത്തിന്റെ അധീശത്വ പ്രവണതയിൽനിന്ന് ജനാധിപത്യത്തെ സംരക്ഷിക്കാൻ ദലിത്‌-മുസ്‌ലിം ഐക്യത്തിലൂന്നിയുള്ള രാഷ്ട്രീയം എന്ന ആശയത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്ന് തീർച്ചയായും ജിന്ന തന്നെയാണ്‌. ഇന്നത്തെ ഇൻഡ്യൻ സാഹചര്യത്തിൽ ഇതിനുള്ള പ്രസക്തിയെക്കുറിച്ച്‌ ആരും തർക്കിക്കാനിടയില്ല. കേരളത്തിൽ ദലിത്‌-മുസ്‌ലിം സഹവർത്തിത്വ രാഷ്ട്രീയ മുന്നേറ്റത്തെ സ്നിഗ്ധമാക്കുന്നതിൽ മുസ്‌ലിം ലീഗ്‌ നേതാവായിരുന്ന എം കെ ഹാജി നൽകിയിട്ടുള്ള സംഭാവനകൾ പൊതുമണ്ഡലത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടില്ലെന്ന വസ്തുതയും ഇത്തരുണത്തിൽ ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്‌.

ഗോഖലെ

ആധുനികതയോട്‌ കോളനിവാസികൾ പ്രതികരിക്കേണ്ട രീതികളെ സംബന്ധിച്ച ഇളക്കനാവാത്ത നിശ്ചയങ്ങളാണ്‌ ജിന്നയുടെ രാഷ്ട്രീയത്തിന്റെ അന്തസത്ത എന്ന വസ്തുതയുടെ വെളിച്ചത്തിൽ ‌ദേശീയ പ്രസ്ഥാനവുമായുള്ള അദ്ദേഹത്തിന്റെ ഇടപാടുകളെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയും. ഒരർത്ഥത്തിൽ, സർ സയ്യിദിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും തീർത്തും ‌വിഭിന്നങ്ങളെന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന വഴികളെ തന്റേതായ രീതിയിൽ സമന്വയിപ്പിക്കാൻശ്രമിച്ച മൗലികതയുള്ള രാഷ്ട്രീയക്കാരനായിരുന്നു ജിന്ന. ബാലഗംഗാധര തിലകന്റെയും ഭഗത്‌സിംഗിന്റെയും പൗരാവകാശങ്ങൾക്കുവേണ്ടി കൊളോണിയൽ അധികാരികൾക്കുമുന്നിൽ ജിന്ന ശബ്ദമുയർത്തിയ കാര്യം പോലും ഓർക്കപ്പെടാത്ത നമ്മുടെ നാടിന്റെ പൊതുബോധത്തിന്‌‌ മുസ്‌ലിം സാമുദായികതയുടെ സങ്കീർണ്ണതകളെയൊന്നും അഭിമുഖീകരിക്കാനുള്ള ശേഷിയുണ്ടാവില്ല. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ്‌ ഗവണ്മെന്റുമായി നടന്ന സായുധ സംഘട്ടനങ്ങളുടെ വഴിയിൽനിന്നുമാറി ജനാധിപത്യത്തിന്റെ വഴിയിൽ ഇൻഡ്യൻ അന്തസ്സിനുവേണ്ടി പൊരുതുക എന്ന ദർശനമാണല്ലോ കോൺഗ്രസിന്റെ ജന്മത്തിന്‌ നിമിത്തമായത്‌. ജിന്നയെപ്പോലുള്ള ഒരു’ആധുനികതാ വാദി’ക്ക്‌ തീർച്ചയായും താദാത്മ്യപ്പെടാവുന്ന ഒട്ടനേകം കാര്യങ്ങൾ അതിൽ ഉണ്ടായിരുന്നു. കോൺഗ്രസിന്റെ തട്ടകമായ ബോംബെ തന്നെയായിരുന്നു ജിന്നയുടെയും ആസ്ഥാനനഗരം. ഗോപാലകൃഷ്ണ ഗോഖലെയെപ്പോലുള്ള കോൺഗ്രസ്‌ നേതാക്കളിൽ ആകൃഷ്ടനായി ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ തുടക്കം മുതൽ തന്നെ ജിന്ന ദേശീയ പ്രസ്ഥാനത്തിൽ സജീവമാകുന്നുണ്ട്‌. ആനീ ബസന്റിന്റെ ഹോം റൂൾ ലീഗ്‌ ജിന്നയുടെ പ്രധാന കർമ്മരംഗങ്ങളിൽ ഒന്നായിരുന്നു. ഇതെല്ലാം ആയിരിക്കെ തന്നെയാണ്‌ ജിന്ന മുസ്‌ലിം ലീഗുകാരൻ കൂടി ആകാൻ തീരുമാനിക്കുന്നത്‌.

ഗാന്ധി

കോൺഗ്രസിന്റെ സ്വാതന്ത്ര്യസമരാവേശം ലീഗിന്‌ പകർന്നുനൽകുകയും ലീഗ് ‌ഉന്നയിക്കുന്ന മുസ്‌ലിം പ്രശ്നം കോൺഗ്രസിനെ മനസ്സിലാക്കിക്കുകയും ചെയ്താൽ രണ്ട്‌ പ്രസ്ഥാനങ്ങൾക്കും കൈകോർത്ത്‌ നടക്കാൻ കഴിയും എന്ന ശുഭാപ്തി വിശ്വാസക്കാരൻ ആയിരുന്നു ജിന്ന. ഈ ദിശയിൽ അദ്ദേഹം നടത്തിയ അധ്വാനങ്ങളാണ്‌ കോൺഗ്രസും ലീഗും തമ്മിൽ 1916ലെ ചരിത്രപ്രസിദ്ധമായ ലക്നൗ കരാറിന്‌ കളമൊരുക്കിയത്‌. എന്നാൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ അതിന്റെ ചരിത്രത്തിന്റെ ‘ജനകീയ ഘട്ട’ത്തിൽ പ്രവർത്തിച്ചത്‌ ഒരു ആധുനിക ദേശീയപ്രസ്ഥാനത്തിന്‌ അനുയോജ്യമായ രീതിയിൽ അല്ലെന്ന് ജിന്ന കരുതി. ജനാധിപത്യമതനിരപേക്ഷതയുടെ ആധുനിക ഭാഷ ഉപേക്ഷിച്ച് അഹിംസ/സത്യാഗ്രഹം/രാമരാജ്യം പോലുള്ള‌ ഹിന്ദു ആത്മീയ രൂപകങ്ങളിൽ രാഷ്ട്രീയം സംസാരിക്കാനുള്ള ഗാന്ധിയുടെ ശ്രമം കോൺഗ്രസിന്റെ കാലോന്മുഖതക്ക്‌ പരിക്കേൽപിക്കുന്നതും ഹിന്ദു പുനരുത്ഥാനവാദികൾക്ക്‌ സാംസ്കാരികാന്തരീക്ഷം ഒരുക്കുന്നതും ആണെന്നായിരുന്നു ജിന്നയുടെ പക്ഷം. ഇത്‌ മുസ്‌ലിം താൽപര്യങ്ങളെ മാത്രമല്ല, ഇൻഡ്യയുടെ രാഷ്ട്രീയ ആധുനികവൽകരണത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ്‌ ജിന്ന വിശ്വസിച്ചത്‌. തൊള്ളായിരത്തി ഇരുപതുകൾ മുതൽ ജിന്നക്ക്‌ വിപ്രതിപത്തി വളർന്നത്‌ കോൺഗ്രസ്‌ എന്ന ആശയത്തോട്‌ പൂർണമായല്ല, പ്രത്യുത അതിന്റെ ഗാന്ധിയൻ ആവിഷ്കാരത്തോടാണെന്ന് പറയാവുന്നതാണ്‌. ഒരുപക്ഷേ, ഈ നിലക്ക്‌ നോക്കുമ്പോഴെങ്കിലും ഗാന്ധിയെക്കാൾ ജിന്നക്ക്‌ സ്വീകാര്യൻ നെഹ്‌റു ആയിരിക്കും‌.

മുഹമ്മദ് അലി

ജിന്ന കോൺഗ്രസിൽ നിന്നകന്നതെങ്ങനെ എന്നന്വേഷിക്കുമ്പോൾ തന്നെ കോൺഗ്രസ്‌ ജിന്നയിൽനിന്ന് അകന്നതിനെക്കുറിച്ചും ചർച്ച ചെയ്യേണ്ടതാണ്‌. ലക്നൗ കരാറിന്റെ സമയത്തെ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി മുസ്‌ലിം രാഷ്ട്രീയത്തിന്റെ സർ സയ്യിദ്‌ ധാരയെ ദൂരേക്ക്‌ മാറ്റിനിർത്തുന്ന തരത്തിലാണ്‌‌ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കാലം മുതൽ ദേശീയ പ്രസ്ഥാനത്തിന്റെ മുൻഗണനകൾ നിശ്ചയിക്കപ്പെട്ടത്‌. ഗാന്ധി ഖിലാഫത്ത്‌ പ്രസ്ഥാനത്തെ ഏറ്റെടുത്തതായിരുന്നു ഇതിന്റെ സന്ദർഭം. തുർക്കി വിഷയത്തിലെ ബ്രിട്ടീഷ്‌ വഞ്ചനയോടുള്ള സ്വാഭാവിക മുസ്‌ലിം പ്രതിഷേധത്തിൽ ജിന്നയും ഭാഗവാക്കായിരുന്നെങ്കിലും അഫ്ഗാനിപക്ഷ പണ്ഡിതന്മാർ അതിനെ അവതരിപ്പിച്ച രീതിയോട്‌ സർ സയ്യിദ്‌ ധാരക്കാരനായ ജിന്നക്ക്‌ സ്വാഭാവികമായും യോജിപ്പുണ്ടായിരുന്നില്ല. ഖിലാഫത്തിന്റെ പതനത്തെ സംബന്ധിച്ച ആനുപാതികമല്ലാത്ത ഉത്കണഠകൾക്കുപകരം ഉപഭൂഖണ്ഡത്തിലെ മുസ്‌ലിംകളുടെ ഭാസുരമായ ജനാധിപത്യഭാവിക്കുവേണ്ടിയുള്ള കാലോചിതമായ ആലോചനകളാണ്‌ സമുദായനേതൃത്വത്തെ നയിക്കേണ്ടതെന്ന് കരുതിയ ജിന്നക്ക്‌ മൗലാനാ അബ്ദുൽ ബാരിയും അലി സഹോദരന്മാരും ചേർന്ന് നയിച്ച ഖിലാഫത്ത്‌‌ പ്രസ്ഥാനം ആഘോഷിക്കപ്പെടേണ്ട മുന്നേറ്റമായല്ല അനുഭവപ്പെട്ടത്‌. എന്നാൽ ഗാന്ധി, ഖിലാഫത്‌ നായകരെ കോൺഗ്രസിന്റെ മുസ്‌ലിം സുഹൃത്തുക്കളായി സ്വീകരിക്കുകയും മുസ്‌ലിം ഇൻഡ്യയുടെ ആധികാരിക വക്താക്കളായി അവരെ അംഗീകരിക്കുകയും ചെയ്തു. മുസ്‌ലിം സമുദായത്തിൽ സർ സയ്യിദിന്റെ സമചിത്തതക്കുപകരം അഫ്ഗാനിയുടെ ആവേശത്തെ വളർത്തിക്കൊണ്ടുവരാൻ ഉള്ള കോൺഗ്രസിന്റെ ശ്രമം ദേശീയ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രഖ്യാതനായ വിമർശകൻ ആക്കി ജിന്നയെ മാറ്റുന്നതിൽ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌.

ഖിലാഫത്‌ മുദ്രാവാക്യങ്ങൾ മുസ്‌ലിം ഇൻഡ്യയെ അധികദൂരം മുന്നോട്ടുകൊണ്ടുപോകില്ലെന്ന ജിന്നയുടെ നിരീക്ഷണം തന്നെയാണ്‌ പ്രായോഗികമായി ഏതാനും വർഷങ്ങൾക്കുള്ളിൽ സാധൂകരിക്കപ്പെട്ടത്‌. കമാൽപാഷ ഖിലാഫത്ത്‌ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതോടെ ഖിലാഫത് ‌പ്രസ്ഥാനം വൻ ആശയക്കുഴപ്പത്തിലകപ്പെട്ടു. ആസാദിനെപ്പോലുള്ളവർ കോൺഗ്രസ്‌ നേതൃത്വത്തിൽ പ്രശോഭിച്ച്‌ പിൽകാലം ധന്യമാക്കിയെങ്കിലും കുറേയേറെ ഖിലാഫത്‌ നേതാക്കൾ ലക്ഷ്യം നഷ്ടപ്പെട്ടതുപോലെ രാഷ്ട്രീയ പൊതുമണ്ഡലത്തിൽ നിന്നുതന്നെ അപ്രത്യക്ഷരാവുകയാണ് ‌ചെയ്തത്‌. ഭൂതകാല സ്ഥാപനങ്ങളിൽ മതം നിർദ്ദേശിച്ചിട്ടില്ലാത്ത വിധത്തിൽ കുരുങ്ങിക്കിടന്ന് വർത്തമാനത്തിന്റെ യാഥാർത്ഥ്യങ്ങൾ നഷ്ടപ്പെടുന്ന ദുരവസ്ഥ മുസ്‌ലിം സമൂഹത്തിനില്ലാതെ നോക്കാനാണ്‌ മുസ്‌ലിം ലീഗ്‌ ശ്രമിച്ചത്‌. മുഹമ്മദ്‌ അലി ജിന്ന ആ നിലപാടിനാണ്‌ ജീവിതം കൊണ്ട് ‌അർത്ഥം നൽകിയത്‌. ജിന്നയുടെ ജീവിതം, അതുകൊണ്ടുതന്നെ, എല്ലാ ജനാധിപത്യരാജ്യങ്ങളിലെയും മുസ്‌ലിം സമൂഹങ്ങൾ ബൗദ്ധിക വിശകലനത്തിന്‌ വിധേയമാക്കേണ്ടതുണ്ട്‌.

(അവസാനിച്ചു)

Leave a Comment

Your email address will not be published. Required fields are marked *